കൊച്ചി: ട്രെയിൻ യാത്രികർ ഏറെ കാലമായി കാത്തിരുന്ന വന്ദേ ഭാരത് മെട്രോ സർവീസിനൊരുങ്ങുകയാണ്. വന്ദേ മെട്രോയുടെ പ്രോട്ടോടൈപ്പുമായി ചെന്നൈയിൽ നടത്തിയ പരീക്ഷണയോട്ടം വിജയകരമായി പൂർത്തീകരിച്ചതോടെ മെട്രോ സർവീസിലേക്ക് ഇന്ത്യൻ റെയിൽവേ ഒരുപടികൂടി അടുത്തു. 12 കോച്ചുകളുള്ള വന്ദേ മെട്രോ 120 കിലോമീറ്റർ വേഗതയിലാണ് പരീക്ഷണയോട്ടം വിജയകരമായി പൂർത്തിയാക്കിയത്. വൈകാതെ തന്നെ രാജ്യത്തെ വിവിധ റൂട്ടുകളിൽ മെമു ട്രെയിനുകൾക്ക് പകരം വന്ദേ മെട്രോ ഓടിത്തുടങ്ങും. മലബാറിലേതുൾപ്പെടെയുള്ള യാത്രാ ക്ലേശം പരിഹരിക്കുന്നതിനായി കേരളത്തിലേക്ക് കൂടുതൽ മെട്രോ ട്രെയിനുകൾ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നേരത്തെ വന്ദേ മെട്രോയുടെ നിർമാണം പുരോഗമിക്കുന്ന ഘട്ടത്തിൽ തന്നെ കേരളത്തിൽ ട്രെയിൻ സർവീസിന് പരിഗണിക്കാവുന്ന റൂട്ടുകളെക്കുറിച്ച് റെയിൽവേ പഠനം നടത്തിയിരുന്നു. പാലക്കാട്, തിരുവനന്തപുരം ഡിവിഷനുകളിൽ നിന്ന് അഞ്ച് റൂട്ടുകൾ വീതമായിരുന്നു അന്ന് പരിഗണിച്ചിരുന്നത്. ഇതിൽ ഏത് റൂട്ടിലാകും വന്ദേ മെട്രോ ആദ്യമെത്തേണ്ടതെന്ന് ദക്ഷിണ റെയിൽവേയാണ് തീരുമാനിക്കേണ്ടത്.
വന്ദേ മെട്രോയുടെ ആദ്യ സെറ്റിൽ 12 ട്രെയിനുകളാകും വിവിധ റൂട്ടുകളിൽ സർവീസിനെത്തുക. ഇതിൽ ഒന്ന് കേരളത്തിലായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വന്ദേ ഭാരത് എക്സ്പ്രസുകളുടെ ഒക്യുപെൻസി റേറ്റിൽ മുന്നിൽ നിൽക്കുന്ന കേരളത്തിലേക്ക് വന്ദേ മെട്രോ കൊണ്ടുവരാൻ റെയിൽവേയ്ക്കും മടിയുണ്ടാകില്ല. ഏത് റൂട്ടിലാണ് വന്ദേ മെട്രോ അവതരിപ്പിക്കുന്നതെങ്കിലും അത് ഹിറ്റായി മാറുമെന്നതിൽ സംശയങ്ങളൊന്നുമില്ല.
നിലവിൽ കേരളത്തിലെ മൂന്നു റൂട്ടുകളാണ് വന്ദേ മെട്രോ സർവീസിനായി സജീവമായി പരിഗണിക്കുന്നത്. എറണാകുളം – കോഴിക്കോട്, കോഴിക്കോട് – മംഗലാപുരം, തിരുവനന്തപുരം – എറണാകുളം എന്നിവയാണ് കേരളത്തിൽ നിന്ന് സർവീസിനായി റെയിൽവേ പരിഗണക്കുന്നവ. വന്ദേ മെട്രോയുടെ ആദ്യഘട്ടത്തിൽ ഉൾപ്പെട്ടില്ലെങ്കിലും വൈകാതെ തന്നെ ഈ മൂന്ന് റൂട്ടിലും മെട്രോ സർവീസ് ആരംഭിക്കുമെന്ന് ഉറപ്പാണ്.
വിവിധ സോണുകളിലായിട്ടാകും വന്ദേ മെട്രോ ഇന്ത്യൻ റെയിൽവേ ആദ്യഘട്ടത്തിൽ അവതരിപ്പിക്കുക. ഈ സമയത്ത് യാത്രാദുരിതം അനുഭവിക്കുന്ന കേരളത്തിന് കൂടുതൽ പരിഗണന ലഭിക്കുമെന്നാണ് കരുതുന്നത്. സംസ്ഥാനത്തെ യാത്രാ ദുരിതം പാർലമെൻറിൽ ഉൾപ്പെടെ ചർച്ചയാകുന്ന ഘട്ടത്തിൽ പുതിയ ഹൃസ്വദൂര ട്രെയിനുകൾ എത്തിയാൽ അത് ട്രെയിൻ യാത്രികർക്ക് വലിയ അനുഗ്രഹമായി മാറും.
പൂർണമായും എയർകണ്ടീഷൻ ചെയ്ത വന്ദേ മെട്രോയുടെ ആദ്യ സർവീസ് മുംബൈയിലായിരിക്കുമെന്ന റിപ്പോർട്ടുകൾ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. പാൻട്രി കാർ ഒഴികെ വന്ദേ ഭാരതിലെ എല്ലാ ആധുനിക സൗകര്യങ്ങളും വന്ദേ മെട്രോ കോച്ചുകളിലും ഉണ്ട്. ഓരോ കോച്ചിലും 100 പേർക്ക് ഇരിക്കാനും 200 പേർക്ക് നിന്ന് യാത്ര ചെയ്യാനും കഴിയുമെന്നതാണ് വന്ദേ മെട്രോയുടെ പ്രധാന സവിശേഷത.