അതിഷി ഇന്ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും, 15 പ്രധാന വകുപ്പുകളുടെ ചുമതല; ഒപ്പം അധികാരമേൽക്കുക അഞ്ച് മന്ത്രിമാര്‍

അതിഷി ഇന്ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും, 15 പ്രധാന വകുപ്പുകളുടെ ചുമതല; ഒപ്പം അധികാരമേൽക്കുക അഞ്ച് മന്ത്രിമാര്‍

ഡല്‍ഹിയുടെ മൂന്നാമത്തെ വനിതാ മുഖ്യമന്ത്രിയായി ആം ആദ്മി പാര്‍ട്ടി നേതാവ് അതിഷി ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. അതിഷിക്കൊപ്പം അഞ്ച് മന്ത്രമാരും സത്യവാചകം ചൊല്ലി അധികാരമേല്‍ക്കുക. കെജ്‌രിവാള്‍ മന്ത്രിസഭയില്‍ ഉണ്ടായിരുന്ന ഗോപാല്‍ റായ്, കൈലാഷ് ഗെഹ്‌ലോട്ട്, സൗരഭ് ഭരദ്വാജ്, ഇമ്രാന്‍ ഹുസൈന്‍ എന്നിവരും പാര്‍ട്ടിയുടെ ദളിത് മുഖവും പുതുമുഖവുമായ മുകേഷ് അഹ്ലാവതുമാണ് ഇന്ന് ചുമതലയേല്‍ക്കുന്നത്.

ഡൽഹിയുടെ ഏറ്റവും പ്രായംകുറഞ്ഞ മുഖ്യമന്ത്രിയായി അധികാരമേൽക്കുന്ന അതിഷിക്ക് 15 പ്രധാന വകുപ്പുകളുടെ ചുമതലയാണ് നൽകിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഉത്തരവാദിത്തങ്ങള്‍ക്കു പുറമേ ധനകാര്യം, റവന്യൂ, പൊതുമരാമത്ത്, വിദ്യാഭ്യാസം, വൈദ്യുതി ഉള്‍പ്പടെയുള്ള പ്രധാന വകുപ്പുകളുടെ ചുമതലയും അതിഷിക്കാണ്. കെജ്‌രിവാള്‍ മന്ത്രിസഭയില്‍ 13 പ്രധാന വകുപ്പുകള്‍ അതിഷി കൈകാര്യം ചെയ്തിരുന്നു. മന്ത്രിസഭയിലെ അംഗങ്ങളുടെ എണ്ണം കുറഞ്ഞതോടെ ഓരോരോരുത്തര്‍ക്കും കൂടുതല്‍ ചുമതലയാണ് വഹിക്കേണ്ടി വരിക.

നേരത്തെ മുഖ്യമന്ത്രി ഉള്‍പ്പടെ ആറുപേര്‍ മന്ത്രിസഭയിലുണ്ടാകുമെന്നായിരുന്നു ആം ആദ്മി പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചിരുന്നത്. എന്നാല്‍ ഏഴാം മന്ത്രിസ്ഥാനത്തെച്ചൊല്ലി പാര്‍ട്ടിയില്‍ ഭിന്നസ്വരം ഉയര്‍ന്നതോടെയാണ് മുഖ്യമന്ത്രിയും അഞ്ച് മന്ത്രിമാരുമെന്ന തീരുമാനത്തിലേക്ക് പാര്‍ട്ടി എത്തിച്ചേര്‍ന്നതെന്നാണ് ലഭിക്കുന്ന സൂചനകള്‍. ഉത്തര-പൂര്‍വ ഡല്‍ഹിയിലെ സുല്‍ത്താന്‍പുര്‍ മജ്‌റ എംഎല്‍എ മുകേഷ് അഹ്ലാവതനതു ചുമതലയേൽക്കുന്നവരിൽ പുതുമുഖം.

ചൊവ്വാഴ്ച ചേര്‍ന്ന എഎപി എംഎല്‍എമാരുടെ യോഗമാണ് അതിഷിയെ ഐകകണ്‌ഠേന മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത്. ഡല്‍ഹിയിലെ വോട്ടര്‍മാര്‍ തന്റെ സത്യസന്ധത അംഗീകരിച്ചാല്‍ മാത്രമേ താന്‍ ഇനി മുഖ്യമന്ത്രി സ്ഥാനത്തേക്ക് തിരികെ വരൂയെന്നു പ്രഖ്യാപിച്ചുകൊണ്ടായിരുന്നു കെജ്‌രിവാളിന്റെ രാജിപ്രഖ്യാപനം. ഇതിന് പിന്നാലെയാണ് കെജ്‌രിവാളിന്റെ പിൻഗാമിയെ പാർട്ടി തിരഞ്ഞെടുത്തത്. കെജ്‌രിവാൾ തന്നെയാണ് അതിഷിയുടെ പേര് മുന്നോട്ട് വെച്ചത്.

അഞ്ചു മാസത്തിനപ്പുറം ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് അതിഷി മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കുന്നത്. കെജ്‌രിവാളിന്റെ അഭാവത്തിൽ പാർട്ടിയുടെയും ഭരണത്തിന്റെ കടിഞ്ഞാൺ നിയന്ത്രിച്ചത് അതിഷിയാണ്. അരവിന്ദ് കെജ്‌രിവാൾ ജയിലിൽ അടയ്ക്കപ്പെട്ട സമയത്ത് ബിജെപിക്കെതിരെയും കേന്ദ്രസർക്കാരിനെതിരെയും രൂക്ഷ വിമർശനമുയർത്തി ദേശീയ തലത്തിൽ അതിഷി കൂടുതൽ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *