വയനാട് ഉരുൾപൊട്ടൽ; മരണസംഖ്യ ഉയരുന്നു, കാണാതായവർ 225 പേരെന്ന് ഔദ്യോഗിക കണക്ക്; രക്ഷാപ്രവർത്തനം തുടരുന്നു

വയനാട് ഉരുൾപൊട്ടൽ; മരണസംഖ്യ ഉയരുന്നു, കാണാതായവർ 225 പേരെന്ന് ഔദ്യോഗിക കണക്ക്; രക്ഷാപ്രവർത്തനം തുടരുന്നു

വയനാട്ടിലെ ഉരുൾപൊട്ടലിൽ മരണസംഖ്യ ഉയരുന്നു. 89 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ദുരന്തത്തിൽ 225 പേരെ കാണാതായതായി ഔദ്യോഗിക കണക്ക് റവന്യൂ വകുപ്പ് അറിയിച്ചു. ഇനിയും നിരവധി ആളുകളെ കണ്ടെത്താനുണ്ട്. 3069 പേരാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത്. രക്ഷാപ്രവർത്തനം തുടരുകയാണ്. അതേസമയം മുണ്ടക്കൈ ഭാഗത്ത്‌ വെള്ളം ഉയരുന്നതായി രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ട ആർമി വ്യക്തമാക്കി. രക്ഷാദൗത്യത്തിൽ ഏർപ്പെട്ടവർ ഒഴികെ മറ്റെല്ലാവരും ഒഴിഞ്ഞു പോകണമെന്ന് ആർമി ആവശ്യപ്പെട്ടു. മുണ്ടക്കൈയിലെ രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാകുന്നത് മഴയാണ്. ഇടവിട്ട് പെയ്യുന്ന കനത്ത മഴ രക്ഷാ പ്രവർത്തനത്തിന് തടസ്സം സൃഷ്ടിക്കുകയാണ്. മുണ്ടക്കൈയിലേക്കുള്ള പാലം പാടെ തകർന്നതും രക്ഷാപ്രവർത്തനത്തിന് തടസ്സം സൃഷ്ഠിക്കുകയാണ്. ഇവിടെ നിന്നും കുറച്ച് പേരെ റോപ്പ് വഴി പുറത്തെത്തിച്ചിരുന്നു. ഉടൻ തന്നെ അങ്ങോട്ടേക്കുള്ള പാലം പണിയാനാകുമെന്നാണ് വിലയിരുത്തുന്നത്. പ്രതികൂല കാലാവസ്ഥയിലും സൈന്യവും നാട്ടുകാരും സന്നദ്ധസംഘങ്ങളും ചേർന്ന് നടത്തുന്ന രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

അട്ടമല മാനേജരുടെ ബംഗ്ലാവിന് താഴെവശത്ത് നിരവധി മൃതദേഹങ്ങൾ കുടുങ്ങിക്കിടക്കുന്നതായി രക്ഷാപ്രവർത്തകർ അറിയിച്ചു. രക്ഷാപ്രവർത്തന ഉപകരണങ്ങൾ ഇല്ലാതെ ഇവരെ പുറത്തെത്തിക്കാൻ കഴിയില്ലെന്നും രക്ഷാപ്രവർത്തകർ പറയുന്നു. അതിനിടെ പുഞ്ചിരമട്ടത്ത് 50 ലധികം വീടുകൾ മണ്ണിനടിയിലെന്ന് മുൻ എംഎൽഎ സി കെ ശശീന്ദ്രൻ പറഞ്ഞു. എത്രപേർ അകപ്പെട്ടു എന്നതിൽ കൃത്യമായ കണക്കില്ലെന്നും ശശീന്ദ്രൻ അറിയിച്ചു.ദുരന്തമുണ്ടായി ഒരു ദിവസത്തിന് ശേഷം മാത്രം മുണ്ടക്കൈയ്യിലേക്ക് രക്ഷാപ്രവർത്തകർ എത്തിയപ്പോൾ അവിടെ കണ്ടത് ചെളിയും പാറക്കല്ലുകളും കടപുഴകിയ മരങ്ങളും അങ്ങിങ്ങായി ഉടമകളെ തേടിയലയുന്ന കുറച്ച് വളർത്തു മൃഗങ്ങളെയും മാത്രമാണ്. അതെ മുണ്ടക്കൈയ്യിൽ ഇനി ഒന്നും ബാക്കിയില്ല, പൂർണ്ണമായും തകർന്നടിഞ്ഞ വീടുകൾ, വാഹനങ്ങൾ, ഉരുൾപൊട്ടലിൽ രൂപപ്പെട്ട മൺകൂനകൾ, അതിനുമപ്പുറം മണ്ണിനടിയിൽ പുതഞ്ഞുകിടക്കുന്ന മൃതശരീരങ്ങളും.

ഇന്നലെ കണ്ടതിനേക്കാൾ ഭീകരമായ കാഴ്ചകളാണ് ഇന്ന് മുണ്ടക്കൈയ്യിൽ നിന്നും കേരളം കാണുന്നത്. വലിയ പാറക്കല്ലുകൾക്കും മൺകൂനകൾക്കും അടിയിൽ തകർന്നടിഞ്ഞ വീടുകളിൽ നിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തുന്നത്. പത്തും ഇരുപതും മൃതദേഹങ്ങൾ ഒരേ വീട്ടിൽ. രക്ഷ തേടി സ്വന്തം വീടുപേക്ഷിച്ച് അടച്ചുറപ്പുള്ള മറ്റു വീടുകളിലേക്ക് ഓടി കയറിയവരാവാം ഇതിൽ മിക്കവരും. എന്നാൽ അടച്ചുറപ്പുള്ള വീടുകൾക്കോ രണ്ടു നില വീടുകൾക്കോ ഒന്നും ഈ വലിയ ദുരന്തത്തെ നേരിടാനായില്ല.

അതേസമയം വയനാട്ടിൽ ഭക്ഷ്യധാന്യം ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ അറിയിച്ചു. പെട്രോൾ പമ്പുകളിൽ ഇന്ധനം സ്റ്റോക്ക് ചെയ്തിട്ടുണ്ട്. മണ്ണെണ്ണ നാളെ മുതൽ വിതരണം ചെയ്യും. ദുരന്തമേഖലയിലെ രണ്ട് റേഷൻ കടകൾക്ക് പ്രവർത്തിക്കാൻ കഴിയാത്ത അവസ്ഥയാണ്. റേഷൻ ധാന്യങ്ങൾ വാങ്ങാത്ത ഉപഭോക്താക്കൾക്ക് ഇന്ന് മറ്റൊരു റേഷൻകട വഴി വിതരണം ചെയ്യുമെന്നും ക്യാമ്പുകളിൽ സപ്ലൈകോ ആവശ്യമായ ഉൽപ്പന്നങ്ങൾ എത്തിക്കുമെന്നും മന്ത്രി അറിയിച്ചു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *