വാട്‌സ്ആപ്പ്, ഫേസ്ബുക്ക് അക്കൗണ്ടുകള്‍ സര്‍ക്കാര്‍ നിരീക്ഷണത്തിലോ, കോളുകള്‍ റെക്കോര്‍ഡ് ചെയ്യുന്നോ? സത്യമറിയാം

വാട്‌സ്ആപ്പ്, ഫേസ്ബുക്ക് അക്കൗണ്ടുകള്‍ സര്‍ക്കാര്‍ നിരീക്ഷണത്തിലോ, കോളുകള്‍ റെക്കോര്‍ഡ് ചെയ്യുന്നോ? സത്യമറിയാം

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലെ അക്കൗണ്ടുകള്‍ കേന്ദ്ര സര്‍ക്കാര്‍ നിരീക്ഷിക്കുന്നതായും ഫോണ്‍ കോളുകള്‍ റെക്കോര്‍ഡ് ചെയ്യുന്നതായുമാണ് പ്രചാരണം

ദില്ലി: പുതിയ കമ്മ്യൂണിക്കേഷന്‍ നിയമത്തിന്‍റെ അടിസ്ഥാനത്തില്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും ഫോണ്‍ കോളുകളും കേന്ദ്ര സര്‍ക്കാര്‍ നിരീക്ഷിക്കും എന്നൊരു സന്ദേശം വാട്‌സ്ആപ്പില്‍ പലര്‍ക്കും ലഭിച്ചുകാണും. വാട്‌സ്ആപ്പില്‍ അയക്കുന്ന മെസേജുകള്‍ക്ക് താഴെ വരുന്ന ടിക് മാര്‍ക്ക് നോക്കി ഇക്കാര്യം മനസിലാക്കാന്‍ കഴിയും എന്ന തരത്തിലാണ് സന്ദേശം വ്യാപകമായിരിക്കുന്നത്. എന്താണ് ഇതിന്‍റെ വസ്‌തുത എന്ന് പരിശോധിക്കാം. 

പ്രചാരണം

വാട്‌സ്ആപ്പ്, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, എക്‌സ് അടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലെ അക്കൗണ്ടുകള്‍ കേന്ദ്ര സര്‍ക്കാര്‍ നിരീക്ഷിക്കുന്നതായും ഫോണ്‍ കോളുകള്‍ റെക്കോര്‍ഡ് ചെയ്യുന്നതായുമാണ് പ്രചരിക്കുന്ന സന്ദേശത്തിലുള്ളത്. വാട്‌സ്ആപ്പ് സര്‍ക്കാര്‍ നിരീക്ഷണത്തിലാണോ എന്ന് ടിക് മാര്‍ക്കുകള്‍ നോക്കിയാല്‍ മനസിലാക്കാം എന്ന് സന്ദേശത്തില്‍ വിശദീകരിക്കുന്നു. 

വസ്‌തുത

വാട്‌സ്ആപ്പില്‍ വ്യാപകമായി പ്രചരിക്കുന്ന ഈ സന്ദേശം വ്യാജമാണ് എന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫാക്ട് ചെക്ക് വിഭാഗം വ്യക്തമാക്കി. സാമൂഹ്യമാധ്യമങ്ങളും ഫോണ്‍ കോളുകളും കേന്ദ്ര സര്‍ക്കാര്‍ നിരീക്ഷിക്കുമെന്ന തരത്തിലുള്ള സന്ദേശം ഇതാദ്യമായല്ല വാട്‌സ്ആപ്പില്‍ വൈറലായിരിക്കുന്നത്. സമാന തരത്തിലുള്ള സന്ദേശം 2019ലും 2021ലും 2022ലും 2024ന്‍റെ തുടക്കത്തിലുമെല്ലാം പ്രചരിച്ചിരുന്നതാണ്. എന്നാല്‍ സന്ദേശം വ്യാജമാണ് എന്ന് വ്യക്തമാക്കി അന്നും പിഐബി ഫാക്ട് ചെക്ക് വിഭാഗം രംഗത്തെത്തിയതാണ്.  

വൈറല്‍ സന്ദേശത്തില്‍ വാട്‌സ്‌ആപ്പിലെ ടിക് മാര്‍ക്കുകളെ കുറിച്ച് പറയുന്ന ഭാഗത്തിലെ പൊള്ളത്തരങ്ങള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പേ പൊളിഞ്ഞതാണ്. ഇപ്പോള്‍ ഹിന്ദിയിലും ഇംഗ്ലീഷിലും പ്രചരിക്കുന്ന സന്ദേശം അന്ന് മലയാളം കുറിപ്പോടെ പ്രചരിച്ചിരുന്നതാണ്. അന്താരാഷ്‌ട്ര മാധ്യമമായ ബിബിസിയുടെ വാര്‍ത്ത എന്ന പേരിലാണ് അന്ന് ഈ സന്ദേശം പ്രചരിച്ചിരുന്നത്. 2019ന് മുമ്പ് 2015ലും 2018ലും സമാന സന്ദേശം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരുന്നു എന്ന് മുമ്പ് തെളിഞ്ഞതാണ്. 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *