നടന്‍ ബാലയുടെ ആരോഗ്യം മോശമാണെന്ന് അഭിഭാഷക. നടന്‍ തളര്‍ന്ന അവസ്ഥയിലാണുള്ളത്. രാവിലെ തന്നെ മരുന്ന് കഴിക്കേണ്ട സാഹചര്യമുണ്ട്. അദ്ദേഹം കരള്‍ മാറ്റിവച്ച ഒരു രോഗിയാണ്. പ്രത്യേക തരത്തിലുള്ള ഭക്ഷണ രീതികളാലും മരുന്നിനാലുമാണ് അദ്ദേഹം ജീവിച്ചു വരുന്നത് എന്നാണ് അഭിഭാഷക പറയുന്നത്.
പൊലീസിന്റെ ഭാഗത്ത് നിന്നും എല്ലാ രീതിയിലുമുള്ള സഹകരണമുണ്ട്. ഇത് നിലനില്‍ക്കുന്ന കേസ് അല്ല എന്നാണ് എന്റെ അറിവില്‍ നിന്നും മനസിലാകുന്നത്. സാധാരണഗതിയില്‍ ഇങ്ങനെയൊരു പരാതി ലഭിച്ചാല്‍ മാനുഷിക പരിഗണന അനുസരിച്ച് 41 എ നോട്ടിസ് തന്ന് വിളിക്കാമായിരുന്നു എന്ന അഭിപ്രായമുണ്ട്.
പൊലീസ് അവരുടെ ഡ്യൂട്ടിയാണ് ചെയ്യുന്നത്. ഒരു ഘട്ടത്തിലും ബാല പരാതിയെ കുറിച്ച് അറിഞ്ഞിരുന്നില്ല. ഇന്നലെ രാത്രി എട്ട് മണിക്കാണ് പരാതി കിട്ടി എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യുന്നതെന്ന് രേഖകളില്‍ നിന്നും മനസിലായി. അഭിഭാഷക എന്ന നിലയില്‍ എഫ്‌ഐആര്‍ പരിശോധിച്ചിരുന്നു.
ജാമ്യം ലഭിക്കാനുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. അറസ്റ്റ് രേഖപ്പെടുത്തുകയാണെങ്കില്‍ കോടതിയില്‍ ഹാജരാക്കേണ്ടി വരും. 41 എ നോട്ടിസ് തന്ന് വിടാനുള്ള കാര്യമേ ഒള്ളൂ. അദ്ദേഹം ചോദ്യം ചെയ്യലിന് സഹകരിക്കുന്ന ആളാണ്. ഇത്തരത്തിലൊരു പരാതി വന്നാല്‍ പൊലീസ് സ്വാഭാവികമായും നടപടി ക്രമങ്ങള്‍ ചെയ്യേണ്ടി വരും എന്നാണ് അഭിഭാഷക പറയുന്നത്.
അതേസമയം, ഇന്ന് പുലര്‍ച്ചെയാണ് ബാല അറസ്റ്റിലായത്. എറണാകുളം കടവന്ത്ര പൊലീസാണ് പുലര്‍ച്ചെ പാലാരിവട്ടത്തെ ഫ്‌ളാറ്റില്‍ നിന്ന് നടനെ അറസ്റ്റ് ചെയ്തത്. സോഷ്യല്‍ മീഡിയയിലൂടെ അപകീര്‍ത്തിപ്പെടുത്തല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, കുട്ടികളോട് ക്രൂരത കാട്ടല്‍ എന്നീ വകുപ്പുകള്‍ അനുസരിച്ചാണ് കേസ്.