‘അജിത് കുമാര്‍ നെഞ്ചുവിരിച്ച് ചോദിക്കുന്നു, എങ്ങനെയുണ്ട് എന്റെ പൂരം കലക്കല്‍ റിപ്പോര്‍ട്ടെന്ന്’; രൂക്ഷമായി വിമര്‍ശിച്ച് സിപിഐ മുഖപത്രം

‘അജിത് കുമാര്‍ നെഞ്ചുവിരിച്ച് ചോദിക്കുന്നു, എങ്ങനെയുണ്ട് എന്റെ പൂരം കലക്കല്‍ റിപ്പോര്‍ട്ടെന്ന്’; രൂക്ഷമായി വിമര്‍ശിച്ച് സിപിഐ മുഖപത്രം

തൃശൂര്‍ പൂരം അലങ്കോലമാക്കപ്പെട്ടതിൽ എഡിജിപി എംആര്‍ അജിത് കുമാര്‍ സര്‍ക്കാരിന് സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിനെ രൂക്ഷമായി വിമര്‍ശിച്ച് സിപിഐ മുഖപത്രം. ‘നാണംകെട്ട റിപ്പോര്‍ട്ട് തയ്യാറാക്കി സ്വയം കുറ്റവിമുക്തനാക്കിയിട്ട് അജിത് കുമാര്‍ നെഞ്ചുവിരിച്ച് ചോദിക്കുന്നു, എങ്ങനെയുണ്ട് എന്റെ പുരം കലക്കല്‍ റിപ്പോര്‍ട്ടെന്ന്’ സിപിഐ മുഖപത്രമായ ജനയുഗത്തിലെ ആക്ഷേപഹാസ്യ പംക്തിയായ ‘വാതില്‍പ്പഴുതിലൂടെ’ എന്ന കോളത്തിലാണ് വിമർശനം.

പൂര പരിപാടികള്‍ നിയന്ത്രിച്ചിരുന്ന അജിത് കുമാറാണെന്നതിന് തെളിവുണ്ട്, പൂരം കലക്കിയതിന് ചുക്കാന്‍ പിടിച്ച അജിത് കുമാര്‍ തന്നെ കലക്കല്‍ അന്വേഷണം നടത്തിയാല്‍ താന്‍ കലക്കിയില്ല എന്ന റിപ്പോര്‍ട്ടല്ലാതെ നല്‍കാനാവുമോയെന്നും സിപിഐ മുഖ പത്രം ചോദിക്കുന്നു. പൂരം അലങ്കോലപ്പെട്ടതില്‍ ബാഹ്യ ഇടപെടലോ ഗൂഢാലോചനയോ ഉണ്ടായിട്ടില്ലെന്നും ഉത്തരവാദിത്തം അന്നത്തെ കമ്മീഷണറുടെ തലയില്‍കെട്ടിവെച്ചുമുള്ള റിപ്പോര്‍ട്ടാണ് എഡിജിപി സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുള്ളത്.

തൃശൂരിലെ ഇടത് സ്ഥാനാര്‍ഥിയായിരുന്ന വിഎസ് സുനില്‍ കുമാറടക്കം പൂലം കലക്കിയതില്‍ ഗൂഢാലോചനയുണ്ടെന്ന് ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് സര്‍ക്കാരിന് മുന്നില്‍ ഇത്തരത്തിലുള്ള അന്വേഷണ റിപ്പോര്‍ട്ട് വന്നിരിക്കുന്നത്. പൂരം അലങ്കോലമാക്കിയതിന് പിന്നില്‍ അജിത് കുമാറാണെന്ന ആരോപണങ്ങള്‍ക്കിടെയാണ് അദ്ദേഹത്തിന്റെ തന്നെ അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാരിന് ലഭിച്ചിരിക്കുന്നത്.

‘തൃശൂര്‍ പൂരം കലക്കല്‍ സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം സര്‍ക്കാരിന് സമര്‍പ്പിച്ചത് അന്വേഷണ ഉദ്യോഗസ്ഥനായ എഡിജിപി എംആര്‍ അജിത് കുമാര്‍. ആരും പൂരം കുലക്കിയിട്ടില്ലെങ്കിലും പൂരം കലങ്ങിയെന്നാണ് റിപ്പോര്‍ട്ട്. കലക്കാതെ കലങ്ങുന്ന നീര്‍ച്ചുഴിപോലെയാണത്രെ പൂരമെന്നാണ് അജിത് തമ്പുരാന്റെ കണ്ടുപിടിത്തം. പരിചയക്കുറവുകൊണ്ട് കാര്യങ്ങള്‍ നിയന്ത്രിച്ച എസ്പിയുടെയും പൂരം നടത്തിപ്പുകാരായ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെയും തലയില്‍ പഴിചാരിയുള്ള തട്ടിക്കൂട്ട് റിപ്പോര്‍ട്ട്. പൂരം കലക്കല്‍ വേളയിലെ ഒരു ചിത്രം പുറത്തുവന്നിട്ടുണ്ട്. കലക്കലില്‍ പ്രതിഷേധിക്കുന്ന ഭക്തജനങ്ങളെ അജിത് അഭിസംബോധന ചെയ്യുന്ന ചിത്രം. ചാരനിറത്തിലുള്ള ഷര്‍ട്ടുധാരി. ഇരുകൈകളും ലോകരക്ഷകനായ കര്‍ത്താവിനെപ്പോലെ അന്തരീക്ഷത്തിലേക്കുയര്‍ത്തി അനുഗ്രഹിക്കുംവണ്ണമുള്ള ചിത്രം, പൂര പരിപാടികള്‍ നിയന്ത്രിക്കുന്നത് ഇയാളാണെന്ന് ചിത്രത്തില്‍ വ്യക്തം. എഡിജിപി രംഗത്തുള്ളപ്പോള്‍ കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് വെറുമൊരു എസ്പിയാകുന്നതെങ്ങനെ?’

‘പൂരം എങ്ങനെ ഭംഗിയാക്കാമെന്നതിനു പകരം എങ്ങനെ കുളമാക്കാം, പൂരം കലക്കി എങ്ങനെ സുരേഷ് ഗോപിയെ ജയിപ്പിക്കാം എന്ന ഗൂഢാലോചനയിലെ ഓരോ നീക്കവും അജിത് നടത്തുന്നത് ആ വീഡിയോയില്‍ കാണാം. പൂരം കലക്കിയതിന് ചുക്കാന്‍ പിടിച്ച അജിത് കുമാര്‍തന്നെ കലക്കല്‍ അന്വേഷണം നടത്തിയാല്‍ താന്‍ കലക്കിയില്ല എന്ന റിപ്പോര്‍ട്ടല്ലാതെ നല്‍കാനാവുമോ. നാണംകെട്ട റിപ്പോര്‍ട്ട് തയ്യാറാക്കി സ്വയം കുറ്റവിമുക്തനാക്കിയിട്ട് അജിത് കുമാര്‍ നെഞ്ചുവിരിച്ച് ചോദിക്കുന്നു, എങ്ങനെയുണ്ട് എന്റെ പുരം കലക്കല്‍ റിപ്പോര്‍ട്ട്, ‘ഓടുന്ന കുതിരയ്ക്ക് ആടുന്ന…. ഭൂഷണം’ എന്നാണല്ലോ ചൊല്ല്!’- ജനയുഗത്തിലെ ലേഖനത്തില്‍ പറയുന്നു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *