
വയനാട് ഉരുള്‍ പൊട്ടലില്‍ ദുരിത ബാധിതരായവരെ പുനരധിവസിപ്പിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും ഇത് സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പുനരധിവാസത്തിന്റെ വിവിധ വശങ്ങള്‍ ദുരന്തബാധിത പ്രതികരണ രംഗത്തെ വിദഗ്ധരുമായും ദുരന്ത മേഖലയിലെ ജനപ്രതിനിധികളുമായും ചര്‍ച്ച ചെയ്യാന്‍ സംസ്ഥാന ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. ബന്ധപ്പെട്ട എല്ലാവരുടെയും അഭിപ്രായങ്ങള്‍ശേഖരിച്ച ശേഷമാണ്, പുനരധിവാസ പദ്ധതിക്ക് അന്തിമ രൂപം നല്‍കുക.
ദുരന്ത ബാധിത മേഖലയില്‍ 729 കുടുംബങ്ങളായിരുന്നു ക്യാംപുകളില്‍ ഉണ്ടായിരുന്നത്. നിലവില്‍ 219 കുടുംബങ്ങള്‍ ക്യാമ്പുകളില്‍ കഴിയുന്നു. മറ്റുള്ളവര്‍ വാടക വീട് കണ്ടെത്തി അങ്ങോട്ടേക്കോ കുടുംബവീടുകളിലേക്കോ മാറിയിട്ടുണ്ട്. ഇവര്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച വാടക നല്‍കും. 75 സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്‌സുകള്‍ അറ്റകുറ്റപ്പണി നടത്തി താമസയോഗ്യമാക്കി. ഇവയില്‍ 83 കുടുംബങ്ങളെ താമസിപ്പിക്കാം. സര്‍ക്കാര്‍ കണ്ടെത്തിയ 177 വീടുകള്‍ വാടകയ്ക്ക് നല്‍കാന്‍ ഉടമസ്ഥര്‍ തയ്യാറായിട്ടുണ്ട്. അതില്‍ 123 എണ്ണം ഇപ്പോള്‍ തന്നെ മാറിത്താമസിക്കാന്‍ യോഗ്യമാണ്. 105 വാടക വീടുകള്‍ ഇതിനകം അനുവദിച്ചു നല്‍കിയിട്ടുണ്ട്. 22 കുടുംബങ്ങള്‍ അങ്ങനെ താമസം തുടങ്ങി. മാറിത്താമസിക്കാന്‍ ബാക്കിയുള്ളവര്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടിട്ടുണ്ട്. വീടുകള്‍ കണ്ടെത്തി നല്‍കുന്നതില്‍ കാര്യമായ തടസ്സം ഇല്ല.
179 പേരുടെ മൃതദേഹങ്ങളാണ് ഇതുവരെ തിരിച്ചറിഞ്ഞത്. 17 കുടുംബങ്ങളില്‍ ഒരാളും അവശേഷിക്കുന്നില്ല. ഈ കുടുംബത്തില്‍ നിന്ന് 65 പേരാണ് മരണമടഞ്ഞത്. 5 പേരുടെ നെക്സ്റ്റ് ഓഫ് കിന്‍-നെ കണ്ടെത്താനാവാത്ത സ്ഥിതിയാണ്. ഡി എന്‍ എ പരിശോധനാ ഫലത്തിനായി കാത്തിരിക്കുന്നു.
മരണപ്പെട്ട 59 പേരുടെ ആശ്രിതര്‍ക്ക് എസ് ഡി ആര്‍ എഫില്‍ നിന്നും 4 ലക്ഷവും സി എം ഡി ആര്‍ എഫില്‍ നിന്നും 2 ലക്ഷവും അടക്കം 6 ലക്ഷം രൂപ വീതം ഇതിനകം വിതരണം ചെയ്തു.691 കുടുംബങ്ങള്‍ക്ക് അടിയന്തര ധനസഹായമായി 10,000 രൂപ വീതം വിതരണം ചെയ്തു. ഇതിനു പുറമെ 172 പേരുടെ മരണാനന്തര ചടങ്ങുകള്‍ക്കായി 10,000 രൂപ വീതം കുടുംബങ്ങള്‍ക്ക് കൈമാറി.
119 പേരെയാണ് ഇനി കണ്ടെത്താന്‍ അവശേഷിക്കുന്നത്. കണ്ടെത്തെത്താന്‍ അവശേഷിക്കുന്നവരുടെ ബന്ധുക്കളില്‍ നിന്നും 91 പേരുടെ ഡി എന്‍ എ സാമ്പിളുകള്‍ ശേഖരിച്ചു പരിശോധനയ്ക്ക് അയച്ചു.
ജീവിതോപാധികള്‍ നഷ്ടപ്പെട്ട് അതിജീവനത്തിനായി പൊരുതുന്ന ഹതഭാഗ്യരെ ജീവിതത്തിലേയ്ക്ക് തിരികെ കൊണ്ടുവരാന്‍ കേരളത്തിലെ ബാങ്കുകളുടെ പിന്തുണ അനിവാര്യമാണ്. കാര്‍ഷിക വൃത്തിയായിരുന്നു ആ ജനതയുടെ പ്രധാന വരുമാനമാര്‍ഗം. അതിനായും വിദ്യാഭ്യാസം, പാര്‍പ്പിടം തുടങ്ങി മറ്റു പല ആവശ്യങ്ങള്‍ക്കായും ലോണുകള്‍ എടുത്തവരാണതില്‍ ഭൂരിഭാഗം പേരും. എന്നാല്‍ ഇന്ന് അവര്‍ക്ക് ആ വീടുകള്‍ നഷ്ടപ്പെട്ടിരിക്കുന്നു, കൃഷിഭൂമി നാമാവശേഷമായിരിക്കുന്നു, അനേകം പേര്‍ ഉറ്റവര്‍ നഷ്ടപ്പെട്ട് ഒറ്റപ്പെട്ടു പോയിരിക്കുന്നു. ഈ സാഹചര്യത്തില്‍ ലോണുകള്‍ എഴുതിത്തള്ളണമെന്ന നിര്‍ദേശം ഇന്നലെ നടന്ന സ്റ്റേറ്റ് ലവല്‍ ബാങ്കേഴ്‌സ് സമിതി യോഗത്തില്‍ വെച്ചു.
വായ്പ്കള്‍ പൂര്‍ണ്ണമായും എഴുതിത്തള്ളുന്ന കാര്യം അതാത് ബാങ്കുകളുടെ ബോര്‍ഡുകളില്‍ അവതരിപ്പിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. ദുരന്ത മേഖലയിലുള്ളവരില്‍ നിന്നും ജൂലൈ 30 ന് ശേഷം പിടിച്ച ഇ.എം.ഐകള്‍ അതാത് ബാങ്ക് അക്കൗണ്ടുകളിലേക്ക് തിരിച്ചടക്കണമെന്ന് സ്റ്റേറ്റ് ലെവല്‍ ബാങ്കേഴ്‌സ് കമ്മിറ്റി ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ദുരന്തമുണ്ടായതിന് ശേഷവും പല വിധത്തിലുള്ള തിരിച്ചടവുകള്‍ നടത്തേണ്ടി വന്നവര്‍ക്ക് സാമ്പത്തിക പിന്തുണ നല്‍കാനാണ് ഈ തീരുമാനമെടുത്തത്.
കാര്‍ഷികവും കാര്‍ഷികേതര ആവശ്യങ്ങള്‍ക്കുമായി എടുത്ത നിലവിലെ എല്ലാ ലോണുകളും എത്രയും പെട്ടെന്ന് റീസ്ട്രക്ചര്‍ ചെയ്യുമെന്ന് യോഗം തീരുമാനിച്ചു. ഇ.എം.ഐ തിരിച്ചടവില്‍ ഉള്‍പ്പെടെ വരുന്ന മാറ്റം ദുരന്തബാധിത മേഖലയിലുള്ളവര്‍ക്ക് അടിയന്തര ആശ്വാസം പകരുന്ന വിധത്തിലായിരിക്കും. അതോടൊപ്പം പുതിയലോണുകള്‍ നിബന്ധനകള്‍ ലഘൂകരിച്ച് നല്‍കുന്നതിനാവശ്യമായ തീരുമാനങ്ങളും കൈക്കൊള്ളും.
പെട്ടെന്നുള്ള ആശ്വാസത്തിനായി സെക്യൂരിറ്റിയില്ലാതെ 25,000 രൂപ വരെയുള്ള കണ്‍സംഷന്‍ ലോണുകള്‍ നല്‍കാനും തീരുമാനമായിട്ടുണ്ട്. 30 മാസമായിരിക്കും ഈ ലോണിന്റെ തിരിച്ചടവ് സമയം. ദുരന്തമേഖലയില്‍ ഉള്ള എല്ലാ റിക്കവറി നടപടികളും തല്‍ക്കാലം നിര്‍ത്തിവയ്ക്കാനും യോഗത്തില്‍ തീരുമാനമായി. ദുരിതബാധിതര്‍ക്ക് നല്‍കുന്ന സാമ്പത്തിക സഹായം അവരുടെ നിലനില്‍ക്കുന്ന സാമ്പത്തിക ബാധ്യതകള്‍ക്കുള്ള തിരിച്ചടവാക്കി മാറ്റില്ല. ലഭ്യമാക്കുന്ന എല്ലാ സഹായവും ദുരിതബാധിതരിലേക്ക് കൃത്യമായി എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ഇതുവഴി സാധിക്കും. ദുരന്തമേഖലയില്‍ നിന്നുള്ളവരുടെ ബാങ്ക് അക്കൗണ്ടുകളുമായി ബന്ധപ്പെട്ടുള്ള നാഷണല്‍ ഓട്ടോമേറ്റഡ് ക്ലിയറിംഗ് ഹൗസ് മാന്‍ഡേറ്റുകള്‍ അവര്‍ക്ക് സാമ്പത്തികമായ സമ്മര്‍ദ്ദം ഉണ്ടാക്കുന്നത് ഒഴിവാക്കാന്‍ റിവ്യൂ ചെയ്യുന്നതിനും യോഗത്തില്‍ തീരുമാനമെടുത്തു
വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഓണം വാരാഘോഷ പരിപാടി ഒഴിവാക്കിയിട്ടുണ്ട്.
ഓണം കേരളത്തിന്റെയാകെ ഉത്സവമാണ്. എല്ലാ ജനവിഭാഗങ്ങളും ഒത്തുചേരുന്ന ഓണാഘോഷം നാടിന്റെ ഐക്യത്തിന്റേയും സാഹോദര്യത്തിന്റെയും പ്രതിഫലനമാണ്. വയനാടിനായി നമ്മള്‍ എപ്പോഴത്തേക്കാളും ഒരുമിച്ചു നില്‍ക്കേണ്ട ഈ ഘട്ടത്തില്‍ അതിനുള്ള ഊര്‍ജ്ജവും പ്രചോദനവും നല്‍കാന്‍ ഓണത്തിനു സാധിക്കും. ആ സന്ദേശം ഉള്‍ക്കൊണ്ട് മാനവഹൃദയങ്ങളാകെ ഒരുമിക്കുന്ന മനോഹര സന്ദര്‍ഭമാകട്ടെ ഇത്തവണത്തെ ഓണാഘോഷമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ നാടിന്റെ നാനാഭാഗത്തുനിന്നും നിര്‍ലോപമായ സഹായസഹകരണങ്ങള്‍ ആണ് ലഭിക്കുന്നത്. കുട്ടികളുടെ നാണയത്തുട്ടുകള്‍ മുതല്‍ കോടികള്‍ വരെയുള്ള സംഭാവനകള്‍ വരുന്നുണ്ട്. ശസ്ത്രക്രിയക്കായി മാറ്റിവെച്ച തുക സംഭാവന ചെയ്തവരുണ്ട്. മരണാനന്തരചടങ്ങുകള്‍ക്കും വിവാഹത്തിനുമായി സ്വരുക്കൂട്ടി വച്ച തുക സംഭാവന ചെയ്ത കുടുംബങ്ങള്‍ ഉണ്ട്.
കേരള കത്തോലിക്ക ബിഷപ്പ് കൗണ്‍സില്‍ സര്‍ക്കാരിന്റെ ദുരിതാശ്വാസ പദ്ധതികള്‍ക്ക് പ്രോത്സാഹനമായി കൂടെ നിന്ന് സഹകരിക്കുമെന്നും അതിന്റെ ഭാഗമായി 100 വീടുകള്‍ പുഃരധിവാസത്തിനായി നിര്‍മ്മിച്ച് നല്‍കുമെന്നും അറിയിച്ചിട്ടുണ്ട്. വീടും വരുമാന മാര്‍ഗ്ഗവും നഷ്ടപ്പെട്ട കുംബങ്ങള്‍ക്ക് അടിയന്തിര സാമ്പത്തിക സഹായം നല്‍കുമെന്നും കെ.സി.ബി.സി പ്രസിഡന്റ് കര്‍ദ്ദിനാള്‍ ബസേലിയോസ് ക്ലീമിസ് ബാവ അറിയിച്ചിട്ടുണ്ട്