കണ്ണീരോർമയായി അർജുൻ; പിറന്ന മണ്ണിൽ അന്ത്യ വിശ്രമം, കണ്ണീരോടെ വിട ചൊല്ലി വീട്ടുകാരും നാട്ടുകാരും

കണ്ണീരോർമയായി അർജുൻ; പിറന്ന മണ്ണിൽ അന്ത്യ വിശ്രമം, കണ്ണീരോടെ വിട ചൊല്ലി വീട്ടുകാരും നാട്ടുകാരും

ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുന് ഒരിക്കലും ഇത്തരത്തിൽ ഒരു അന്ത്യാഞ്ജലി നൽകേണ്ടി വരുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. കേരളം ഒരിക്കലും കണ്ടിട്ടില്ലാത്ത രീതിയിലുളള ഒരു അന്ത്യ യാത്ര. നീണ്ട യാത്രക്ക് ശേഷം കേരളക്കരയെ കണ്ണീരിലാഴ്ത്തി വീണ്ടും അവൻ യാത്രയായി. പിറന്ന മണ്ണിൽ അർജുന് അന്ത്യ വിശ്രമം. കുടുംബാംഗങ്ങളും നാട്ടുകാരും അവസാനമായി അർജുന് അന്ത്യാഞ്ജലി അർപ്പിച്ചു.

അർജുന്റെ മൃതസംസ്കാര ചടങ്ങുകൾ പൂർത്തിയായി. കണ്ണാടിക്കലിലെ സ്വന്തം മണ്ണിൽ ഇനി അവൻ അന്ത്യവിശ്രമം കൊള്ളും. വീട്ടുവളപ്പിലൊരുക്കിയ ചിതയിലായിരുന്നു അർജുന്റെ സംസ്കാരം. ഒമ്പതരയോടെയാണ് കണ്ണാടിക്കലിലെ ‘അമരാവതി’ എന്ന അർജുന്റെ വീടിനരികിലേക്ക് വിലാപയാത്ര എത്തിയത്. നിരവധി ആളുകളാണ് അർജുൻ അവസാനമായി ഒരുനോക്ക് കാണാൻ എത്തിയത്. ഉള്ളുലുച്ച കാഴ്ചയാണ് കണ്ണാടിക്കലിൽ നിന്നും കാണാനായത്.

അർജുന്റെ മൃതദേഹം വഹിച്ചുള്ള ആംബുലൻസിനെ അനുഗമിച്ച് നിരവധി പേർ വിലാപയാത്രയിൽ പങ്കുചേർന്നു. മുദ്രാവാക്യം വിളികളോടെയാണ് അർജുനെ നാട് ഏറ്റുവാങ്ങിയത്. ആദ്യം ബന്ധുക്കള്‍ക്ക് മാത്രം കുറച്ച് സമയം അന്ത്യാ‌ഞ്ജലി അ‍ർപ്പിക്കാൻ സമയം നൽകി. പിന്നീട് നാട്ടുകാർക്കും അർജുന് ആദരമർപ്പിക്കാനായി പല നാടുകളിൽ നിന്നെത്തിയവർക്കുമായി പൊതുദർശനം ഒരുക്കിയിരുന്നു.

കേരളാ അതിർത്തിയായ തലപ്പാടി ചെക്ക്പോസ്റ്റിലും കാസർകോടും കണ്ണൂരിലും അർജുന് ജനം ആദരാഞ്ജലി അർപ്പിച്ചു. കോഴിക്കോട് ജില്ലാ അതിർത്തിയിൽ മന്ത്രി എകെ ശശീന്ദ്രനും കെ കെ രമ എംഎൽഎയും ജില്ല കളക്ടർ സ്നേഹിൽ കുമാറും ചേർന്നാണ് മൃതദേഹം ഏറ്റുവാങ്ങിയത്. പുലർച്ചെ അഞ്ചരയോടെ മൃതദേഹം വഹിച്ചുള്ള വാഹന വ്യൂഹം കണ്ണൂർ നഗരം പിന്നിട്ട് ആറ് മണിയോടെ കോഴിക്കോട് ജില്ലയിൽ പ്രവേശിച്ചു. ഇവിടെ വച്ച് മന്ത്രി എകെ ശശീന്ദ്രനും കോഴിക്കോട് ജില്ലാ കളക്ടറും അടക്കമുള്ളവർ സംസ്ഥാന സർക്കാരിന് വേണ്ടി മൃതദേഹം ഏറ്റുവാങ്ങി.

ഏഴരയ്ക്ക് പൂളാടിക്കുന്നിൽ നിന്നുമാണ് വാഹനങ്ങളുടെ അകമ്പടിയോടെ വിലാപയാത്ര തുടങ്ങിയത്. കേരള, കർണാടക പൊലീസും വിലാപയാത്രയെ അനുഗമിച്ചിരുന്നു. കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയ്‌ലും മഞ്ചേശ്വരം എംഎൽഎ എ.കെ.എം അഷ്‌റഫും ഷിരൂരിലെ മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപേയും വിലാപയാത്രയ്‌ക്കൊപ്പമുണ്ടായിരുന്നു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *