തിരുവനന്തപുരം: സംസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞെങ്കിലും വരുന്ന അഞ്ച് ദിവസം കൂടി സംസ്ഥാനത്ത് മഴ തുടരുമെന്ന് മുന്നറിയിപ്പ്. ശനിയാഴ്ചയോടെ മഴ കനക്കാനുള്ള സാധ്യതയാണുള്ളത്. മൂന്ന് ജില്ലകളിൽ ശനിയാഴ്ച യെല്ലോ അലേർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ശനിയാഴ്ച മുതൽ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.
ഒരു ജില്ലകളിലും ഇന്ന് അലേർട്ടുകൾ നൽകിയിട്ടില്ല. മഴയുടെ തീവ്രത കുറഞ്ഞതിനാൽ റെഡ്, ഓറഞ്ച് അലേർട്ടുകൾ ഒരു ജില്ലയിലും നൽകിയിട്ടില്ല. വരും മണിക്കൂറിൽ ആലപ്പുഴ, എറണാകുളം, കോഴിക്കോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും (5-15mm/ hour) മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
വരും ദിവസങ്ങളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ച തീയതികളും ജില്ലകളും
10/08/2024: ഇടുക്കി, പാലക്കാട്, മലപ്പുറം.
11/08/2024: പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട്.
12/08/2024: പത്തനംതിട്ട, ഇടുക്കി, പാലക്കാട്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളിൽ പ്രവചിക്കപ്പെട്ടിരിക്കുന്നത്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. സംസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞു. ഒറ്റപ്പെട്ട നേരിയ മഴ മാത്രമാണ് എല്ലാ ജില്ലകളിലും ലഭിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ചിരുന്ന മലയോര ജില്ലകളിലടക്കം മഴയുടെ ശക്തി കുറഞ്ഞു. ഒറ്റപ്പെട്ട മഴയാണ് ഈ ജില്ലകളിലും ലഭിക്കുന്നത്
ഈ മാസം പകുതിയോടെ സംസ്ഥാനത്ത് മഴ കനക്കാനുള്ള സാധ്യതകളാണ് നിലവിലുള്ളത്. കേരള തീരത്ത് ഇന്ന് രാത്രി 08.30 വരെ 1.3 മുതൽ 2.2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. തമിഴ്‌നാട് തീരത്ത് ഇന്ന് (08/08/2024) രാത്രി 11.30 വരെ 2.0 മുതൽ 2.3 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം വ്യക്തമാക്കി.
ലക്ഷദ്വീപ് (ആന്ത്രോത്ത്, കവരത്തി, മിനിക്കോയ്) തീരങ്ങളിൽ കള്ളക്കടൽ പ്രതിഭാസത്തിനു സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കണം.