
നദി രഞ്ജിനിയുടെ ഹർജി തള്ളിയതിന് പിന്നാലെ സിനിമാ മേഖലയിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടാനൊരുങ്ങി സർക്കാർ. റിപ്പോർട്ട് ഇന്ന് ഉച്ചയ്ക്ക് രണ്ടരയ്ക്ക് പുറത്തുവിടും. വിവരാവകാശ നിയമ പ്രകാരം അപേക്ഷിച്ച മാധ്യമപ്രവർത്തകർക്കാണ് റിപ്പോർട്ട് കൈമാറുക. വിവരാവകാശ നിയമ പ്രകാരം അപേക്ഷിച്ചവരോട് ഇന്ന് ഉച്ചയ്ക്ക് ഹാജരാകാൻ സാംസ്കാരിക വകുപ്പ് നിർദ്ദേശം നൽകി.
നടി രഞ്ജിനിയുടെ ഹർജി കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളിയതിന് പിന്നാലെയാണ് സാംസ്കാരിക വകുപ്പ് റിപ്പോർട്ട് പുറത്തുവിടുമെന്ന് അറിയിപ്പ് കൈമാറിയത്. റിപ്പോർട്ട് പുറത്ത് വിടരുതെന്ന രഞ്ജിനിയുടെ വാദം നിലനില്‍ക്കുന്നതല്ലെന്ന് കണ്ടാണ് ആവശ്യം കോടതി തള്ളിയത്. റിപ്പോർട്ട് സ്വകാര്യതയെ ബാധിക്കുന്നുവെങ്കില്‍ സിംഗിള്‍ ബെഞ്ചിനെ സമീപിക്കാമെന്ന് കോടതി വ്യക്തമാക്കി. അതേസമയം സിംഗിള്‍ ബെഞ്ചിനെ സമീപിക്കുമെന്ന് രഞ്ജിനിയുടെ അഭിഭാഷകന്‍ അറിയിച്ചു.
ജസ്റ്റിസുമാരായ എ മുഹമ്മദ് മുഷ്താഖ്, എസ് മനു എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജിയില്‍ വിധി പറഞ്ഞത്. റിപ്പോർട്ട് തടഞ്ഞ് വയ്ക്കണമെന്നാവശ്യപ്പെട്ട് സജിമോന്‍ പാറയിലും രഞ്ജിനിയും നല്‍കിയ ഹർജികള്‍ ഒരുമിച്ചാണ് കോടതി പരിഗണിച്ചത്. റിപ്പോര്‍ട്ട് പുറത്തുവിടാന്‍ അനുമതി നല്‍കിയ സിംഗിള്‍ ബെഞ്ച് വിധി റദ്ദാക്കണം. ഹേമ കമ്മിറ്റിക്ക് മുന്നില്‍ താനും മൊഴി നല്‍കിയിട്ടുണ്ട്. മൊഴി പുറത്തുവിടരുതെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും ഇക്കാര്യം പാലിക്കണമെന്നുമായിരുന്നു രഞ്ജിനിയുടെ ആവശ്യം.