ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ സുരക്ഷിതത്വം ചോദ്യം ചെയ്ത് സമൂഹമാധ്യമങ്ങളിൽ വാദപ്രതിവാദങ്ങൾ തുടരുന്നതിനിടെ വിഷയം സുപ്രീം കോടതിയിൽ. മുല്ലപ്പെരിയാർ അണക്കെട്ട് സുരക്ഷിതമാണെന്ന വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ പുതിയ ഹർജി എത്തി. അണക്കെട്ട് സുരക്ഷിതമാണെന്ന വിധി റദ്ദാക്കണമെന്നും ഹർജിയിൽ പറയുന്നണ്ട്. അഭിഭാഷകൻ മാത്യു നെടുംമ്പാറ എന്നയാളാണ് സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചത്.മുല്ലപ്പെരിയാർ അണക്കെട്ടിൽ കേരളത്തിന് അവകാശമുണ്ടെന്നും 2006, 2014 വർഷങ്ങളിലെ വിധി റദ്ദാക്കണമെന്നും ഹർജിയിൽ വ്യക്തമാക്കുന്നുണ്ട്. മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട് മുൻപ് ഉണ്ടായ വിധികൾ നിയമപരമായി തെറ്റാണ്. വയനാട് ഉരുൾപൊട്ടൽ ദുരന്തം കണക്കിലെടുക്കണമെന്നും ഹർജിക്കാരൻ ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്.വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ കേരളത്തിൽ മുല്ലപ്പെരിയാർ വിഷയം ചൂട് പിടിക്കുന്നതിനിടെയാണ് മുല്ലപ്പെരിയാർ അണക്കെട്ട് സുരക്ഷിതമാണെന്ന വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി സമർപ്പിക്കപ്പെട്ടത്. മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലടക്കം ചർച്ചകൾ സജീവമായി തുടരുകയാണ്.
കേരളത്തിൽ മഴ ശക്തമായാൽ മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നാൽ സ്വീകരിക്കേണ്ട മുൻകരുതലുകൾ സംബന്ധിച്ച് മുല്ലപ്പെരിയാർ അണക്കെട്ടിൽ തമിഴ്നാട് കഴിഞ്ഞ ദിവസം പരിശോധന നടത്തി. തമിഴ്നാട് പൊതുമരാമത്ത് മധുര റീജ്യണൽ ചീഫ് എൻജിനീയർ എസ് രമേശിൻ്റെ നേതൃത്വത്തിലാണ് മുല്ലപ്പെരിയാർ അണക്കെട്ടിൽ തമിഴ്നാട് പരിശോധന നടത്തിയത്. രണ്ടാഴ്ചയായി മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ വൃഷ്ടി പ്രദേശത്ത് മഴ ശക്തമാണ്. ഇതോടെ അണക്കെട്ടിലെ ജലനിരപ്പിൽ വർധനയും രേഖപ്പെടുത്തുന്നുണ്ട്. ജലനിരപ്പ് 132 അടിയിലേക്ക് എത്തുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ കൂടിയാണ് അണക്കെട്ടിൽ തമിഴ്നാട് പരിശോധന നടത്തിയത്.