ഇന്ത്യന്‍ യുവ ബോളിംഗ് സെന്‍സേഷന്‍ മായങ്ക് യാദവ് ഓസ്ട്രേലിയയില്‍ ടെസ്റ്റ് അരങ്ങേറ്റം കുറിക്കുന്നത് കാണാനുള്ള ആഗ്രഹവും പ്രകടിപ്പിച്ചു പാക് മുന്‍ താരം ബാസിത് അലി. മായങ്ക് യാദവിന്റെ മികച്ച പേസിനെ പ്രശംസിച്ച അലി, കൃത്യമായ ബൗണ്‍സറുകള്‍ ഓസ്ട്രേലിയയില്‍ വളരെ അപകടകാരിയാണെന്ന് പറഞ്ഞു.
മായങ്ക് യാദവിന്റെ പന്ത് വളരെ അപകടകരമാണ്. അദ്ദേഹത്തിന്റെ ബൗണ്‍സര്‍ കൃത്യമാണ്. അദ്ദേഹം ഓസ്ട്രേലിയയില്‍ ഒരു ടെസ്റ്റ് മത്സരം കളിക്കുന്നത് കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു- ബാസിത് പറഞ്ഞു.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) 2024 ല്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സിന് (എല്‍എസ്ജി) വേണ്ടി കളിക്കുന്നതിനിടെയാണ് മായങ്ക് യാദവ് വാര്‍ത്തകളില്‍ ഇടം നേടിയത്. റോയല്‍ ചലഞ്ചേഴ്സ് ബംഗളുരുവിനെതിരെ (ആര്‍സിബി) 156.7 കിലോമീറ്റര്‍ വേഗതയില്‍ അദ്ദേഹം ഡെലിവറി സ്പീഡ് രേഖപ്പെടുത്തി. ഐപിഎല്‍ 2024ലെ ഏറ്റവും വേഗതയേറിയ പന്തും ടൂര്‍ണമെന്റിന്റെ ചരിത്രത്തിലെ നാലാമത്തെ വേഗതയേറിയ പന്തുമായിരുന്നു ഇത്.
നാല് മത്സരങ്ങളില്‍ നിന്ന് 12.14 ശരാശരിയില്‍ മായങ്ക് യാദവ് ഏഴ് വിക്കറ്റ് വീഴ്ത്തി. എന്നിരുന്നാലും, ശേഷിക്കുന്ന ടൂര്‍ണമെന്റില്‍നിന്ന് താരം പരിക്കേറ്റ് പുറത്തായി. നവംബറില്‍ ഓസ്ട്രേലിയയില്‍ ആരംഭിക്കുന്ന ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി പരമ്പരയ്ക്കുള്ള ടീമില്‍ മായങ്ക് യാദവ് ഉള്‍പ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.
വെള്ളിയാഴ്ച കാണ്‍പൂരില്‍ ബംഗ്ലാദേശിനെതിരായ രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റ് മത്സരം ഇന്ത്യ കളിക്കും. ബിജിടി പരമ്പരയ്ക്ക് മുമ്പ് മൂന്ന് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ ന്യൂസിലന്‍ഡിനെ നേരിടും.