ടൊവിനോ തോമസിനെ നായകനാക്കി നവാഗതനായ ജിതിൻ ലാൽ സംവിധാനം ചെയ്ത് ഓണം റിലീസ് ആയി തിയറ്ററുകളിലെത്തിയ എആർഎം (അജയൻറെ രണ്ടാം മോഷണം) എന്ന ചിത്രത്തിൻറെ വ്യാജ പതിപ്പ് പുറത്തുവന്നിരുന്നു. ട്രെയിൻ യാത്രയ്ക്കിടെ ഒരാൾ ചിത്രം മൊബൈൽ ഫോണിൽ തന്റെ ചിത്രത്തിന്റെ വ്യാജ പതിപ്പ് കാണുന്ന വീഡിയോ ദൃശ്യങ്ങൾ സംവിധായകൻ തന്നെയാണ് പങ്കുവെച്ചത്.
അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചത് ഇങ്ങനെ- ഒരു സുഹൃത്ത് എനിക്ക് ഇത് അയച്ചുതരിക ആയിരുന്നു. ഇതൊക്കെ കാണുമ്പോൾ ഹൃദയം തകർക്കുന്നു… വേറേ ഒന്ന് പറയൻ എല്ല … ടെലിഗ്രാം വഴി ARM കാണേണ്ടവർ കാണട്ടെ … അല്ലെ എന്ത് പറയാനാണ്.” ജിതിന്റെ കുറിപ്പ് വന്നതിന് പിന്നാലെ നിരവധി ആളുകളാണ് അദ്ദേഹത്തിന് പിന്തുണയുമായി രംഗത്ത് എത്തിയത്.
“ഇവരൊക്കെ വെറുതേ സമയം കളയാൻ വേണ്ടി സിനിമ കാണുന്നവരാണ്. ARM പോലെ ഒരു സിനിമയുടെ തീയേറ്റർ അനുഭവം വേണ്ടെന്ന് വയ്ക്കുന്നത് ഭയങ്കരം തന്നെ!” ഒരാൾ കുറിച്ചു, ” 8 വർഷത്തെ പ്രയത്നം 150₹ ടിക്കറ്റ് ന് വേണ്ടി ചേട്ടൻ 8 മിനിറ്റ് കൊണ്ട് തകർത്തല്ലോ….ഇത് കാണുമ്പോ ഹൃദയം പൊടിയുക ആണ് ചേട്ടാ…. വേണ്ടായിരുന്നു….” മറ്റൊരാൾ കുറിച്ചു. എന്തായാലും ഇങ്ങനെയുള്ള പ്രവൃത്തികളിലൂടെ സിനിമയെ നശിപ്പിക്കുന്നവർക്ക് എതിരെ നടപടി ആവശ്യമാണെന്ന് കൂടുതൽ ആളുകളും പറയുന്നു.
ടൊവിനോ തോമസ് മൂന്ന് ഗെറ്റപ്പിൽ എത്തുന്ന ചിത്രത്തിന് വലിയ രീതിയിൽ ഉള്ള പിന്തുണയാണ് തിയറ്ററിൽ കിട്ടുന്നത്. താരത്തിന്റെ കരിയറിലെ തന്നെ ഏറ്റവും നല്ല ചിത്രമായിട്ടാണ് എആർഎം വിലയിരുത്തപ്പെടുന്നത്.