ആമയിഴഞ്ചാൻ തോട് അപകടം: ജോയിയുടെ കുടുംബത്തിന് റെയിൽവേയുടെ നഷ്ടപരിഹാരം ലഭിച്ചില്ല; വീണ്ടും കേന്ദ്രമന്ത്രിക്ക് കത്ത്

ആമയിഴഞ്ചാൻ തോട് അപകടം: ജോയിയുടെ കുടുംബത്തിന് റെയിൽവേയുടെ നഷ്ടപരിഹാരം ലഭിച്ചില്ല; വീണ്ടും കേന്ദ്രമന്ത്രിക്ക് കത്ത്

തിരുവനന്തപുരം: തലസ്ഥാന നഗരിയിലെ ആമയിഴഞ്ചാൻ തോട്ടിൽ മരിച്ച ശുചീകരണത്തൊഴിലാളി ജോയിയുടെ കുടുംബത്തിന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് റെയിൽവേ മന്ത്രിയ്ക്ക് കത്ത്. രാജ്യസഭാംഗം എഎ റഹീമാണ് ഇക്കാര്യം ആവശ്യപ്പെട്ട് വീണ്ടും റെയിൽവേ മന്ത്രിയെ സമീപിച്ചത്. ആമയിഴഞ്ചാൻ തോട്ടിലെ റെയിൽവേയുടെ പ്രദേശത്ത് വൃത്തിയാക്കാൻ ഇറങ്ങിയ ജോയി മരണമടഞ്ഞിട്ട് 50 ദിവസം പിന്നിടുന്ന സാഹചര്യത്തിലാണ് എംപിയുടെ കത്ത്.

സമാനതകളില്ലാത്ത രക്ഷാപ്രവർത്തനം നടത്തിയിട്ടും ജോയിയുടെ ജീവൻ രക്ഷിക്കാൻ നമുക്കായില്ല. ജോയിയുടെ കുടുംബത്തോടൊപ്പം ഉണ്ടാകും എന്ന് സംസ്ഥാന സർക്കാരും തിരുവനന്തപുരം നഗരസഭയും പ്രഖ്യാപിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് ജോയിയുടെ അമ്മയ്ക്ക് 10 ലക്ഷം രൂപ ധനസഹായമായി സംസ്ഥാന സർക്കാർ കൈമാറി കഴിഞ്ഞു. തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിൽ അല്ലെങ്കിൽ പോലും ജോയിയുടെ അമ്മക്ക് വീട് വച്ച് നൽകാനുള്ള നടപടികൾ തിരുവനന്തപുരം കോർപ്പറേഷൻ ആരംഭിച്ചെന്ന് റഹീം പറഞ്ഞു.

സംഭവത്തിന്‍റെ പ്രാഥമിക ഉത്തരവാദികളായ റെയിൽവേ ഇപ്പോഴും മൗനം തുടരുകയാണെന്ന് പറഞ്ഞുകൊണ്ടാണ് എഎ റഹീം റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് കത്ത് നൽകിയത്. ജോയിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് എംപി എന്ന നിലയിൽ റെയിൽവേ മന്ത്രിക്ക് കത്ത് നൽകിയിരുന്നു. പാർലമെന്‍റിലും വിഷയം ഉന്നയിച്ചിരുന്നു .എന്നാൽ നടപടിക്രമങ്ങൾ പുരോഗമിക്കുന്നുവെന്ന ഒഴുക്കൻ മറുപടി മാത്രമാണ് റെയിൽവേയിൽ നിന്ന് ഇപ്പോഴും ലഭിക്കുന്നത്. തൊഴിലാളികളോടുള്ള റെയിൽവേ മന്ത്രാലയത്തിന്‍റെ പൊതു മനോഭാവത്തിന്‍റെ തുടർച്ചയാണിത്.

ഒരു കേന്ദ്ര മന്ത്രി പോലും ജോയിയുടെ വീട് പോലും സന്ദർശിച്ചിട്ടില്ല. ദിവസങ്ങൾ കടന്നു പോകുമ്പോൾ ജോയിയെ കേരളം മറക്കുമെന്നാണ് റെയിൽവേ കരുതുന്നതെങ്കിൽ അത് തെറ്റിപ്പോയി. ആ കുടുംബത്തിന്‍റെ ഒപ്പം ഓരോ കേരളീയരും ഉണ്ടാകും. റെയിൽവേയുടെ നിരുത്തരവാദപരമായ സമീപനം ചൂണ്ടിക്കാണിച്ച് വീണ്ടും കേന്ദ്രമന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ട്. റെയിൽവേയുടെ തൊഴിലാളി വിരുദ്ധ കൊളോണിയൽ മനോഭാവത്തിന് എതിരായ പോരാട്ടങ്ങളിൽ കേരളം ഒന്നാകെ ഒന്നിച്ച് നിൽക്കുമെന്നും എ എ റഹീം പറഞ്ഞു.

റെയിൽവേ സ്റ്റേഷന് സമീപമുള്ള ആമയിഴഞ്ചാൻ തോട് റെയിൽവേ ടണൽ ശുചീകരണത്തിന് പണം മുടക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ശുചീകരണത്തിനായി 63 ലക്ഷം രൂപയാണ് സർക്കാർ അനുവദിച്ചിരിക്കുന്നത്. റെയിൽവേയോട് പണം ആവശ്യപ്പെട്ടിരുന്നെങ്കിലും തയ്യാറായിരുന്നില്ല. തിരുവനന്തപുരത്തെ വെള്ളപൊക്കം നിവാരണ ഇനത്തിൽപ്പെടുത്തിയാണ് പണം മുടക്കുക.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *