ബോളിവുഡിലെ വിവാദങ്ങള്‍ രാജ്യം മുഴുവന്‍ ശ്രദ്ധ നേടാറുണ്ട്. ഒരു കാലത്ത് മറ്റ് സിനിമാ ഇന്‍ഡസ്ട്രികള്‍ക്ക് മുന്നില്‍ നക്ഷത്ര ലോകമായിരുന്നു ബോളിവുഡ് എങ്കില്‍ ഇന്ന് പരാജയങ്ങളുടെ കണക്കുകള്‍ മാത്രമാണ് പറയാനുള്ളത്. ബി ടൗണിലെ ചൂടേറിയ ചര്‍ച്ച ഇപ്പോള്‍ ആലിയ ഭട്ട് നായികയായി എത്തിയ ‘ജിഗ്ര’ എന്ന സിനിമയെ കുറിച്ചാണ്. ജിഗ്രയുടെ പേരില്‍ നിര്‍മ്മാതാവ് കരണ്‍ ജോഹറിനും നടിയും സംവിധായികയുമായ ദിവ്യ ഖോസ്ല കുമാറിനും ഇടയില്‍ നടക്കുന്ന തമ്മിലടിയാണ് ചര്‍ച്ചയായി കൊണ്ടിരിക്കുന്നത്. താന്‍ അഭിനയിച്ച ‘സാവി’ എന്ന സിനിമയുടെ കോപ്പിയാണ് ജിഗ്ര എന്ന് ദിവ്യ നേരത്തേ ആരോപിച്ചിരുന്നു.
ഇക്കഴിഞ്ഞ മേയ് 30ന് ആയിരുന്നു ദിവ്യ അഭിനയിച്ച സാവി റിലീസ് ചെയ്തത്. ജിഗ്രയും സാവിയും തമ്മിലുള്ള സമാനതകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. സത്യവാന്റെയും സാവിത്രിയുടെയും കഥയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഒരുങ്ങിയ സാവി, ഇംഗ്ലണ്ടിലെ ജയിലില്‍ നിന്ന് ഭര്‍ത്താവിനെ മോചിപ്പിക്കാന്‍ ശ്രമിക്കുന്ന ഒരു വീട്ടമ്മയുടെ കഥയാണ് പറഞ്ഞത്. ഒക്ടോബര്‍ 11ന് ആണ് ജിഗ്ര തിയേറ്ററുകളില്‍ എത്തുന്നത്. തെക്ക്-കിഴക്കന്‍ ഏഷ്യന്‍ ദ്വീപായ ഹാന്‍ഷി ദാവോയില്‍ മയക്കുമരുന്ന് കേസില്‍ അറസ്റ്റിലാകുന്ന സഹോദരനെ രക്ഷിക്കാനായി പോകുന്ന സഹോദരിയുടെ കഥയാണ് ജിഗ്രയുടെ പശ്ചാത്തലം. ആലിയ ഭട്ടും വേദാംഗ് റെയ്നയും പ്രധാന വേഷത്തില്‍ എത്തിയ സിനിമ ഒരു ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ്. കരണ്‍ ജോഹറിന്റെ ധര്‍മ്മ പ്രൊഡക്ഷന്‍സും ആലിയ ഭട്ടും ചേര്‍ന്നാണ് സിനിമ നിര്‍മ്മിച്ചത്. ബോക്‌സ് ഓഫീസില്‍ വളരെ മോശം പ്രകടനമാണ് 90 കോടി ബജറ്റില്‍ ഒരുക്കിയ ഈ സിനിമയുടെത്.
വാസന്‍ ബാല സംവിധാനം ചെയ്ത സിനിമയ്‌ക്കെതിരെ റിലീസ് ചെയ്ത് പിറ്റേ ദിവസം തന്നെ ബോക്‌സ് ഓഫീസ് കളക്ഷനുമായി ബന്ധപ്പെട്ടും വിവാദങ്ങള്‍ ഉടലെടുത്തു. ബോക്‌സ് ഓഫീസ് കണക്കുകളില്‍ ആലിയ കൃത്രിമം കാണിച്ചു എന്ന ആരോപണമാണ് ഉയര്‍ന്നത്. ദിവ്യ ഖോസ്ല കുമാര്‍ ആലിയക്കെതിരെ വീണ്ടും രംഗത്തെത്തുകയായിരുന്നു. വ്യാജ കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ക്കായി ആലിയ സിനിമയുടെ ടിക്കറ്റുകള്‍ വാങ്ങിക്കൂട്ടി എന്നാണ് ദിവ്യ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. തിയേറ്ററില്‍ ഒഴിഞ്ഞുകിടക്കുന്ന കസേരകളുടെ ചിത്രം പങ്കുവച്ചു കൊണ്ടായിരുന്നു ഈ ആരോപണം.
റിലീസ് ചെയ്ത് നാലാം ദിവസമായ തിങ്കളാഴ്ച 1.5 കോടി രൂപ മാത്രമാണ് സിനിമയ്ക്ക് നേടാനായ കളക്ഷന്‍. ഇതുവരെ 18 കോടി രൂപ മാത്രമാണ് സിനിമയ്ക്ക് നേടാനായത്. 2014ന് ശേഷം ഒരു ആലിയ ഭട്ട് ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും മോശം ഓപ്പണിങ് ആണിത്. വിവാദങ്ങള്‍ക്കിടെ സിനിമ തിയേറ്ററില്‍ വര്‍ക്ക് ആയില്ല. ആലിയ ഭട്ട് അഭിനയിച്ച മുന്‍ സോളോ ഹിറ്റുകളായ ‘റാസി’, ‘ഗംഗുഭായ് കത്യവാടി’ എന്നീ സിനിമകള്‍ ഓപ്പണിങ് ദിനത്തില്‍ തന്നെ 7.5 കോടി മുതല്‍ 10.5 കോടി രൂപ വരെ കളക്ഷന്‍ നേടിയിരുന്നു. എന്നാല്‍ ജിഗ്രയ്ക്ക് 4 കോടിക്ക് മുകളില്‍ മാത്രമേ ഓപ്പണിങ് കളക്ഷന്‍ നേടാനായിട്ടുള്ളു. കളക്ഷന്‍ ലഭിക്കാതായതോടെ ദിവ്യ ഖോസ്ല കുമാറിന് മറുപടിയുമായി കരണ്‍ ജോഹര്‍ രംഗത്തെത്തി.
‘മൗനമാണ് വിഡ്ഢികള്‍ക്ക് നല്‍കാന്‍ കഴിയുന്ന ഏറ്റവും നല്ല മറുപടി’ എന്നായിരുന്നു കരണ്‍ ജോഹറിന്റെ പ്രതികരണം. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ ദിവ്യയുടെ പേര് പറയാതെയായിരുന്നു കരണ്‍ പ്രതികരിച്ചത്. പിന്നാലെ സംവിധായകന് പരോക്ഷ മറുപടിയുമായി ദിവ്യയും രംഗത്തെത്തി. ‘മറ്റുള്ളവര്‍ക്കുള്ളത് മോഷ്ടിക്കാന്‍ നിങ്ങള്‍ ലജ്ജയില്ലാതെ ശീലിക്കുമ്പോള്‍, നിങ്ങള്‍ എല്ലായ്‌പ്പോഴും നിശബ്ദതയില്‍ അഭയം തേടും. നിങ്ങള്‍ക്ക് ശബ്ദവും നട്ടെല്ലും ഉണ്ടാകില്ല,’ എന്നായിരുന്നു ദിവ്യയുടെ പ്രതികരണം. ഈ വിവാദങ്ങളുടെ ചൂടാറും മുമ്പേ സിനിമയുടെ ടീമിനെതിരെ ജിഗ്രയില്‍ അഭിനയിച്ച മണിപ്പൂരി നടനും രംഗത്തെത്തി.
മണിപ്പൂരി നടന്‍ ബിജൗ താങ്ജാം ആണ് ഇപ്പോള്‍ ആരോപണങ്ങളുമായി എത്തിയിരിക്കുന്നത്. ജിഗ്രയുടെ അണിയറപ്രവര്‍ത്തകരില്‍ നിന്ന് തനിക്ക് വിവേചനം നേരിട്ടു എന്നാണ് നടന്‍ സോഷ്യല്‍ മീഡിയ കുറിപ്പിലൂടെ വ്യക്തമാക്കിയത്. ഒട്ടും പ്രൊഫഷണല്‍ അല്ലാത്ത സമീപനമാണ് ജിഗ്രയുടെ അണിയറപ്രവര്‍ത്തകരില്‍ നിന്ന് തനിക്ക് നേരിടേണ്ടി വന്നതെന്ന് മേരി കോം, റോക്കട്രി തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ നടന്‍ ബിജൗ താങ്ജാം പറഞ്ഞിരിക്കുന്നത്. വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള അഭിനേതാക്കളോട് പ്രമുഖ ചലച്ചിത്ര നിര്‍മ്മാണക്കമ്പനികള്‍ പക്ഷപാതപരമായാണ് പെരുമാറുന്നതെന്നും ബിജൗ കുറ്റപ്പെടുത്തി. എന്നാല്‍ ഈ പോസ്റ്റ് പുറത്തു വന്നതിന് പിന്നാലെ ആലിയ ഭട്ടിന്റെ ആരാധകരില്‍ നിന്നും തനിക്ക് വംശീയാധിക്ഷേപം നേരിട്ടെന്ന് പറഞ്ഞും ബിജൗ താങ്ജാം രംഗത്തെത്തി. ഇതോടെ ജിഗ്രയെ പൂര്‍ണമായും പ്രേക്ഷകര്‍ കൈവിട്ടിരിക്കുകയാണ്. ഇതാദ്യമായാണ് ആലിയ ഭട്ടിന്റെ ഒരു സിനിമ ഇത്രയേറെ വിവാദങ്ങളില്‍ അകപ്പെടുന്നതും തിയേറ്ററില്‍ സമ്പൂര്‍ണ പരാജയമാകുന്നതും.