എഡിജിപി അജിത് കുമാർ-റാം മാധവ് കൂടിക്കാഴ്ചയിൽ ദുരൂഹത. എഡിജിപിയുമായി ചർച്ചക്ക് പോയതിൽ ബിസിനസുകാരുമുണ്ടെന്ന വിവരമാണ് ഇപ്പോൾ പുറത്ത് വരുന്നത്. അതേസമയം വിഷയത്തിൽ ഇപ്പോൾ പ്രതികരിക്കാനില്ലെന്നും പിന്നീട് പ്രതികരിക്കാമെന്നും റാം മാധവ് വ്യക്തമാക്കി.
ചെന്നൈയിൽ ബിസിനസ് നടത്തുന്ന മലയാളിയാണ് എഡിജിപിക്ക് ഒപ്പമുണ്ടായിരുന്നതെന്നാണ് സൂചന. കണ്ണൂർ സ്വദേശി കൂടിയായ ഈ ബിസിനസുകാരനൊപ്പം എഡിജിപി എന്തിന് ആർഎസ്എസ് നേതാവിനെ കണ്ടുവെന്നതിലാണ് ദുരുഹത നിലനിൽക്കുന്നത്. കോവളത്തെ സ്വകാര്യ ഹോട്ടലിൽ കഴിഞ്ഞ വർഷമാണ് എഡിജിപി എംആർ അജിത്ത് കുമാർ- ആർഎസ്എസ് നേതാവ് റാം മാധവ് കൂടിക്കാഴ്ച നടന്നത്. തലസ്ഥാനത്ത് നടന്ന ആർഎസ്എസിൻ്റെ ചിന്തൻ ശിബിരത്തിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് കൂടിക്കാഴ്ച നടന്നതെന്നാണ് ഒടുവിൽ പുറത്തുവരുന്ന വിവരം.
ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാലെയുമായി നടത്തിയ കൂടിക്കാഴ്ച വൻ വിവാദമായതിന് പിന്നാലെയാണ് റാം മാധവുമായി നടത്തിയ കൂടിക്കാഴ്ചയുടെ വിവരങ്ങളും പുറത്തുവന്നത്. സുഹൃത്തിൻറെ ക്ഷണപ്രകാരം നടത്തിയ സ്വകാര്യ കൂടിക്കാഴ്ചയാണെന്നാണ് ദത്താത്രേയ ഹൊസബാലെയുമായി നടത്തിയ കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രിക്ക് അജിത് കുമാർ നൽകിയ വിശദീകരണം.