വെറുമൊരു പേരുമാറ്റമല്ല, അടിമുടിമാറും കൊച്ചുവേളിയും നേമവും; കൂടുതൽ ട്രെയിനുകളെത്തും, പ്രതീക്ഷയോടെ തിരുവനന്തപുരം

വെറുമൊരു പേരുമാറ്റമല്ല, അടിമുടിമാറും കൊച്ചുവേളിയും നേമവും; കൂടുതൽ ട്രെയിനുകളെത്തും, പ്രതീക്ഷയോടെ തിരുവനന്തപുരം

തിരുവനന്തപുരം: ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിലാണ് തിരുവനന്തപുരത്തെ നേമം, കൊച്ചുവേളി റെയില്‍വേ സ്റ്റേഷനുകളുടെ പേരുമാറ്റത്തിന് കേന്ദ്രം അംഗീകാരം നൽകിയത്. സ്റ്റേഷന്‍റെ പേര് മാറിയത് കൊണ്ട് എന്താണ് നേട്ടമെന്നാണ് പലരും ചിന്തിക്കുന്നത്. യഥാർഥത്തിൽ തിരുവനന്തപുരം നോർത്ത്, തിരുവനന്തപുരം സൗത്ത് റെയിൽവേ സ്റ്റേഷനുകൾ നിലവിൽ വരുന്നതോടെ തലസ്ഥാനത്തെ റെയിൽവേയുടെ മുഖച്ഛായ തന്നെ മാറാൻ പോവുകയാണ്. കൂടുതൽ ദീർഘദൂര ട്രെയിൻ സർവീസുകളുമായാകും ഈ സ്റ്റേഷനുകളുടെ നവീകരണം പൂർത്തിയാവുക.

നിലവിൽ കൊച്ചുവേളിയിൽ നിന്ന് രാജ്യത്തിന്‍റെ വിവിധ കോണുകളിലേക്ക് ട്രെയിൻ സർവീസുകളുണ്ട്. എന്നാൽ കൊച്ചുവേളി എന്ന ഈ സ്റ്റേഷൻ തിരുവനന്തപുരത്താണെന്ന കാര്യം പലർക്കും അറിയില്ല. പേരുമാറ്റത്തോടെ ഈ പ്രശ്നത്തിന് പരിഹാരമാകും. തിരുവനന്തപുരത്ത് നിന്ന് സർവീസ് നടത്തുന്ന ട്രെയിനുകളുടെ പരിധി പരമാവധിയായതോടെയാണ് തൊട്ടടുത്ത സ്റ്റേഷനുകളെ ഉപഗ്രഹ ടെർമിനലുകളാക്കി വികസിപ്പിക്കാൻ തീരുമാനിച്ചത്. തിരുവനന്തപുരം എന്ന ബ്രാൻഡ് ഉപയോഗിച്ച് തന്നെ സ്റ്റേഷനുകൾ അറിയപ്പെടണമെന്ന് ജനപ്രതിനിധികളും റെയിൽവേ വികസന സമിതിയും ആവശ്യപ്പെട്ടിരുന്നു.

തിരുവനന്തപുരം നോർത്ത്, സൗത്ത് സ്റ്റേഷനുകൾ നിലവിൽ വരികയും വികസന പദ്ധതികൾ പൂർത്തിയാവുകയും ചെയ്യുന്നതോടെ തലസ്ഥാന നഗരിയുടെയും മുഖച്ഛായ മാറും. മൂന്ന് റെയിൽവേ സ്റ്റേഷനുകളിലുമായി നിരവധി സർവീസുകൾക്കും വികസനത്തിനുമാണ് സാധ്യത തെളിയുന്നത്. രണ്ട് സ്റ്റേഷനുകളിലേക്കും കൂടുതൽ ട്രെയിനുകൾ എത്തുന്നതോടെ തമ്പാനൂരില്‍ കൂടുതല്‍ പ്ലാറ്റ്ഫോമുകള്‍ യാത്രക്കാര്‍ക്കായി ഉപയോഗപ്പെടുത്താനാകും.

പ്ലാറ്റ്ഫോമുകൾ കൂടുതൽ സജ്ജമാവുകയും ഉപഗ്രഹ സ്റ്റേഷനുകൾ വികസിക്കുകയും ചെയ്യുന്നതോടെ ട്രെയിനുകൾക്ക് കൃത്യസമയം പാലിക്കാനുമായേക്കും. തിരുവനന്തപുരം നോർത്തായി മാറുന്ന കൊച്ചുവേളി സ്റ്റേഷനിൽ മൂന്ന് പിറ്റ്ലൈനാണ് നിലവിലുള്ളത്. ഇതിനൊപ്പം നാലാമത്തെ പിറ്റ്ലൈന്‍ നിര്‍മിക്കുന്നതോടെ കൂടുതൽ ട്രെയിനുകൾ നിർത്തിയിടാനാകും.

20 കോടി രൂപയുടെ വികസനപ്രവര്‍ത്തനങ്ങളാണ് കൊച്ചുവേളിയില്‍ നിലവിൽ പുരോഗമിക്കുന്നത്. കൂടുതല്‍ ട്രെയിൻ സര്‍വീസുകൾ തുടങ്ങാനാകും വിധമാണ് ഇവിടെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നത്. തിരുവനന്തപുരം സൗത്തായി മാറുന്ന നേമം സ്റ്റേഷനെ തിരുവന്തപുരം സെൻട്രൽ സ്റ്റേഷന്‍റെ ഉപഗ്രഹ സ്റ്റേഷനാക്കി മാറ്റാനുള്ള വികസനപ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. വൈകാതെ തന്നെ സ്റ്റേഷൻ ഈ രൂപത്തിലേക്ക് മാറും. റെയില്‍വേ സ്റ്റേഷനുകളുടെ പേര് മാറ്റുന്നതിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ അനുമതി കഴിഞ്ഞദിവസമാണ് ലഭിച്ചത്. സംസ്ഥാന ഗതാഗത സെക്രട്ടറി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പേരുമാറ്റം ആവശ്യപ്പെട്ട് കത്തയച്ചിരുന്നു. ഇതിനെത്തുടർന്നാണ് ആഭ്യന്തര മന്ത്രാലയം റെയില്‍വേ മന്ത്രാലയത്തിന് അനുമതി നല്‍കിയത്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *