സംസ്ഥാനത്ത് 15 പേർക്ക് അമീബിക് മസ്തിഷ്ക ജ്വരം; തിരുവനന്തപുരത്ത് 7 കേസുകൾ, ഒരു മരണം

സംസ്ഥാനത്ത് 15 പേർക്ക് അമീബിക് മസ്തിഷ്ക ജ്വരം; തിരുവനന്തപുരത്ത് 7 കേസുകൾ, ഒരു മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് 15 പേർക്ക് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ്. രണ്ടുപേർ രോഗം മുക്തരായി ഡിസ്ചാർജ് ചെയ്തു. തിരുവനന്തപുരം ജില്ലയിൽ ഏഴ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതിൽ ഒരാൾ ജൂലൈ ഇരുപത്തിമൂന്നാം തീയതി മരിച്ചു. 6 പേർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ തുടരുകയാണ്. രണ്ടുപേർക്ക് രോഗം സംശയിക്കുന്നതായും ഇവരുടെ സാമ്പിളുകൾ ശേഖരിച്ച് പരിശോധനകൾ നടക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

ആദ്യ കേസിന് ശേഷം ആരോഗ്യവകുപ്പ് നടത്തിയ അന്വേഷണത്തിലാണ് രോഗ സംശയമുള്ളവരെ കണ്ടെത്തിയത്. ആദ്യ കേസ് കണ്ടെത്തിയ ആൾക്ക് രോഗം പിടിപ്പെട്ടത് കുളത്തിൽ നിന്നുമാണ്. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടത്തി. ചികിത്സയിലുള്ളവർക്ക് ആവശ്യമായ മിൽറ്റി ഫോസിൻ മരുന്ന് സ്റ്റോക്ക് ഉണ്ട്.

നിലവിൽ ചികിത്സയിലുള്ളവരുടെ ആരോഗ്യ നില തൃപ്തികരമാണ് 6 പേരിൽ 5 പേരും കുളവുമായി ബന്ധമുള്ളവരാണെന്നും ഒരാൾ ആ പ്രദേശത്ത് ഉള്ള ആളല്ലെന്നും മന്ത്രി പറഞ്ഞു. ഇതിൽ കൂടുതൽ പഠനം നടക്കുകയാണെന്നും സാധ്യമായ എല്ലാ കാര്യങ്ങളും ഈ രോഗത്തിനെതിരെ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി വീണാ ജോർജ് വ്യക്തമാക്കി.

അമീബിക്ക് മസ്തിഷ്കജ്വര കേസുകൾ കൂടുന്ന പശ്ചാത്തലത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ മെഡിക്കൽ ബോർഡ് രൂപീകരിച്ചു. കേരളത്തിൽ എന്ത് കൊണ്ടാണ് കൂടുതൽ കേസുകൾ എന്നതടക്കം പരിശോധിക്കും. ഐസിഎംആറിന് ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കത്ത് അയച്ചിരുന്നു. ഐസിഎംആർവ വിദഗ്ധ സംഘം പഠനം നടത്തും. കൂടുതൽ മരുന്ന് വേണ്ടിവരുന്ന സാഹചര്യം കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. കുറച്ച് കൂടി സ്റ്റോക്ക് നൽകാമെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്.


രോഗബാധയുടെ സാഹചര്യത്തിൽ കരുതൽ വേണമെന്ന് മന്ത്രി നിർദേശിച്ചു. പായൽ പിടിച്ചതും മൃഗങ്ങളെ കുളിപ്പിച്ചതുമായ കുളങ്ങളിൽ കുളിക്കരുത്. രോഗലക്ഷണങ്ങൾ ഉള്ളവർ ചികിത്സ തേടണം. നിലവിൽ ചികിത്സയിലുള്ളവർക്ക് ആവശ്യമായ മരുന്ന് സ്റ്റോക്ക് ഉറപ്പാക്കിയിട്ടുണ്ട്. മൂക്കിലോ, തലയിലോ ശസ്ത്രക്രിയ നടത്തിയവർക്കും തലയിൽ പരിക്ക് പറ്റിയവർക്കും രോഗം പടരാൻ കൂടുതൽ സാധ്യത. തിരുവനന്തപുരം പേരൂർക്കട സ്വദേശിക്ക് രോഗം പടര്‍ന്നുവെന്ന് സംശയിക്കുന്ന കുളവുമായി ബന്ധമില്ല. ഈ രോഗിക്ക് എവിടെ നിന്നാണ് രോഗം വന്നതെന്ന് കത്താൻ ശ്രമം തുടരുകയാണ്. തെരഞ്ഞെടുക്കപ്പെട്ട കുളങ്ങളിൽ അമീബയുടെ സാന്ദ്രത പഠിക്കുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *