‘ജഗദീഷിൻ്റെ മുഖത്ത് അസാധാരണമായ ആത്മവിശ്വാസമുണ്ട്, ഒരു സ്ത്രീയോടും താൻ മോശമായി പെരുമാറിയിട്ടില്ല എന്ന ധൈര്യം…’

‘ജഗദീഷിൻ്റെ മുഖത്ത് അസാധാരണമായ ആത്മവിശ്വാസമുണ്ട്, ഒരു സ്ത്രീയോടും താൻ മോശമായി പെരുമാറിയിട്ടില്ല എന്ന ധൈര്യം…’

ഹേമ കമ്മിറ്റി റിപ്പോർട്ടിനെക്കുറിച്ചുള്ള നടൻ ജഗദീഷിൻ്റെ പത്രസമ്മേളനം കണ്ടപ്പോൾ അത്ഭുതം തോന്നി. ഇത്രയും നല്ലൊരു മനുഷ്യൻ ‘A.M.M.A’ എന്ന സംഘടനയുടെ തലപ്പത്ത് ഉണ്ടാകുമെന്ന് സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചിരുന്നില്ല!

ഹേമ കമ്മിറ്റി റിപ്പോർട്ടിനെക്കുറിച്ചുള്ള നടൻ ജഗദീഷിൻ്റെ പത്രസമ്മേളനം കണ്ടപ്പോൾ അത്ഭുതം തോന്നി. ഇത്രയും നല്ലൊരു മനുഷ്യൻ ‘A.M.M.A’ എന്ന സംഘടനയുടെ തലപ്പത്ത് ഉണ്ടാകുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചിരുന്നില്ല! എഴുപതാം വയസ്സിൻ്റെ പടിവാതിലിൽ നിൽക്കുന്ന ആളാണ് ജഗദീഷ്. അദ്ദേഹവും അഭിനേത്രി ശാരദയും തമ്മിൽ ഭയങ്കരമായ പ്രായവ്യത്യാസമില്ല. ജഗദീഷും ശാരദയും ഒരേ തലമുറയുടെ പ്രതിനിധികളാണെന്ന് വേണമെങ്കിൽ വിലയിരുത്താവുന്നതാണ്.ശാരദ ഹേമ കമ്മിറ്റിയുടെ ഭാഗമായിരുന്നു. മലയാള സിനിമാ ഇൻഡസ്ട്രിയിൽ ജോലി ചെയ്യുന്ന സ്ത്രീകൾ അനുഭവിക്കുന്ന വേദനകളെക്കുറിച്ച് ശാരദയ്ക്ക് വ്യക്തമായ ബോദ്ധ്യമുണ്ട്. പക്ഷേ മോശമായ വസ്ത്രധാരണം മൂലമാണ് സ്ത്രീകൾ റേപ്പ് ചെയ്യപ്പെടുന്നത് എന്ന ധ്വനിയുള്ള അഭിപ്രായം ശാരദ പങ്കുവെച്ചിരുന്നു.

ചെറിയ കുഞ്ഞുങ്ങളും അമ്മൂമ്മമാരും വരെ ആക്രമിക്കപ്പെടുന്ന നാടാണിത്. അപ്പോൾ സ്ത്രീയുടെ വസ്ത്രധാരണമല്ല പ്രശ്നം. എന്നിട്ടും ശാരദ അതുപോലൊരു കമൻ്റ് പറഞ്ഞു. അത് അവരുടെ പ്രായത്തിൻ്റെ കുഴപ്പമാകാം. വയസ്സാവുമ്പോൾ വിപ്ലവകാരികൾ പോലും പിന്തിരിപ്പൻ നിലപാടുകൾ സ്വീകരിക്കാറുണ്ട്! പക്ഷേ 68-കാരനായ ജഗദീഷ് സിനിമയിലെ അതിജീവിതമാരെ ‘പക്ഷേ’കളില്ലാതെ പിന്തുണച്ചു. മനുഷ്യത്വത്തിൻ്റെ ഭാഷയിൽ സംസാരിച്ചു. അതിന് എത്ര കയ്യടികൾ നൽകിയാലും അധികമാവില്ല. നടി ജോമോളും ഈ വിഷയത്തിൽ പത്രസമ്മേളനം നടത്തിയിരുന്നു. സിനിമയിലെ സ്ത്രീകൾക്ക് കാര്യമായ പ്രശ്നങ്ങളൊന്നുമില്ല എന്ന് സമർത്ഥിക്കാൻ അവർ ശ്രമിക്കുന്നുണ്ടായിരുന്നു. ഇതാണ് പാട്രിയാർക്കിയുടെ ഭീകരത. സത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളെ ന്യായീകരിക്കാൻ ഒരു സ്ത്രീ തന്നെ മുന്നോട്ടുവരുന്ന ദുരവസ്ഥ! തന്നോട് ആരും ഇതുവരെ മോശമായി പെരുമാറിയിട്ടില്ല എന്നാണ് ജോമോൾ പറയുന്നത്. അതുകൊണ്ട് സിനിമാ വ്യവസായം മൊത്തത്തിൽ വിശുദ്ധമാണെത്രേ! ”ഞാൻ ദുബായ് കണ്ടിട്ടില്ല ; അതുകൊണ്ട് ദുബായ് ഇല്ല” എന്ന് പറയുന്നത് പോലൊരു ലോജിക്!! ഇക്കാര്യത്തിൽ ജഗദീഷ് പറഞ്ഞ അഭിപ്രായം ഇങ്ങനെയാണ്-
”ഇങ്ങനെയുള്ള കുറ്റകൃത്യങ്ങൾ ഞാൻ കണ്ടിട്ടില്ല. പക്ഷേ താൻ ഉപദ്രവിക്കപ്പെട്ടു എന്ന് ഒരു സ്ത്രീ പറയുമ്പോൾ നാം അതിനെപ്പറ്റി അന്വേഷിക്കണം. ഹേമ കമ്മിറ്റിയുടെ കണ്ടെത്തലുകളെ അവിശ്വസിക്കേണ്ട കാര്യമില്ല…”മോശം പെരുമാറ്റം നേരിട്ട സ്ത്രീകൾ എന്തുകൊണ്ട് ഇത്രയും കാലം മൗനം പാലിച്ചു എന്ന ചോദ്യം ചിലർ ഉന്നയിച്ചിരുന്നു. ജഗദീഷ് അതിന് വ്യക്തമായ മറുപടി നൽകിയിട്ടുണ്ട്-
”പരാതി പറയാനുള്ള വേദി അവർക്ക് ഇപ്പോഴാണ് കിട്ടിയത്. എത്ര വർഷങ്ങൾക്കുമുമ്പ് സംഭവിച്ചതായാലും കുറ്റവാളികൾ ശിക്ഷിക്കപ്പെടണം…” -ഇത്രയേറെ ക്ലാരിറ്റിയോടെ സംസാരിക്കുന്ന ജഗദീഷിനെ ‘A.M.M.A’ അർഹിക്കുന്നില്ല. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നപ്പോൾ സിനിമാ മേഖലയിലെ പ്രമുഖരുടെ പ്രതികരണങ്ങൾ നാം കണ്ടതല്ലേ? ചിലർ റിപ്പോർട്ടിനെ പരിഹസിച്ച് ചിരിച്ചു. കുറച്ചുപേർ പത്രസമ്മേളനത്തിൽ അഭിനയിച്ച് മെഴുകി. ചിലർ പഠിച്ചിട്ട് പ്രതികരിക്കാം എന്ന് പറഞ്ഞ് കൈകഴുകി.അവർക്കിടയിൽ ഒരു റിബലായി ജഗദീഷ് നിലകൊള്ളുകയാണ്. ”ഒറ്റപ്പെട്ട സംഭവം” എന്ന് പറഞ്ഞ് തടിയൂരാൻ നോക്കിയ സിനിമാക്കാരെ മുഴുവനും ജഗദീഷ് വാക്കുകളുടെ ചാട്ടവാർ കൊണ്ട് പ്രഹരിച്ചിരിക്കുന്നു! മാദ്ധ്യമങ്ങളോട് സംസാരിക്കുമ്പോൾ ജഗദീഷിൻ്റെ മുഖത്ത് അസാധാരണമായ ആത്മവിശ്വാസമുണ്ട്. ഒരു സ്ത്രീയോടും താൻ മോശമായി പെരുമാറിയിട്ടില്ല എന്ന ധൈര്യം… ഒരാളും തനിക്കെതിരെ പരാതി പറയില്ല എന്ന ഉറപ്പ്… അതാണ് ജഗദീഷിൻ്റെ കൈമുതൽ…!! അതിനുമാത്രം നൽകാം ഹൃദയത്തിൽ നിന്നൊരു സല്യൂട്ട്!!

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *