‘അജിത് കുമാര്‍ സംശയത്തിന്റെ നിഴലില്‍ തന്നെ’; വിമർശനം ആവർത്തിച്ച് ജനയുഗം, അന്വേഷണ റിപ്പോർട്ട് ഇന്ന് മുഖ്യമന്ത്രിക്ക് മുന്നില്‍

‘അജിത് കുമാര്‍ സംശയത്തിന്റെ നിഴലില്‍ തന്നെ’; വിമർശനം ആവർത്തിച്ച് ജനയുഗം, അന്വേഷണ റിപ്പോർട്ട് ഇന്ന് മുഖ്യമന്ത്രിക്ക് മുന്നില്‍

തൃശൂര്‍ പൂരം കലക്കലുമായി ബന്ധപ്പെട്ടുള്ള അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് മുഖ്യമന്ത്രിക്ക് മുന്നിലെത്താനിരിക്കെ എഡിജിപി അജിത് കുമാറിനെതിരെ ആരോപണങ്ങളുമായി വീണ്ടും സിപിഐ മുഖപത്രമായ ജനയുഗം. ‘ആശയക്കുഴപ്പങ്ങള്‍ക്കു വഴിവച്ച അന്വേഷണ റിപ്പോര്‍ട്ട്’ എന്ന തലക്കെട്ടിലെ മുഖപ്രസംഗത്തിലാണ് ജനയുഗത്തിന്റെ വിമർശനം. അജിത് കുമാര്‍ ഇപ്പോഴും സംശയത്തിന്റെ നിഴലിലാണെന്ന് മുഖപ്രസംഗത്തിൽ സിപിഐ ആരോപിക്കുന്നു.

മുഖപ്രസംഗത്തിലെ പ്രസക്തഭാഗം-

പൂരം അലങ്കോലപ്പെടുത്തുന്നതിൽ എഡിജിപി എംആർ അജിത്കുമാറിന് പങ്കുണ്ടെന്ന ആരോപണം പൊതുസമൂഹത്തിൽ ശക്തമാണ്. ആ സംശയത്തിന് ശക്തിപകരുന്ന പല വസ്തുതകളും പൊതുമണ്ഡലത്തിൽ ലഭ്യവുമാണ്. തൃശൂർ പൂരം പോലെ ലക്ഷങ്ങൾ പങ്കെടുക്കുന്ന ഒരു ഉത്സവത്തിന്റെ ക്രമസമാധാന, സുരക്ഷാ ചുമതല പൂർണമായും താരതമ്യേന ജൂനിയറായ ഒരു ഉദ്യോഗസ്ഥനിൽ മാത്രം നിക്ഷിപ്തമായിരുന്നുവെന്ന് കരുതാനാവില്ല. അധികാരശ്രേണിയിൽ കമ്മിഷണർക്കു മേലെയുള്ള എഡിജിപിയടക്കം ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യം പൂരദിവസങ്ങളിൽ തൃശൂരിൽ ഉണ്ടായിരുന്നുവെന്നാണ് അഭിജ്ഞവൃത്തങ്ങൾ സാക്ഷ്യപ്പെടുത്തുന്നത്. പൂരത്തലേന്ന് ക്രമസമാധാന, സുരക്ഷാ വിഷയങ്ങൾ വിലയിരുത്താൻ ചേർന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ എഡിജിപി, ഡിഐജി, കമ്മിഷണർ, എസിപിമാർ തുടങ്ങിയവർ പങ്കെടുത്തിരുന്നു. ക്രമസമാധാന ചുമതലയുള്ള ഏറ്റവും മുതിർന്ന ഉദ്യോഗസ്ഥൻ എന്ന നിലയിലും മുൻ മധ്യമേഖലാ ഐജി എന്ന നിലയിലുള്ള അനുഭവസമ്പത്തിന്റെ അടിസ്ഥാനത്തിലും യോഗനടപടികൾ നിയന്ത്രിക്കുന്നതിലും നിർദേശങ്ങൾ നൽകുന്നതിലും അജിത്കുമാർ നിർണായക പങ്ക് വഹിച്ചിരുന്നതായാണ് മനസിലാകുന്നത്. മാത്രമല്ല, എഡിജിപി സ്ട്രൈക് ഫോഴ്സ് എന്ന ഹാൻഡ് ബാൻഡ് ധരിച്ച ഒരുസംഘം പൊലീസുകാർ പൂരപ്പറമ്പിൽ സന്നിഹിതരായിരുന്നു.

പൂരം അലങ്കോലപ്പെട്ട സമയത്ത് എഡിജിപി നഗരത്തിൽത്തന്നെയുള്ള പൊലീസ് അക്കാദമിയിൽ ഉണ്ടായിരുന്നെങ്കിലും ഗുരുതരമായ സംഭവ വികാസങ്ങളിൽ ഇടപെട്ടിരുന്നില്ലെന്ന വസ്തുത ദുരൂഹമാണ്. ഈ പശ്ചാത്തലമാണ് പൂരം അലങ്കോലമായതിന്റെ ഉത്തരവാദിത്തം മുഴുവൻ കമ്മിഷണറിൽ മാത്രമായി കേന്ദ്രീകരിക്കുന്നതിലെ അസ്വാഭാവികത സംശയകരമാക്കുന്നത്. അന്വേഷണഘട്ടത്തിൽ എഡിജിപി, മൊഴി നല്‍കാനെത്തിയവരോട്, കമ്മിഷണറോ ഡിഐജിയോ ഐജിയോ തീരുമാനിക്കേണ്ട വിഷയമായതുകൊണ്ടാണ് താൻ ഇടപെടാതിരുന്നതെന്നും ജില്ലാ കളക്ടർക്കും ഇടപെടാമായിരുന്നല്ലോ എന്ന് സൂചിപ്പിച്ചതായും വിവരമുണ്ട്. പൂരം അലങ്കോലപ്പെട്ടതിന്റെ ഉത്തരവാദിത്തം കമ്മിഷണറിലും ദേവസ്വങ്ങളിലും മാത്രമായി ഒതുക്കുകയും തുടർനടപടികളെപ്പറ്റി റിപ്പോർട്ട് നിശബ്ദത പാലിക്കുന്നതായി മാധ്യമറിപ്പോർട്ടുകൾ സൂചിപ്പിക്കുകയും ചെയ്യുമ്പോൾ അന്വേഷണത്തിന്റെ ഉദ്ദേശശുദ്ധിയാണ് ചോദ്യംചെയ്യപ്പെടുന്നത്.

പൂരം അലങ്കോലപ്പെട്ടതിനെത്തുടർന്ന് സ്ഥലത്തെത്താൻ ശ്രമിച്ച റവന്യുമന്ത്രിയടക്കം ജനപ്രതിനിധികളുടെ യാത്ര തടസപ്പെട്ടപ്പോഴും എൻഡിഎ സ്ഥാനാർത്ഥി സുരേഷ്ഗോപിയും സംഘ്പരിവാർ നേതാക്കളും സേവാഭാരതിയുടെ ആംബുലൻസിലും മറ്റുമായി രംഗത്തെത്തി ചർച്ചകൾ ആരംഭിച്ചുവെന്നത് സംഭവം ആസൂത്രിത അജണ്ടയുടെ ഭാഗമാണെന്ന സംശയം ബലപ്പെടുത്തുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അവസാനപാദത്തിൽ നടന്ന പൂരംകലക്കൽ, തെരഞ്ഞെടുപ്പിൽ എൻഡിഎ സഖ്യത്തിന്റെ വിജയം ഉറപ്പാക്കാൻ ആസൂത്രിതമായി നടന്ന അട്ടിമറി പ്രവർത്തനമാണെന്നാണ് പൊതുജന വികാരം. ആ വിശ്വാസം തെറ്റാണെങ്കിൽ യുക്തിഭദ്രമായി അത് തിരുത്താൻ ഉതകുന്ന അന്വേഷണവും അതിന്റെ റിപ്പോർട്ടുമാണ് ജനങ്ങൾ പ്രതീക്ഷിക്കുന്നത്.

അതേസമയം എഡിജിപി എംആര്‍ അജിത്കുമാര്‍ തയാറാക്കിയ റിപ്പോര്‍ട്ട് പോലീസ് മേധാവി ഇന്നലെ വൈകിട്ട് മുഖ്യമന്ത്രി ഓഫിസിനു കൈമാറി. ചില നിര്‍ദേശങ്ങളോടെയാണ് ഡിജിപി റിപ്പോര്‍ട്ട് മുഖ്യമന്ത്രിയുടെ ഓഫിസിന് കൈമാറിയത്. ഡിജിപിയുടെ നിര്‍ദേശങ്ങളും എഡിജിപിയുടെ റിപ്പോര്‍ട്ടും മുഖ്യമന്ത്രി ഇന്ന് പരിശോധിക്കും. ആയിരത്തി മുന്നൂറോളം പേജുള്ള റിപ്പോര്‍ട്ടില്‍ പൂര ദിവസത്തെ ചിത്രങ്ങളും സിസിടിവി ക്യാമറ ദൃശ്യങ്ങളുമടക്കം ഒട്ടേറെ തെളിവുകളും ഇരുപതിലധികം പേരുടെ മൊഴികളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി എന്ത് നടപടി സ്വീകരിക്കും, പൂരം കലക്കിയതിന് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്ന് സിപിഐ ശക്തമായി ആരോപിക്കുന്ന സാഹചര്യത്തില്‍ റിപ്പോര്‍ട്ട് മുഖ്യമന്ത്രി പരസ്യപ്പെടുത്തുമോ എന്ന ചോദ്യങ്ങളാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *