വെടിനിര്‍ത്തല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കില്ല; ഖത്തറിലേക്ക് പ്രതിനിധിയെ അയക്കില്ല; ഇസ്രയേലിനെതിരായ യുദ്ധം തുടരും; സമാധാന ചര്‍ച്ചകളെ വഴിമുട്ടിച്ച് ഹമാസ്

വെടിനിര്‍ത്തല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കില്ല; ഖത്തറിലേക്ക് പ്രതിനിധിയെ അയക്കില്ല; ഇസ്രയേലിനെതിരായ യുദ്ധം തുടരും; സമാധാന ചര്‍ച്ചകളെ വഴിമുട്ടിച്ച് ഹമാസ്

വെടിനിര്‍ത്തല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കില്ലെന്നും ഇസ്രയേലിനെതിരായ യുദ്ധം തുടരുമെന്നും ഹമാസ്. ചര്‍ച്ചക്ക് ഖത്തറിലേക്ക് പ്രതിനിധി സംഘത്തെ അയക്കാന്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു അനുമതി നല്‍കിയതിന് തൊട്ടുപിന്നാലെയാണ് ഹമാസ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ഇന്നു ഖത്തര്‍ തലസ്ഥാനത്ത് പുനരാരംഭിക്കുന്ന ചര്‍ച്ചകളില്‍ ഹമാസ് പങ്കെടുക്കില്ലെന്ന് ഹമാസിന്റെ പൊളിറ്റിക്കല്‍ ബ്യൂറോ അംഗം സുഹൈല്‍ ഹിന്ദിയാണ് വ്യക്തമാക്കിയത്. ഇനി ചര്‍ച്ചകളുടെ ആവശ്യമില്ലെന്നും ജൂലൈ രണ്ടിന് യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ നിര്‍ദേശ പ്രകാരം തയാറാക്കിയ കരാര്‍ ഇസ്രായേല്‍ പാലിക്കുകയാണ് ചെയ്യേണ്ടത്. ഇസ്രായേല്‍ അത് പാലിക്കുകയാണെങ്കില്‍ കരാര്‍ നടപ്പാക്കാന്‍ ഹമാസും തയ്യാറാണെന്ന് അദ്ദേഹം വ്യക്തമാക്കി.

ഇരുരാഷ്ട്രങ്ങള്‍ക്കും ഇടയില്‍ മധ്യസ്ഥത വഹിക്കുന്ന ഈജിപ്ത്, ഖത്തര്‍, യുഎസ് എന്നിവരുടെ ക്ഷണത്തെ തുടര്‍ന്നാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നത്. കെയ്റോയിലോ ദോഹയിലോ ചര്‍ച്ച നടത്താമെന്നായിരുന്നു തീരുമാനം. ഹമാസ് പൊളിറ്റിക്കല്‍ ബ്യൂറോ തലവന്‍ ഇസ്മാഈല്‍ ഹനിയ്യയെ തെഹ്‌റാനില്‍ വെച്ച് ഇസ്രായേല്‍ കൊലപ്പെടുത്തിയതും വെടിനിര്‍ത്തല്‍ ചര്‍ച്ചകളെ സ്വാധീനിച്ചിട്ടുണ്ട്.

അതേസമയം, കഴിഞ്ഞ ദിവസം ഹമാസ് തീവ്രവാദികളെ പിടിക്കാനെന്ന വ്യാജേന ദേശീയ സുരക്ഷാ മന്ത്രിയും തീവ്ര ദേശീയതാവാദിയുമായ ഇറ്റാമര്‍ ബെന്‍ ഗ്വീറിന്റെ നേതൃത്വത്തില്‍ കിഴക്കന്‍ ജറുസലേമിലെ അല്‍ അഖ്‌സ മോസ്‌കില്‍ ഇരച്ചുകയറി പ്രാര്‍ഥന നടത്തി. ഗാസയില്‍ കടന്നാക്രമണം നടത്തുമ്പോള്‍ തന്നെയാണ് വെസ്റ്റ് ബാങ്കില്‍ ഇത്തരം ഒരു നീക്കം ഇസ്രയേല്‍ നടത്തിയിരിക്കുന്നത്.

മക്കയ്ക്കും മദീനയ്ക്കും ശേഷം ലോകമെങ്ങുമുള്ള മുസ്ലിങ്ങള്‍ ഏറ്റവും വിശുദ്ധമായി കണക്കാക്കുന്ന മൂന്നാമത്തെ മോസ്‌കാണ് അല്‍ അഖ്‌സ. ടെമ്പിള്‍ മൗണ്ട് എന്ന പേരില്‍ ജൂതരും ഇവിടം വിശുദ്ധസ്ഥലമായി കണക്കാക്കുന്നു. ജൂത മതാചാരങ്ങള്‍ക്ക് വിലക്കുള്ള ഇവിടെയാണ് ജൂതരുടെ വിശുദ്ധദിനത്തില്‍ അതിക്രമിച്ചുകയറി ആരാധന നടത്തിയത്. ഇസ്രയേല്‍ സൈന്യം സുരക്ഷയൊരുക്കിയ പ്രാര്‍ഥനയില്‍ ബെന്‍ ഗ്വീര്‍ ‘ഹമാസിനെ തോല്‍പ്പിക്കു’മെന്ന് പ്രഖ്യാപിക്കുന്ന വീഡിയോയും പുറത്തുവന്നു

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *