ബ്രസീലിലെ ഏറ്റവും മികച്ച ഫുട്ബോൾ താരങ്ങളിൽ ഒരാളാണ് ആന്റണി മതെയൂസ്. ക്ലബ് ലെവലിൽ അദ്ദേഹം ഡച്ചിന്റെ അയാക്സിൽ ഗംഭീര പ്രകടനമാണ് കാഴ്ച വെച്ചിരുന്നത്. അത് കൊണ്ട് മാഞ്ചസ്റ്റർ യുണൈറ്റഡ് അദ്ദേഹത്തെ സ്വന്തമാക്കിയത് റെക്കോഡ് തുകയ്ക്കായിരുന്നു. പക്ഷെ ക്ലബിൽ വന്നതിൽ പിന്നെ അദ്ദേഹത്തിന് മോശമായ സമയമാണുണ്ടായിട്ടുള്ളത്. ടീമിന് ആവശ്യമുള്ള തലത്തിൽ അദ്ദേഹത്തിന് തന്റെ കഴിവ് പുറത്തെടുക്കാൻ ഇത് വരെ സാധിച്ചിട്ടില്ല.
ഫോം ഔട്ട് ആയത് കൊണ്ട് തന്നെ അദ്ദേഹത്തിന് ഇപ്പോൾ ടീമിൽ ഒരുപാട് അവസരങ്ങൾ ലഭിക്കാറില്ല. കൂടാതെ താരത്തിനെ വിമർശിച്ച് ഒരുപാട് ആരാധകരും മുൻ താരങ്ങളും രംഗത്ത് എത്തിയിരിക്കുകയാണ്. വിമർശനങ്ങളും പരിഹാസങ്ങളും തന്റെ മാനസികാരോഗ്യത്തെ പോലും ബാധിച്ചു തുടങ്ങിയെന്ന് ഈയിടെ ആന്റണി വെളിപ്പെടുത്തിയിരുന്നു. ESPN റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.
ആന്റണി മതെയൂസ് പറയുന്നത് ഇങ്ങനെ:
”ഫുട്ബോൾ കളിക്കാൻ ആവശ്യമായ ബൂട്ടുകൾ എനിക്ക് ഇല്ലായിരുന്നു. വീട്ടിൽ ബെഡ്റൂം ഒന്നും എനിക്ക് ഇല്ലായിരുന്നു. ഞാൻ സോഫയിൽ ആയിരുന്നു കിടന്നുറങ്ങിയിരുന്നത്. ഫവേലയുടെ മധ്യത്തിൽ ആയിരുന്നു ഞാൻ ജീവിച്ചിരുന്നത്. ഞങ്ങളുടെ ഭാവി ജീവിതത്തെ ഓർത്ത് ഞാനും എന്റെ സഹോദരനും സഹോദരിയുമൊക്കെ ഒരുപാട് കരഞ്ഞിട്ടുണ്ട് ” ആന്റണി മതെയൂസ് പറഞ്ഞു.
ക്ലബ് തലത്തിൽ മാത്രമല്ല, ബ്രസീൽ ദേശിയ ടീമിൽ പോലും അദ്ദേഹത്തിന് ഇപ്പോൾ അവസരങ്ങൾ ലഭിക്കാറില്ല. പഴയ ഫോമിലേക്ക് മടങ്ങി വന്ന് തന്റെ ഫുൾ പൊട്ടെൻഷ്യലും കളിക്കളത്തിലേക്ക് അദ്ദേഹം ഇറക്കും എന്ന പ്രതീക്ഷയിലാണ് ഫുട്ബോൾ ആരാധകർ. ഉടൻ തന്നെ മാഞ്ചസ്റ്ററിൽ നിന്നും ആന്റണി പോയേക്കും എന്ന് റിപ്പോട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ഈ സീസൺ കൂടി അദ്ദേഹം ടീമിന്റെ ഭാഗമായി തുടരും എന്നത് ഔദ്യോഗീകമായി പ്രഖ്യാപിച്ചിരുന്നു.