ഉള്ളടക്കം കൊണ്ടും മറ്റും ഏറ്റവും കൂടുതൽ ചർച്ചചെയ്യപ്പെട്ട സിനിമയാണ് അർജുൻ റെഡ്ഡി എന്ന ചിത്രത്തിന് ശേഷം സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്ത രൺബിർ കപൂർ ചിത്രം ‘അനിമൽ’. ഹൈപ്പർ മസ്കുലിനിറ്റിയെ ഗ്ലോറിഫൈ ചെയ്യുന്ന ചിത്രം സ്ത്രീവിരുദ്ധവും വയലൻസ് നിറഞ്ഞതുമായിരുന്നുവെന്നാണ് ഏറ്റവും കൂടുതൽ ആളുകൾ അഭിപ്രായപ്പെട്ടത്. എന്നിരുന്നാലും ചിത്രം വലിയ സാമ്പത്തിക വിജയം കൈവരിക്കുകയും മറ്റും ചെയ്തിരുന്നുവെന്നതും ശ്രദ്ധേയമായ കാര്യമാണ്.
സിനിമയുടെ അവസാനം അനിമൽ പാർക്ക് എന്ന രണ്ടാം ഭാഗവും സംവിധായകൻ പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ അനിമലിന് മൂന്നാം ഭാഗവും സംവിധായകൻ പ്ലാൻ ചെയ്യുന്നു എന്ന റിപ്പോർട്ടാണ് പുറത്തു വരുന്നത്. നടൻ രൺബീർ തന്നെയാണ് സിനിമയെക്കുറിച്ചുള്ള കൂടുതൽ അപ്ഡേറ്റ് പുറത്തു വിട്ടിരിക്കുന്നത്. ഡെഡ് ലെെൻ ഹോളിവുഡ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.
അടുത്ത സിനിമകളെ എങ്ങനെ മുന്നോട്ട് കൊണ്ടുപോകണം എന്നതിനെക്കുറിച്ച് ഞങ്ങൾ രണ്ടു പേരും ആദ്യ ഭാഗം മുതൽ ആലോചിക്കുന്നുണ്ടെന്നും ഒരേ സിനിമയിൽ തന്നെ നായകനെയും വില്ലനെയും അവതരിപ്പിക്കാനാകുന്നതിൽ താൻ വളരെ ആവേശഭരിതനാണെന്നും രൺബീർ പറഞ്ഞു. മാത്രമല്ല, ഇത് വളരെ പ്രതീക്ഷയുള്ള പ്രോജക്ട് ആണെന്നും വളരെ ഒറിജിനൽ ആയ സംവിധായകനാണ് സന്ദീപ് എന്നും താരം പറഞ്ഞു.
റിലീസ് ചെയ്ത് ആദ്യ ദിവസം മുതൽ തന്നെ ചിത്രത്തിനെതിരെ നിരവധി വിമർശനങ്ങളും മറ്റും ഏറ്റുവാങ്ങിയ ചിത്രമാണ് അനിമൽ. സിനിമ മേഖലയിൽ നിന്നു പോലും അനിമലിനെതിരെ ഒരു വിഭാഗം രംഗത്തെത്തിയിരുന്നു. ഒടിടിയിൽ സ്ട്രീമിംഗ് ആരംഭിച്ചപ്പോഴും ചിത്രത്തെ വിവാദങ്ങൾ വിടാതെ പിന്തുടർന്നിരുന്നു. സോഷ്യൽ മീഡിയയിലൂടെയാണ് ചിത്രത്തിനെതിരെ കൂടുതൽ വിമർശനങ്ങൾ ഉയർന്നു വന്നത്. ടോക്സിസിറ്റിയും വയലൻസും സ്ത്രീ വിരുദ്ധതയും ഗ്ലോറിഫൈ ചെയ്യുന്നതുകൊണ്ട് തന്നെ ചിത്രം ഒടിടിയിൽ നിന്നും പിൻവലിക്കണമെനന്നായിരുന്നു ആവശ്യം ഉയർന്നത്.
എന്നാൽ കടുത്ത വിമർശനങ്ങൾ ഉയർന്നിരുന്നുവെങ്കിലും തിയേറ്ററിൽ ഗംഭീര കളക്ഷൻ നേടിയ ചിത്രമാണ് ‘അനിമൽ’. എങ്കിലും 100 കോടി ബജറ്റിലൊരുങ്ങിയ അനിമൽ 900 കോടിക്ക് മുകളിൽ കളക്ഷനാണ് ചിത്രം ബോക്‌സ് ഓഫീസിൽ നിന്നും നേടിയത്. രൺബീർ കപൂറിന്റെ കരിയറിലെ ഏറ്റവും ഉയർന്ന കളക്ഷൻ നേടിയ ചിത്രമായിരുന്നു അനിമൽ.