നീണ്ട 10 വർഷങ്ങൾക്ക് ശേഷം രാജ്യത്തിൻ്റെ സ്വാതന്ത്ര്യദിന ആഘോഷ പരിപാടികളിൽ പ്രതിപക്ഷ നേതാവിൻ്റെ സാന്നിദ്ധ്യം. ചെങ്കോട്ടയിൽ ഇന്ന് രാഹുൽ ഗാന്ധിയുടെ സാന്നിദ്ധ്യം ശ്രദ്ധേയമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യുകയാണ്. ചെങ്കോട്ടയിൽ എത്തി ത്രിവർണ പതാക ഉയർത്തിയതിന് ശേഷം രാജ്യത്തിൻ്റെ വളർച്ചയെക്കുറിച്ചും മുന്നോട്ടുള്ള ഭാവിയെക്കുറിച്ചും യുവാക്കളെ ബോധ്യപ്പെടുത്തുകയാണ് അദ്ദേഹം.
കഴിഞ്ഞ രണ്ട് എൻഡിഎ സർക്കാരുകളുടെ കാലത്തും പ്രതിപക്ഷ പാർട്ടികൾക്കൊന്നും ആവശ്യമായ എംപിമാരില്ലാത്തതിനാൽ 2014 മുതൽ 2024 വരെ ആരും ലോക്‌സഭയിൽ പ്രതിപക്ഷ നേതൃസ്ഥാനം വഹിച്ചിരുന്നില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് എംപിമാരുടെ എണ്ണം മെച്ചപ്പെടുത്തിയതിന് പിന്നാലെ ജൂൺ 25നാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ പ്രതിപക്ഷ നേതാവായി നിയമിച്ചത്.
78-ാം സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി. വ്യോമസേനയുടെ രണ്ട് അഡ്വാൻസ്ഡ് ലൈറ്റ് ധ്രുവ് ഹെലികോപ്റ്ററുകൾ വേദിയിൽ പുഷ്പ വർഷം നടത്തി.