വിനേഷ് ഫോഗട്ടിന്റെ മെഡല്‍ സാധ്യത അവസാനിച്ചിട്ടില്ല; അപ്പീല്‍ കായിക കോടതിയുടെ പരിഗണനയില്‍; ഇന്ന് ഇടക്കാല വിധി

വിനേഷ് ഫോഗട്ടിന്റെ മെഡല്‍ സാധ്യത അവസാനിച്ചിട്ടില്ല; അപ്പീല്‍ കായിക കോടതിയുടെ പരിഗണനയില്‍; ഇന്ന് ഇടക്കാല വിധി

പാരീസ് ഒളിമ്പിക്സ് (Paris 2024 Olympics) ഗുസ്തിയില്‍ ഫൈനലിലെത്തിയ ശേഷം അയോഗ്യയാക്കപ്പെട്ട ഇന്ത്യയുടെ വിനേഷ് ഫോഗട്ടിന്റെ (Vinesh Phogat) മെഡല്‍ സാധ്യത പൂര്‍ണമായും അവസാനിച്ചിട്ടില്ല. ഫൈനലിലെത്തുന്നത് വരെ അയോഗ്യത ഉണ്ടായിരുന്നില്ല എന്നതിനാല്‍ വെള്ളി മെഡലിന് അര്‍ഹതയുണ്ടെന്ന് കാണിച്ച് താരം കായിക കോടതിയെ സമീപിച്ചിരിക്കുകയാണ്. ഫൈനല്‍ മല്‍സരത്തിനിറങ്ങാന്‍ അവസരം ലഭിക്കാത്തതിനാല്‍ സ്വര്‍ണ മെഡല്‍ നല്‍കിയില്ലെങ്കിലും വെള്ളി മെഡല്‍ പങ്കിടണമെന്നാണ് ഹരജിയില്‍ ഉന്നയിച്ചിരിക്കുന്ന ആവശ്യം.

അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ നടപടിക്കെതിരെ വിനേഷ് ഫോഗട്ട് കോര്‍ട്ട് ഓഫ് ആര്‍ബിട്രേഷന്‍ ഫോര്‍ സ്പോര്‍ട്സില്‍ (സിഎഎസ്) ആണ് അപ്പീല്‍ നല്‍കിയത്. കോടതി ഇന്ന് ഇടക്കാല വിധി പുറപ്പെടുവിച്ചേക്കും.

50 കിലോഗ്രാം വിഭാഗത്തില്‍ അനുവദനീയമായ പരിധിയേക്കാള്‍ വിനേഷ് ഫോഗട്ടിന് 100 ഗ്രാം കൂടുതല്‍ ഭാരമുള്ളതിനാല്‍ അയോഗ്യത കല്‍പ്പിക്കുകയായിരുന്നു. ഫൈനല്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കണമെന്നാണ് താരം ആദ്യം ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ അപ്പീല്‍ പരിഷ്‌കരിക്കുകയും വെള്ളി മെഡല്‍ പങ്കിടണമെന്ന ആവശ്യം മുന്നോട്ടുവയ്ക്കുകയുമായിരുന്നു.

വിനേഷ് ഫോഗട്ട് കോര്‍ട്ട് ഓഫ് ആര്‍ബിട്രേഷന്‍ ഫോര്‍ സ്പോര്‍ട്സിനെ സമീപിച്ചതായി ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ ഉദ്യോഗസ്ഥന്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് സ്ഥിരീകരിച്ചു. വിനേഷ് ഫോഗട്ടിനൊപ്പമുള്ളവരാണ് കോടതിയില്‍ ഹരജി സമര്‍പ്പിച്ചതെന്നും ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി.

അനുവദനീയമായതിനേക്കാള്‍ കൂടുതലാണെന്ന് കണ്ടെത്തിയതോടെ മല്‍സരത്തിന് മുമ്പായി ശരീരഭാരം കുറയ്ക്കാന്‍ വിനേഷ് ഫോഗട്ട് കടുത്ത നടപടികള്‍ സ്വീകരിച്ചിരുന്നു. ഇതേ തുടര്‍ന്ന് കടുത്ത നിര്‍ജ്ജലീകരണം സംഭവിക്കുകയും താരത്തെ ഗെയിംസ് വില്ലേജിലെ പോളിക്ലിനിക്കിലെത്തിച്ച് ചികില്‍സ ലഭ്യമാക്കുകയും ചെയ്തിരുന്നു. പട്ടിണി കിടക്കുക, വെള്ളം പോലും കുടിക്കാതിരിക്കുക, രാത്രി മുഴുവന്‍ ഉറങ്ങാതിരിക്കുക തുടങ്ങി ശരീരഭാരം കുറയ്ക്കാന്‍ നിരവധി കാര്യങ്ങള്‍ അവര്‍ ചെയ്തിരുന്നു. ഇതാണ് കടുത്ത നിര്‍ജ്ജലീകരണത്തിന് കാരണമായത്

വിനേഷ് ഫോഗട്ട് സെമിയില്‍ മലര്‍ത്തിയടിച്ച ക്യൂബന്‍ ഗുസ്തി താരം യൂസ്നെലിസ് ഗുസ്മാന്‍ ലോപ്പസിനെ ഫൈനലില്‍ കളിക്കാന്‍ ഒളിമ്പിക്‌സ് അധികൃതര്‍ അനുവദിച്ചതിനാലാണ് താരം ഹരജിയില്‍ ഭേദഗതി വരുത്തിയത്. മല്‍സരത്തില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കണമെന്ന അപേക്ഷയ്ക്ക് പകരം വെള്ളി മെഡല്‍ പങ്കിടണമെന്നാണ് ആവശ്യം.

കായിക കോടതിയുടെ പരിഗണനയിലാണ് വിഷയമെന്നതിനാല്‍ മെഡല്‍ ലഭിക്കാനുള്ള സാധ്യത പൂര്‍ണമായും അവസാനിച്ചിട്ടില്ലെന്നാണ് പുറത്തുവരുന്ന റിപോര്‍ട്ടുകള്‍. ഇന്ത്യക്ക് ഒരു മെഡല്‍ കൂടി ലഭിക്കുമോയെന്നത് ഇനി കോടതി വിധിയെ ആശ്രയിച്ചായിരിക്കും

കായിക മേഖലയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ വ്യവഹാരത്തിലൂടെയോ മധ്യസ്ഥതയിലൂടെയോ പരിഹരിക്കുന്നതിന് 1984ല്‍ രൂപീകരിച്ച ഒരു സ്വതന്ത്ര നീതിന്യായ സംവിധാനമാണ് കോര്‍ട്ട് ഓഫ് ആര്‍ബിട്രേഷന്‍ ഫോര്‍ സ്‌പോര്‍ട്‌സ് (സിഎഎസ്). സ്വിറ്റ്സര്‍ലന്‍ഡിലെ ലോസാനിലാണ് ആസ്ഥാനം. കൂടാതെ ന്യൂയോര്‍ക്ക് സിറ്റിയിലും സിഡ്നിയിലും കോടതികളുണ്ട്. ഒളിമ്പിക്സ് ആതിഥേയരായ നഗരങ്ങളില്‍ താല്‍ക്കാലിക കോടതികളും സജ്ജീകരിച്ചിട്ടുണ്ട്.

അതേസമയം, വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയ ഗുസ്തിയിലെ തൂക്കച്ചട്ടത്തില്‍
മുന്‍കാല പ്രാബല്യത്തോടെ ഭേദഗതി വരുത്തുക സാധ്യമല്ലെന്ന് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനെ (ഐഒഎ) യുണൈറ്റഡ് വേള്‍ഡ് റെസ്ലിങ് (യുഡബ്ല്യുഡബ്ല്യു) അറിയിച്ചിട്ടുണ്ട്. കോര്‍ട്ട് ഓഫ് ആര്‍ബിട്രേഷന്‍ ഫോര്‍ സ്‌പോര്‍ട്‌സില്‍ അപ്പീല്‍ സമര്‍പ്പിക്കുന്നത് ലഭ്യമായ എല്ലാ ആന്തരിക പരിഹാരങ്ങള്‍ക്കും ശേഷമായിരിക്കണമെന്നാണ് നിയമം. ആന്തരിക പരിഹാരങ്ങള്‍ക്ക് കാത്തുനില്‍ക്കാന്‍ ആവശ്യമായ സമയം ഇല്ലെന്നത് മാത്രമാണ് അപവാദം.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *