
തെലുങ്ക് സിനിമയിലെ കിരീടംവെക്കാത്ത രാജാവാണ് ബാലയ്യ എന്ന നന്ദമൂരി ബാലകൃഷ്ണ. നടന്‍ എന്ന നിലയില്‍ മാത്രമല്ല രാഷ്ട്രീയ നേതാവെന്ന നിലയിലും താരം ശ്രദ്ധേയനാണ്. ഇപ്പോള്‍ സിനിമയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ് താരം. പലപ്പോഴും ബാലയ്യ വാര്‍ത്തകളില്‍ നിറയുന്നത് വിവാദങ്ങളുടെ പേരിലാണ്. ബാലയ്യയെ വിവാദനായകനാക്കിയ അഞ്ച് സംഭവങ്ങള്‍ ഇവയാണ്.
1. വെടിവെപ്പ്

2004ലാണ് ബാലയ്യയുടെ അറസ്റ്റിലേക്ക് നയിച്ച സംഭവമുണ്ടായത്. നിര്‍മാതാവ് ബെല്ലംകൊണ്ട സുരേഷ്, അദ്ദേഹത്തിന്റെ സഹായി സത്യനാരായണ ചൗധരി എന്നിവര്‍ക്ക് നേരെയാണ് ബാലയ്യ വെടിവെപ്പ് നടത്തിയത്. ഭാര്യ വസുന്തര ദേവിയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത തോക്കില്‍ നിന്നാണ് വെടിയുതിര്‍ത്തത്. അക്രമണത്തിനു ശേഷം ബോധം നഷ്ടപ്പെട്ട ബാലയ്യയെ ആശുപത്രിയിലേക്ക് മാറ്റി. കത്തി കൊണ്ട് അക്രമിക്കാന്‍ വന്നപ്പോള്‍ വെടിവച്ചു എന്നായിരുന്നു അറസ്റ്റിനു പിന്നാലെയുള്ള താരത്തിന്റെ വിശദീകരണം. എന്നാല്‍ സംഭവം നടന്ന് അടുത്ത ദിവസം സുരേഷ് മൊഴിമാറ്റിയതാണ് ബാലയ്യയ്ക്ക് രക്ഷയായത്. ആരാണ് വെടിവച്ചത് എന്ന് ഓര്‍മിക്കാനാവുന്നില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. തെളിവുകളില്ലാത്തതിന്റെ പേരില്‍ കേസ് മുന്നോട്ടു പോയില്ല.
2. രാധിക ആപ്‌തെയുടെ ആരോപണം

ബോളിവുഡ് നടി രാധിക ആപ്‌തെ വോഗിന് നല്‍കിയ അഭിമുഖത്തിലാണ് നടനെതിരെ ഗുരുതര ആരോപണം ഉന്നയിച്ചത്. പേര് എടുത്തു പറയാതെയായിരുന്നു നടി തനിക്കു നേരിട്ട മോശം അനുഭവം തുറന്നു പറഞ്ഞത്.
‘തെലുങ്ക് സിനിമയിലെ എന്റെ ആദ്യത്തെ ദിവസമായിരുന്നു. സുഖമില്ലാത്തതിനാല്‍ ഞാന്‍ കിടക്കുകയായിരുന്നു. അപ്പോഴാണ് നായകന്‍ കടന്നുവന്നത്. എനിക്ക് അയാളെ അറിയുക പോലുമില്ലായിരുന്നു. അയാള്‍ എന്റെ കാലില്‍ ഇക്കിളിയാടാന്‍ തുടങ്ങി. അദ്ദേഹം വലിയ നടനാണ്. ഞാന്‍ എഴുന്നേറ്റ് എല്ലാവര്‍ക്കും മുന്‍പില്‍ വച്ച് ദേഷ്യപ്പെട്ടു. അദ്ദേഹം അത് പ്രതീക്ഷിച്ചിരുന്നില്ല. അതിനു ശേഷം അയാള്‍ എന്നെ തൊട്ടിട്ടില്ല.’- രാധിക പറഞ്ഞു. ബാലയ്യയ്‌ക്കൊപ്പമാണ് രാധിക തെലുങ്കില്‍ രണ്ട് സിനിമകളില്‍ അഭിനയിച്ചിട്ടുള്ളത്. അതിനാല്‍ തന്നെ നടി പറഞ്ഞത് ആരെക്കുറിച്ചാണ് എന്നത് വ്യക്തമായിരുന്നു.
3. ആരാധകര്‍ക്ക് മര്‍ദനം
നിരവധി ആരാധകരുള്ള സൂപ്പര്‍താരമാണ് ബാലയ്യ. എന്നാല്‍ ആരാധകരോടുള്ള താരത്തിന്റെ പെരുമാറ്റം പലപ്പോഴും വിവാദമാകാറുണ്ട്. 2021ല്‍ താരം ആരാധകനെ തല്ലുന്നതിന്റെ വിഡിയോ വൈറലായിരുന്നു. സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചതിനായിരുന്നു മര്‍ദനം. എന്നാല്‍ അടി കൊണ്ട് ആരാധകന്‍ തന്നെ പിന്നീട് നടന് പിന്തുണയുമായി എത്തി. 2017ലും സമാനമായ സംഭവമുണ്ടായി. സെല്‍ഫി എടുക്കുന്നതിനിടെ താരത്തിന്റെ മേലേക്ക് വീണതാണ് ആക്രമണത്തിന് കാരണമായത്.
4. സഹപ്രവര്‍ത്തകരോട് മോശം പെരുമാറ്റം
2018ലാണ് ജയ് സിംഹ സിനിമയുടെ ഷൂട്ടിങ്ങിനിടെ താരം സഹപ്രവര്‍ത്തകരോട് മോശമായി പെരുമാറുന്നതിന്റെ വിഡിയോ പുറത്തുവന്നത്. സഹായിയുടെ തലയ്ക്ക് അടിക്കുകയും ഷൂം വൃത്തിയാക്കാന്‍ ആവശ്യപ്പെടുന്നതുമാണ് വിഡിയോയിലുണ്ടായിരുന്നു. ഇത് വലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു.
5. അഞ്ജലിയെ പിടിച്ചു തള്ളി
ഒരു സിനിമയുടെ പ്രമോഷന്‍ ചടങ്ങിനിടെയാണ് നടിയോട് ബാലയ്യ മോശം രീതിയില്‍ പെരുമാറിയത്. നടിമാര്‍ക്കൊപ്പം സ്റ്റേജില്‍ കയറിയ ബാലയ്യ അഞ്ജലിയെ പിടിച്ച് തള്ളുകയായിരുന്നു. താരം മദ്യപിച്ചാണ് ചടങ്ങിന് എത്തിയത് എന്ന തരത്തില്‍ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. താരത്തിന്റെ സീറ്റിന് സമീപത്തു നിന്ന് മദ്യ കുപ്പി ഇരിക്കുന്നതിന്റെ ചിത്രവും പ്രചരിക്കപ്പെട്ടു. എന്നാല്‍ ബാലയ്യയുമായി തനിക്ക് പ്രശ്‌നങ്ങളില്ല എന്നായിരുന്നു അഞ്ജലിയുടെ പ്രതികരണം.