ഈ വർഷം നടന്ന കോപ്പ അമേരിക്കൻ ടൂർണമെന്റിൽ മോശമായ പ്രകടനമാണ് ബ്രസീൽ ടീം കാഴ്ച വെച്ചത്. നെയ്മർ ജൂനിയറിന്റെ അഭാവം ടീമിൽ നന്നായി അറിയാൻ സാധിക്കുന്നുണ്ടായിരുന്നു. എന്നാൽ പരിക്കിൽ നിന്നും മുക്തി നേടാനാവാത്തത് കൊണ്ടാണ് താരത്തിന് കോപ്പ അമേരിക്കൻ മത്സരങ്ങളിൽ നിന്നും പുറത്താകേണ്ടി വന്നത്. അന്ന് മുതൽ ഒരു മത്സരങ്ങൾ പോലും ബ്രസീലിന് മികച്ച വിജയം നേടാനായിട്ടില്ല.
ഇപ്പോഴിതാ അവർ വീണ്ടും വിജയ വഴിയേ തിരികെ എത്തിയിരിക്കുകയാണ്. ഇക്വഡോറിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ബ്രസീൽ പരാജയപ്പെടുത്തിയത്. ബ്രസീൽ ടീമിന് വേണ്ടി അവരുടെ പ്രധാന താരമായ റോഡ്രിഗോയാണ് വിജയഗോൾ നേടിയത്. മത്സരത്തിൽ വിനീഷ്യസ് ജൂനിയറും മികച്ച പ്രകടനമാണ് നടത്തിയത്. ടീമിന്റെ മുന്നേറ്റ നിരയിൽ റോഡ്രിഗോ, വിനി, ലൂയിസ് ഹെൻറിക്കെ എന്നിവരായിരുന്നു ഉണ്ടായിരുന്നത്. ആദ്യ പകുതിയിൽ അക്രമിച്ചായിരുന്നു ബ്രസീൽ കളിച്ചത്.
മത്സരത്തിന്റെ 38 ആം മിനിറ്റിലാണ് റോഡ്രിഗോ ഗോൾ നേടിയത്. എന്നാൽ രണ്ടാം പകുതിയിൽ താരങ്ങൾ മോശമായ പ്രകടനം നടത്തി എന്നാണ് ആരാധകർ വിലയിരുത്തുന്നത്. ആക്രമിച്ച് കളിച്ച ബ്രസീൽ രണ്ടാം പകുതിയിൽ മികച്ച മുന്നേറ്റങ്ങൾ നടത്താൻ പാടുപെട്ടു. മത്സരത്തിൽ ബ്രസീൽ ടീമിന് വേണ്ടി എസ്റ്റവായോ വില്യൻ അരങ്ങേറ്റം നടത്തിയിട്ടുണ്ട്.നിലവിൽ പോയിന്റ് പട്ടികയിൽ ബ്രസീൽ നാലാം സ്ഥാനത്താണ്. അടുത്ത മത്സരത്തിൽ പരാഗ്വയാണ് അവരുടെ എതിരാളികൾ. പോയിന്റ് ടേബിളിൽ ഏഴാം സ്ഥാനത്താണ് പരാഗ്വ നിൽക്കുന്നത്. അടുത്ത മത്സരവും ഗംഭീരമായി വിജയിക്കാൻ സാധിക്കും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.