പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും പ്രശംസിച്ച് സംസാരിച്ചതിന് യുവതിയെ മുത്തലാഖ് ചൊല്ലിയതായി പരാതി. ഉത്തര്‍പ്രദേശിലെ അയോധ്യയിലാണ് സംഭവം നടന്നത്. മറിയം എന്ന യുവതിയാണ് തന്റെ ഭര്‍ത്താവായ അര്‍ഷാദിനെതിരെ ജര്‍വാല്‍ റോഡ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.
ബഹ്‌റായിച്ച് സ്വദേശിയായ മറിയത്തെ 2023 ഡിസംബര്‍ 13ന് ആണ് അര്‍ഷാദ് വിവാഹം ചെയ്തത്. ഭര്‍ത്താവിനൊപ്പം നഗരത്തിലെത്തിയ യുവതി അയോധ്യയിലെ വികസനത്തെ കുറിച്ചും മികച്ച റോഡുകളെ കുറിച്ചും വാചാലയായി. പിന്നാലെ പ്രധാനമന്ത്രിയെയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും പ്രശംസിച്ച് സംസാരിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു.
നരേന്ദ്ര മോദിയെയും യോഗി ആദിത്യ നാഥിനെയും പ്രശംസിച്ച് സംസാരിച്ചതില്‍ പ്രകോപിതനായ അര്‍ഷാദ് മറിയത്തെ മര്‍ദ്ദിച്ചതായും തിളച്ച ഡാല്‍ കറിയെടുത്ത് ദേഹത്ത് ഒഴിച്ചതായും പരാതിയില്‍ ആരോപിക്കുന്നുണ്ട്. ഇതിന് പിന്നാലെ ആയിരുന്നു യുവതിയെ അര്‍ഷാദ് മുത്തലാഖ് ചൊല്ലിയതെന്നും പരാതിയില്‍ പറയുന്നു.
മൊഴിചൊല്ലിയതിന് പിന്നാലെ മറിയത്തെ കൊലപ്പെടുത്താന്‍ അര്‍ഷാദിന്റെ കുടുംബം ശ്രമിച്ചതായും ആരോപണമുണ്ട്. അര്‍ഷാദിന്റെ കുടുംബത്തിലെ ഏഴ് അംഗങ്ങളെയും കേസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അര്‍ഷാദിന്റെ മാതാവും സഹേദരിമാരും സഹോദരിമാരുടെ ഭര്‍ത്താക്കന്മാരും ഉള്‍പ്പെടെ കുടുംബത്തിലെ ഏഴ് പേരാണ് മറ്റ് പ്രതികള്‍.
2017 ഓഗസ്റ്റ് 22ന് സുപ്രീംകോടതി മുത്തലാഖ് നിയമ വിരുദ്ധമാണെന്ന് വിധി പ്രസ്താവിച്ചിരുന്നു. മൂന്ന് തവണ തലാഖ് ചൊല്ലി വിവാഹ ബന്ധം വേര്‍പെടുത്തുന്നതാണ് മുത്തലാഖ്. ഇത് സ്ത്രീ വിരുദ്ധവും അനീതിയുമാണെന്ന വിലയിരുത്തലില്‍ ആയിരുന്നു കോടതി മുത്തലാഖ് നിയമം മൂലം നിരോധിച്ചത്.