രാഷ്ട്രീയപോരിന് എന്റെ പേര് ഉപയോഗിക്കരുത്, ഇവിടെ അതിജീവിക്കാനും പ്രണയിക്കാനും ധൈര്യം വേണം: സാമന്ത

രാഷ്ട്രീയപോരിന് എന്റെ പേര് ഉപയോഗിക്കരുത്, ഇവിടെ അതിജീവിക്കാനും പ്രണയിക്കാനും ധൈര്യം വേണം: സാമന്ത

രാഷ്ട്രീയ പോരിന് തന്റെ പേര് ഉപയോഗിക്കരുതെന്ന് നടി സാമന്ത. നാഗചൈതന്യയും സാമന്തയും വിവാഹമോചിതരായതിന് പിന്നില്‍ മുന്‍ തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവിന്റെ മകനും ബിആര്‍എസ് നേതാവുമായ കെ.ടി രാമ റാവു ആണെന്ന തെലങ്കാന വനം വകുപ്പ് മന്ത്രി കൊണ്ട സുരേഖയുടെ ആരോപണത്തോട് പ്രതികരിച്ചാണ് നടി സംസാരിച്ചത്.

കൊണ്ട സുരേഖയുടെ പേരെടുത്തു പറഞ്ഞാണ് സാമന്തയുടെ പ്രതികരണം. ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെയാണ് സാമന്തയുടെ പ്രതികരണം. ”ഒരു സ്ത്രീയാകാന്‍, പുറത്തിറങ്ങി ജോലി ചെയ്യാന്‍, സ്ത്രീകളെ നിസ്സാരമായി പരിഗണിക്കുന്ന ഒരു ഗ്ലാമറസ് ഇന്‍ഡസ്ട്രിയില്‍ അതിജീവിക്കാനും പ്രണയത്തിലാകാനും പ്രണയത്തില്‍ നിന്ന് പുറത്ത് വരാനും, ഇപ്പോഴും എഴുന്നേറ്റു നില്‍ക്കാനും പോരാടാനും ഒരുപാട് ധൈര്യവും ശക്തിയും വേണം.”

”മിസ്റ്റര്‍ കൊണ്ട സുരേഖ, എന്റെ യാത്രയില്‍ ഞാന്‍ അഭിമാനിക്കുന്നു. അതിനെ നിസാരവല്‍ക്കരിക്കരുത്. ഒരു മന്ത്രി എന്ന നിലയില്‍ താങ്കളുടെ വാക്കുകള്‍ക്ക് വലിയ പ്രാധാന്യമുണ്ടെന്ന കാര്യം താങ്കള്‍ മനസിലാക്കുമെന്ന് ഞാന്‍ കരുതുന്നു. വ്യക്തികളുടെ സ്വകാര്യതയെ കുറിച്ച് ഉത്തരവാദിത്വബോധവും ബഹുമാനവും പുലര്‍ത്തണമെന്ന് ഞാന്‍ താങ്കളോട് അഭ്യര്‍ഥിക്കുകയാണ്.”

”എന്റെ വിവാഹമോചനം വ്യക്തിപരമായ കാര്യമാണ്. അതുസംബന്ധിച്ച ഊഹാപോഹങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണം. കാര്യങ്ങള്‍ സ്വകാര്യമായി സൂക്ഷിക്കാനുള്ള ഞങ്ങളുടെ തീരുമാനത്തെ തെറ്റായ വിധത്തില്‍ ചിത്രീകരിക്കാന്‍ പാടില്ല. കൂടുതല്‍ തെളിച്ചു പറഞ്ഞാല്‍, വിവാഹമോചനം സംബന്ധിച്ച തീരുമാനം പരസ്പരസമ്മതത്തോടെയും സൗഹാര്‍ദത്തോടെയും എടുത്തതാണ്.”

”അതുമായി ബന്ധപ്പെട്ട് ഒരു രാഷ്ട്രീയ ഗൂഢാലോചനയുമില്ല. രാഷ്ട്രീയ പോരിനായി എന്റെ പേര് ദയവായി ഉപയോഗിക്കരുത്. രാഷ്ട്രീയമില്ലാതെയാണ് ഞാന്‍ എക്കാലവും നിലകൊണ്ടിട്ടുള്ളത്, ഇനിയും അങ്ങനെ തുടരാനാണ് ഇഷ്ടപ്പെടുന്നത്” എന്നാണ് സാമന്ത പറയുന്നത്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *