ഭാവിതലമുറയെ പ്രചോദിപ്പിക്കുന്ന പ്രോജക്റ്റുകള്‍ ചെയ്യുകയാണ് തന്റെ ലക്ഷ്യമെന്ന് സംഗീതസംവിധായകന്‍ എആര്‍ റഹ്‌മാന്‍. ഇനി സ്വയം തെളിയിക്കേണ്ട ആവശ്യമില്ല എന്നാണ് തോന്നുന്നത്, അതുകൊണ്ട് താന്‍ ബിഗ് ബജറ്റ് സിനിമകളും, മറ്റ് പ്രോജക്ടുകളുമാണ് തിരഞ്ഞെടുക്കാറുള്ളത് എന്നാണ് റഹ്‌മാന്‍ ദ വീക്കിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.
എന്റെ കഴിവ് തെളിയിക്കേണ്ട ആവശ്യം ഇനി ഉണ്ടെന്ന് തോന്നുന്നില്ല. ബിഗ് ബജറ്റ് ചിത്രങ്ങളിലെയും സിനിമ സംബന്ധിയല്ലാത്തതുമായ വര്‍ക്കുകള്‍ എന്റെ സര്‍ഗാത്മകതയെ തൃപ്തിപ്പെടുത്തും. സ്ലം ഡോഗ് മില്യണയര്‍ എന്ന സിനിമയ്ക്ക് വേണ്ടി ചെയ്ത ജയ്‌ഹോ വഴി ഞാന്‍ ഓസ്‌കര്‍ നേടി.
എന്നാല്‍ ഇപ്പോള്‍ ആരാണ് അതൊക്കെ ശ്രദ്ധിക്കുന്നത്. എനിക്ക് അടുത്ത് നില്‍ക്കുന്നവരെയും വരും തലമുറകളെയും പ്രചോദിപ്പിക്കുന്ന തരത്തിലുള്ള വര്‍ക്കുകള്‍ ചെയ്യണം എന്നാണ് ആഗ്രഹം എന്നാണ് എആര്‍ റഹ്‌മാന്‍ പറയുന്നത്. മാത്രമല്ല, തന്നെ എപ്പോഴും അലോസരപ്പെടുത്തുന്നതായി തോന്നുന്ന രണ്ട് കാര്യങ്ങളും റഹ്‌മാന്‍ വെളിപ്പെടുത്തി.
പ്രായം കൂടുന്നതിന് അനുസരിച്ച് തന്റെ സഹിഷ്ണുതയും കുറഞ്ഞു വരികയാണ്. ടൈമര്‍ വെച്ച് സെല്‍ഫി എടുക്കാന്‍ പറയുന്നതാണ് അലോസരമുണ്ടാക്കുന്ന ഒരു കാര്യം. മറ്റൊന്ന് ഭ്രാന്ത് പിടിപ്പിക്കുന്ന വരികളുമായി അതിന് സംഗീതം നല്‍കണമെന്ന് അഭ്യര്‍ഥിക്കുന്ന സംവിധായകരാണ് എന്നാണ് എആര്‍ റഹ്‌മാന്‍ പറയുന്നത്.