ശ്രീലങ്കയ്ക്കെതിരായ 3 മത്സര ട്വന്റി20 പരമ്പര തൂത്തുവാരാൻ ടീം ഇന്ത്യ ഇന്നിറങ്ങും. ശ്രീലങ്കയ്ക്ക് എതിരായ ആദ്യ മത്സരത്തിൽ 43 റൺസിനാണ് ഇന്ത്യ വിജയിച്ചത്. അന്ന് ടീമിന് വേണ്ടി ഗംഭീര ബാറ്റിംഗ് പുറത്തെടുത്തത് സൂര്യ കുമാർ യാദവും റിഷബ് പന്തും ആയിരുന്നു. രണ്ടാം മത്സരത്തിൽ ഇന്ത്യ 7 വിക്കറ്റിനും ജയിച്ച ടീം പരമ്പര ഇതിനോടകം സ്വന്തമാക്കി. ഇന്ന് നടക്കുന്ന മത്സരത്തിൽ ഇത് വരെ കളിക്കാൻ സാധികാത്ത കളിക്കാർക്ക് അവസരം നൽകാനായിരിക്കും പരിശീലകൻ ഗൗതം ഗംഭീർ മുതിരുന്നത്. സമ്പൂർണ വിജയത്തോടൊപ്പം റിസർവ് താരങ്ങൾക്ക് അവസരം നൽകാനാണ് തീരുമാനം എന്നാണ് ഇപ്പോൾ കിട്ടുന്ന വിവരങ്ങൾ. ആദ്യ മത്സരത്തിൽ മലയാളി താരം സഞ്ജു സാംസണിനു അവസരം ലഭിച്ചിരുന്നില്ല. അതിനെതിരായി ഒരുപാട് ആരാധകരും മുൻ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളും രംഗത്ത് വന്നിരുന്നു. തുടർന്നുള്ള രണ്ടാം മത്സരത്തിൽ ശുഭ്മൻ ഗില്ലിനു പകരം സഞ്ജു സാംസണെ ഓപ്പണറായി ഇറക്കി. എന്നാൽ പരിശീലകൻ ഗൗതം ഗംഭീർ നടത്തിയ ആ പരീക്ഷണം ഫലം കണ്ടില്ല. ആദ്യ ബോളിൽ തന്നെ സഞ്ജു പുറത്തായിരുന്നു. ഇതോടെ അടുത്ത മത്സരത്തിലേക്കുള്ള അവസരം മങ്ങിയിരിക്കുകയാണ്. മൂന്നാം ട്വന്റി20യിൽ ഗിൽ തിരിച്ചെത്തിയാൽ സഞ്ജുവിന് വീണ്ടും അവസരം നൽകാനുള്ള സാധ്യത കുറവാണ്. ആദ്യ മത്സരത്തിൽ ബാറ്റിങ്ങിൽ നിരാശപ്പെടുത്തിയ റിയാൻ പരാഗിനും റിങ്കു സിങ്ങിനും ഒരു അവസരം കൂടി ലഭിച്ചേക്കും. ഈ മത്സരത്തിൽ ഗംഭീര പ്രകടനം നടത്തിയാൽ മാത്രമേ റിങ്കുവിനും പരാഗിനും ഭാവി ഇന്ത്യൻ ടി-20 ഫോർമാറ്റിലേക്ക് പ്രവേശനം ലഭിക്കൂ. മികച്ച ബോളിങ് യൂണിറ്റ് തന്നെ ആണ് ഇന്ത്യയ്ക്ക് ഉള്ളത്. അതുകൊണ്ട് തന്നെ ബോളിങ്ങിൽ കാര്യമായ പരീക്ഷണത്തിനു ഗംഭീർ മുതിർന്നേക്കില്ല. എന്നാൽ വാഷിങ്ടൻ സുന്ദർ, ശിവം ദുബെ തുടങ്ങിയവർക്ക് അവസരം നൽകിയാൽ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ ഉൾപ്പെടെയുള്ളവർക്കു വിശ്രമം അനുവദിച്ചേക്കും. ബാറ്റിങ്ങിലും ബോളിങ്ങിലും മികവ് തെളിയിക്കുന്നവർക്കാണ് ഇന്ത്യൻ ടീമിൽ ഈ ഫോർമാറ്റിൽ കൂടുതൽ അവസരങ്ങൾ ലഭിക്കുക എന്നതാണ് പരിശീലകൻ ഗൗതം ഗംഭീർ അഭിപ്രായപ്പടുന്നത്. പരമ്പര പൂർണമായും തൂത്തുവാരാനാണ് ഇന്ത്യൻ ടീം ശ്രമിക്കുന്നത്. അത് കൊണ്ട് തന്നെ റിസർവ് താരങ്ങൾക്കും അവസരം കൊടുക്കും എന്നാണ് ഇന്ത്യൻ ക്യാമ്പിൽ നിന്നും ഇപ്പോൾ കിട്ടുന്ന വിവരങ്ങൾ.
Posted inNATIONAL