
വയനാട്ടിൽ ഭൂമിക്കടിയിൽ നിന്ന് വലിയ മുഴക്കവും നേരിയ കുലുക്കവും അനുഭവപ്പെട്ടതായി പ്രദേശവാസികൾ. നെന്മേനി വില്ലേജിലെ സ്ഥലങ്ങളിൽ രാവിലെ 10 മണിയോടെയാണ് സംഭവം. ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ സംഭവം സ്ഥിരീകരിച്ചിട്ടുണ്ട്. വിവരമറിഞ്ഞ് റവന്യൂ ഉദ്യോഗസ്ഥർ സ്ഥലത്തേക്ക് പുറപ്പെട്ടു. എന്നാൽ പ്രദേശത്ത് ഭൂകമ്പ സൂചനകളില്ലെന്ന കേരള ഡിസാസ്റ്റർ മാനേജ്മെൻ്റ് അതോറിറ്റി അറിയിച്ചു. ജില്ലാ കളക്ട്രേറ്റിൽ നിന്നാണ് ഉദ്യോഗസ്ഥർ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ടെന്ന് ജില്ലാ പഞ്ചായത്ത് അധ്യക്ഷൻ ഷംഷാദ് മരക്കാർ അറിയിച്ചു. നെന്മേനി വില്ലേജിലെ പടിപ്പറമ്പ്, അമ്പുകുത്തി, അമ്പലവയൽ എന്നിവിടങ്ങളിലാണ് കുലുക്കം അനുഭവപ്പെട്ടത്. ആദ്യം കേട്ട ശബ്ദം ഇടിവെട്ടിയതാവാമെന്നാണ് നാട്ടുകാർ പലരും കരുതിയത്. എന്നാൽ അതല്ലെന്ന് പിന്നീട് മനസിലായി. ഉഗ്ര ശബ്ദത്തിന് പിന്നാലെ ഭൂമി കുലുങ്ങുകയും ചെയ്തതോടെ ജനം പരിഭ്രാന്തരായി വീടുകളിൽ നിന്ന് പുറത്തേക്ക് ഓടിയതായും നാട്ടുകാർ പറയുന്നു. എന്നാൽ നാശനഷ്ടം ഉണ്ടായതായി വിവരം ഇതുവരെയില്ല. എല്ലാവർക്കും ഒരേപോലെ ഈ അനുഭവം നേരിട്ടതിനാൽ അമ്പലവയൽ എടക്കൽ ജിഎൽപി സ്കൂളിന് അവധി നൽകി. കുട്ടികളെ വീടുകളിലേക്ക് തിരിച്ചയച്ചു. മുൻകരുതൽ നടപടിയെന്ന നിലയിലാണ് തീരുമാനമെടുത്തതെന്ന് സ്കൂളിലെ അധ്യാപകർ അറിയിച്ചു. എടയ്ക്കൽ ഗുഹ ഉൾപ്പെടുന്ന മേഖലയിലാണ് ഈ അനുഭവം ഉണ്ടായത്. ബാണാസുര മലയോട് ചേർന്ന പ്രദേശത്തും ഇതേ അനുഭവം ഉണ്ടായിട്ടുണ്ട്.