ആതിരയുടെ കൊലപതകത്തിന് പിന്നിൽ ഇൻസ്റ്റാഗ്രാം സുഹൃത്ത്? കൊല്ലുമെന്ന ഭീഷണി ഉണ്ടായിരുന്നുവെന്ന് ഭർത്താവ്; എറണാകുളം സ്വദേശിക്കായി തെരച്ചിൽ

ആതിരയുടെ കൊലപതകത്തിന് പിന്നിൽ ഇൻസ്റ്റാഗ്രാം സുഹൃത്ത്? കൊല്ലുമെന്ന ഭീഷണി ഉണ്ടായിരുന്നുവെന്ന് ഭർത്താവ്; എറണാകുളം സ്വദേശിക്കായി തെരച്ചിൽ

തിരുവനന്തപുരം കഠിനംകുളത്ത് യുവതിയെ പട്ടാപകൽ വീട്ടിൽ കയറി കൊലപ്പെടുത്തിയ സംഭവത്തിൽ വധിക്കുമെന്ന ഭീഷണി നേരത്തേതന്നെ ഉണ്ടായിരുന്നതായി വെളിപ്പെടുത്തൽ. കൊല്ലപ്പെട്ട ആതിരയുടെ ഭർത്താവ് രാജീവാണ് ഭീഷണി ഉണ്ടായിരുന്നതായി വെളിപ്പെടുത്തിയത്. സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ടയാൾ തന്നെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായി ആതിര പറഞ്ഞിരുന്നുവെന്നാണ് ഭർത്താവ് രാജീവ് പറയുന്നത്.

വടക്കേവിള പാടിക്കവിളാകം ഭരണിക്കാട് ഭഗവതി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന വെഞ്ഞാറമൂട് ആലിയാട് പ്ലാവിള വീട്ടിൽ ആതിര (30) ഇന്നലെയാണ് വീടിനുള്ളിൽ കൊല്ലപ്പെട്ടത്. ആതിരയുടെ ഭർത്താവ് രാജീവ് ഭരണിക്കാട് ഭഗവതി ക്ഷേത്രത്തിലെ പൂജാരിയാണ്. ആതിരയ്ക്ക് ഭീഷണി ഉണ്ടായിരുന്ന കാര്യം രാജീവ് പുറത്തു പറഞ്ഞില്ല. ആതിര കൊല്ലപ്പെട്ട ശേഷമാണ് രാജീവ് ക്ഷേത്ര ഭാരവാഹികളിൽ ചിലരോടും പൊലീസിനോടും ഇക്കാര്യം പറഞ്ഞത്. പുറത്തു പറ‍ഞ്ഞാൽ ജീവനൊടുക്കുമെന്ന് ആതിര പറഞ്ഞതിനാലാണ് ആരെയും അറിയിക്കാതിരുന്നതെന്ന് രാജീവ് പറയുന്നു. ആതിര സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ടുവെന്നു കരുതുന്ന എറണാകുളം സ്വദേശിക്കായാണ് തിരച്ചിൽ നടക്കുന്നത്. പ്രതി കൃത്യം നടത്തിയ ശേഷം രക്ഷപ്പെട്ട സ്കൂട്ടർ കണ്ടെത്തിയിരുന്നു. കൊല്ലപ്പെട്ട ആതിരയുടെ സ്കൂട്ടറാണ് ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ നിന്ന് കണ്ടെത്തിയത്. പ്രതിയെക്കുറിച്ച് അന്വേഷണം നടക്കുന്നതിനിടെ ഇന്നലെ വൈകുന്നേരത്തോടെയാണ് റെയിൽവേ സ്റ്റേഷനിലെ ടിക്കറ്റ് കൗണ്ടറിനു സമീപത്തുനിന്ന് വാഹനം കണ്ടെത്തുന്നത്. പ്രതി ട്രെയിനിൽ കയറി സ്ഥലംവിട്ടെന്നാണ് നിഗമനം.

കൊലപാതകി മതിൽ ചാടിക്കടന്ന് തൊട്ടടുത്ത വീടിന്റെ ടെറസ് വഴിയാണ് ആതിരയുടെ വീട്ടിലെത്തിയതെന്നാണ് നിഗമനം. ഇയാൾ രണ്ടു ദിവസം മുൻപ് കഠിനംകുളത്ത് എത്തി പെരുമാതുറയിൽ വാടകയ്ക്കു താമസിച്ചിരുന്നതായി പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ആതിരയുടെ ഭർത്താവ് രാജീവ് പതിനൊന്നരയോടെ വീട്ടിലെത്തിയപ്പോഴാണ് ആഴത്തിൽ കത്തി കുത്തിയിറക്കി കഴുത്തു മുറിച്ച നിലയിൽ മൃതദേഹം കണ്ടത്.

ആറുവയസുകാരനായ മകനെ സ്കൂൾ ബസിൽ കയറ്റിവിടാൻ രാവിലെ എട്ടരയോടെ ആതിര എത്തിയത് അയൽക്കാർ കണ്ടിരുന്നു. ആതിര കൂടുതൽ സമയം സമൂഹമാധ്യമത്തിൽ ചെലവഴിക്കുന്നതു പലതവണ വിലക്കിയിട്ടുണ്ടെന്നും രാജീവ് പൊലീസിനു മൊഴി നൽകിയിട്ടുണ്ട്. കായംകുളം സ്വദേശിയായ രാജീവ് 24 വർഷമായി ഭരണിക്കാട് ഭഗവതി ക്ഷേത്ര പൂജാരിയാണ്. ആലിയാട് സ്വദേശികളായ കുട്ടപ്പന്റെയും അമ്പിളിയുടെയും മകൾ ആതിരയും രാജേഷും തമ്മിൽ 8 വർഷം മുൻപാണു വിവാഹം കഴിച്ചത്. ക്ഷേത്ര ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള വീട്ടിലാണ് ഇവർ താമസിക്കുന്നതും. ആതിരയുടെ മൃതദേഹം മോർച്ചറിയിലാണ്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *