ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ വെസ്റ്റിൻഡീസിന് തകർപ്പൻ ജയം. ട്രിനിഡാഡിൽ നടന്ന കളിയിൽ ഏഴ് വിക്കറ്റിന്റെ ജയമാണ് വിൻഡീസ് നേടിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത 20 ഓവറുകളിൽ 174/7 എന്ന മികച്ച സ്കോർ നേടിയപ്പോൾ, വെസ്റ്റിൻഡീസ് 13 പന്തുകൾ ബാക്കി നിൽക്കെ വിജയത്തിൽ എത്തി. വെടിക്കെട്ട് ബാറ്റിങ് നടത്തിയ നിക്കോളാസ് പുറാനാണ് വെസ്റ്റിൻഡീസിന്റെ വിജയശില്പി. പുറാൻ തന്നെയാണ് കളിയിലെ കേമനും.
മത്സരത്തിൽ ടോസ് നേടിയ വെസ്റ്റിൻഡീസ് നായകൻ റോവ്മാൻ പവൽ ബോൾ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ഈ തീരുമാനത്തെ ശരിവെക്കും വിധം ബൗളർമാർ പന്തെറിഞ്ഞതോടെ ദക്ഷിണാഫ്രിക്ക തുടക്കം തന്നെ തകർന്നു. എട്ട് ഓവറുകൾ പൂർത്തിയാകുമ്പോൾ 42/5 എന്ന നിലയിലായിരുന്നു അവർ. എന്നാൽ ആറാം വിക്കറ്റിൽ ഒത്തുചേർന്ന ട്രിസ്റ്റൻ സ്റ്റബ്സും, പാട്രിക്ക് ക്രുഗറും ചേർന്ന് ദക്ഷിണാഫ്രിക്കയെ തകർച്ചയിൽ നിന്ന് കരകയറ്റി.
സ്റ്റബ്സാണ് ഇതിൽ വെടിക്കെട്ട് നടത്തിയത്. വെറും 42 പന്തുകളിൽ എട്ട് ബൗണ്ടറുകളുടെയും മൂന്ന് സിക്സറുകളുടെയും സഹായത്തോടെ 76 റൺസാണ് സ്റ്റബ്സ് നേടിയത്. ക്രുഗർ 32 പന്തിൽ നാല് ബൗണ്ടറികളും രണ്ട് സിക്സറുകളും സഹിതം 44 റൺസ് നേടി. ഇവർ രണ്ടുപേരുടെയും ബാറ്റിങ് മികവാണ് ദക്ഷിണാഫ്രിക്കയെ 174/7 എന്ന മികച്ച സ്കോറിൽ എത്തിച്ചത്. വെസ്റ്റിൻഡീസിനായി മാത്യു ഫോഡ് മൂന്ന് വിക്കറ്റുകളും, ഷമർ ജോസഫ് രണ്ട് വിക്കറ്റുകളും നേടി.
175 റൺസ് വിജയലക്ഷ്യം പിന്തുടർന്ന വെസ്റ്റിൻഡീസിന് ഓപ്പണർമാരായ അതാനേസും, ഷായ് ഹോപും വെടിക്കെട്ട് തുടക്കമാണ് നൽകിയത്. ഇരുവരും ചേർന്ന് ആദ്യ വിക്കറ്റിൽ എട്ട് ഓവറിൽ 84 റൺസ് നേടി. ഫോമിലായിരുന്ന ഷായ് ഹോപ് 36 പന്തിൽ 51 റൺസെടുത്ത് തിളങ്ങി.
മൂന്നാം നമ്പരിൽ ബാറ്റിങ്ങിന് ഇറങ്ങിയ നിക്കോളാസ് പുറാന്റെ വെടിക്കെട്ടാണ് വിൻഡീസിന്റെ വിജയം അനായാസമാക്കിയത്. മാരക ഫോമിലായിരുന്ന താരം വെറും 26 പന്തുകളിൽ നിന്ന് രണ്ട് ബൗണ്ടറികളുടെയും ഏഴ് സിക്സറുകളുടെയും സഹായത്തോടെ 65 റൺസെടുത്ത് പുറത്താകാതെ നിന്നു. ഇതോടെ 17.5 ഓവറുകളിൽ വിൻഡീസ് വിജയത്തിലേക്ക് എത്തി.