ഒളിമ്പിക്‌സ് മെഡലിനായുള്ള രാജ്യത്തിന്റെ 32 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച അര്‍ഷാദ് നദീം (Arshad Nadeem) ഇപ്പോള്‍ പാകിസ്താന്റെ സൂപ്പര്‍ ഹീറോയാണ്. പാരീസ് 2024 ഒളിമ്പിക്‌സില്‍ (Paris 2024 Olympics) ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ നീരജ് ചോപ്രയെ (Neeraj Chopra) രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി സ്വര്‍ണമണിഞ്ഞതോടെ ഏറെ ശ്രദ്ധിക്കപ്പെട്ടു. 1992ന് ശേഷം ആദ്യമായാണ് പാകിസ്താന് ഒളിമ്പിക്‌സില്‍ ഒരു മെഡല്‍ ലഭിക്കുന്നത്.
പാരീസ് ഒളിമ്പിക്‌സില്‍ അര്‍ഷാദ് അപ്രതീക്ഷിതമായാണ് സ്വര്‍ണം നേടുന്നത്. ടോക്കിയോ ഒളിമ്പിക്‌സിലെ സുവര്‍ണ താരം നീരജ് ചോപ്രയുടെ തൊട്ടടുത്ത് എത്തുമെന്നായിരുന്നു അതുവരെയുള്ള വിലയിരുത്തല്‍. എന്നാല്‍ രണ്ട് തവണ 90 മീറ്ററിന് മുകളില്‍ ജാവലിന്‍ എറിഞ്ഞാണ് അര്‍ഷാദ് ഏവരേയും അമ്പരിപ്പിച്ച് ചരിത്രപുസ്തകത്തില്‍ സ്വന്തം പേര് എഴുതിച്ചേര്‍ത്തത്. നീരജ് ഇന്ത്യക്ക് അഭിമാനകരമായ വെള്ളി മെഡലും സമ്മാനിച്ചു. തുടര്‍ച്ചയായ രണ്ടാം മെഡലുമായി നീരജും ചരിത്രമെഴുതി.
വലുതാവുമ്പോള്‍ ക്രിക്കറ്റ് കളിക്കാരനാവണമെന്നതായിരുന്നു അര്‍ഷാദിന്റെ ആഗ്രഹം. എന്നാല്‍ ആ സ്വപ്‌നം നിറവേറ്റാന്‍ അദ്ദേഹത്തിനായില്ല. ക്രിക്കറ്റ് കളിക്കാരനായില്ലെങ്കിലും അര്‍ഷാദിന്റെ മഹത്തായ ഒളിമ്പിക്‌സ് വിജയത്തില്‍ പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) വലിയ പങ്കുവഹിച്ചുവെന്നാണ് പുതിയ വെളിപ്പെടുത്തല്‍.
അര്‍ഷാദ് ജാവലിനുകള്‍ വാങ്ങാന്‍ പോലും ഏറെ പ്രയാസപ്പെട്ടപ്പോള്‍ പിസിബി ആണ് സഹായിച്ചതെന്ന് ദി നേഷന്‍ റിപോര്‍ട്ട് ചെയ്തു. സ്‌പോണ്‍സര്‍മാര്‍ പോലുമില്ലാതെ ഒളിമ്പിക്‌സിലേക്കുള്ള വഴിയില്‍ അര്‍ഷാദ് ബുദ്ധിമുട്ടുകയായിരുന്നു. ഈ ദുഷ്‌കരമായ സമയത്ത് അദ്ദേഹത്തെ സ്‌പോണ്‍സര്‍ ചെയ്യാന്‍ പിസിബിയാണ് ഇടപെട്ടത്. പിസിബിയുടെ പിന്തുണ തന്റെ കളിയില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിച്ച് മുന്നോട്ട്‌പോവാനും ഒളിമ്പിക് മെഡല്‍ നേടാനും അര്‍ഷാദിന് തുണയായെന്നും റിപോര്‍ട്ടില്‍ പറയുന്നു.
ഒളിമ്പിക്‌സ് ഫൈനലില്‍ അര്‍ഷാദിന്റെ ആദ്യ ത്രോ ഫൗളായിരുന്നു. രണ്ടാമത്തെ ഏറാണ് സ്വര്‍ണം തൊട്ടത്. ആരും 90 മീറ്റിന് അടുത്ത് ഇല്ലാതിരുന്നപ്പോള്‍ 93 മീറ്റര്‍ (92.97) തൊട്ടടുത്ത് ജാവലിന്‍ പറന്നിറങ്ങിയപ്പോള്‍ എല്ലാവരും കൈയടിച്ചു. മെഡല്‍ ഉറപ്പിച്ച അര്‍ഷാദ് ഒരു തവണ കൂടി 90 മീറ്റര്‍ കടന്ന് (91.79) മല്‍സരം പൂര്‍ത്തിയാക്കി. പാരിസില്‍ പാകിസ്താന് ലഭിച്ച ഏക മെഡല്‍ കൂടിയാണിത്.
ഇന്ത്യയുടെ അഭിമാന താരം നീരജ് 89.45 മീറ്റര്‍ എറിഞ്ഞാണ് വെള്ളി മെഡല്‍ നേടിയത്. നീരജിന്റെ ആറ് ത്രോകളില്‍ അഞ്ചും ഫൗളില്‍ കലാശിച്ചിരുന്നു. ഒരു ത്രോ മാത്രമാണ് രേഖപ്പെടുത്തപ്പെട്ടതെങ്കിലും അത് വെള്ളിയുമായി പറന്നു. ആദ്യമായാണ് അര്‍ഷാദ് നീരജിനെ തോല്‍പ്പിക്കുന്നത്. നേര്‍ക്കുനേര്‍ പോരാട്ടത്തില്‍ 9-1ന് മുന്നിലാണ് നീരജ്.