പൊട്ടിത്തെറിക്കും മുന്നേ തുളച്ചുകയറുന്ന ‘ബങ്കർ ബസ്റ്റർ’ ബോംബ് !

പൊട്ടിത്തെറിക്കും മുന്നേ തുളച്ചുകയറുന്ന ‘ബങ്കർ ബസ്റ്റർ’ ബോംബ് !

പാറകൾ പോലും നിമിഷനേരം കൊണ്ട് പൊടിയാകും. സൈനിക ബങ്കറുകൾ, ഭൂഗർഭ അറകൾ വരെ തകർക്കാനുള്ള ശക്തി. പൊട്ടിത്തെറിക്കുന്നതിന് മുൻപ് കോൺക്രീറ്റിലേക്കോ മണ്ണിലേക്കോ തുളച്ചുകയറാനുള്ള കരുത്ത്. പറഞ്ഞു വരുന്നത്, ലെബനനിലെ സായുധസംഘവും രാഷ്ട്രീയശക്തിയുമായ ഹിസ്ബുള്ളയുടെ തലവൻ ഹസൻ നസ്‌റുള്ളയെ കൊലപ്പെടുത്താൻ ഇസ്രയേൽ ഉപയോഗിച്ച ബങ്കർ ബസ്റ്റർ ബോംബുകളെ കുറിച്ചാണ്. നസ്‌റുള്ളയുടെ മരണത്തിന് പിന്നാലെ ചർച്ചയാവുകയാണ് ‘ബങ്കർ ബസ്റ്റർ’ ബോംബുകൾ.

നസ്‌റുള്ളയെ കൊലപ്പെടുത്താൻ 5000 പൗണ്ട് ബങ്കർ ബസ്റ്റർ ബോംബ് ഉപയോ​ഗിച്ചതായാണ് ഇറാൻ ആരോപിക്കുന്നത്. യുഎസ് നൽകിയ ബോംബുകളാണ് ഇസ്രയേൽ നസ്‌റുള്ളയ്ക്കെതിരെ ഉപയോ​ഗിച്ചതെന്നും ഇറാൻ ആരോപിക്കുന്നു. നസ്‌റുള്ളയെ ലക്ഷ്യമിട്ടുകൊണ്ട് നടത്തിയ ബങ്കർ ബസ്റ്റർ ബോംബ് ആക്രമണത്തിൽ കൂറ്റൻ കെട്ടിടങ്ങൾ വരെ തകർന്നു വീണതായാണ് ഇസ്രായേൽ ഡിഫൻസ് ഫോഴ്സ് അറിയിച്ചത്. ഇനി എന്താണ് ബങ്കർ ബസ്റ്റർ ബോംബുകൾ എന്ന് നോക്കാം.. യുഎസ് സൈന്യം വികസിപ്പിച്ചെടുത്ത പ്രത്യേക ആയുധങ്ങളിൽ ഒന്നാണ് ബങ്കർ ബസ്റ്റർ ബോംബുകൾ. പരമ്പരാഗത യുദ്ധോപകരണങ്ങൾക്ക് പോലും നശിപ്പിക്കാൻ കഴിയാത്ത സൈറ്റുകളും സൈനിക ബങ്കറുകളും ഭൂഗർഭ അറകളും മറ്റും തകർക്കാൻ രൂപകൽപന ചെയ്ത ഒന്നാണ് ബങ്കർ ബസ്റ്റർ ബോംബുകൾ. ബങ്കറുകളുടെ ഉള്ളിൽ കഴിയുന്ന ശത്രുക്കളെ ഇല്ലാതാകാൻ വേണ്ടിയാണ് പലപ്പോഴും ബങ്കർ ബസ്റ്റർ ഉപയോഗിച്ചിട്ടുള്ളത്. കാലക്രമേണ ഈ ബോംബുകൾ യുദ്ധത്തിൽ അത്യന്താപേക്ഷിതമായി മാറുകയായിരുന്നു.

1991-ൽ ഗൾഫ് യുദ്ധകാലത്ത് ഇറാഖി സൈനിക ബങ്കറുകൾ നശിപ്പിക്കുന്നതിനായി വികസിപ്പിച്ചെടുത്തതാണ് GBU-28. ഇതിന് ഏകദേശം 5,000 പൗണ്ട് ഭാരമുണ്ട്. ലേസർ ഗൈഡൻസ് സിസ്റ്റം ഉപയോഗിച്ച് കൃത്യമായ ലക്ഷ്യസ്ഥാനത്ത് ഇത് പ്രയോഗിക്കാൻ സാധിക്കും. ബോംബിൻ്റെ ആവരണം ഭൂരിഭാഗവും നിർമിച്ചിരിക്കുന്നത് മിച്ചമുള്ള പീരങ്കി ബാരലുകളിൽ നിന്നാണ്. ഇതിനാൽ പൊട്ടിത്തെറിക്കുന്നതിന് മുൻപ് കോൺക്രീറ്റിലേക്കോ മണ്ണിലേക്കോ തുളച്ചുകയറാനുള്ള ശക്തി ലഭിക്കും. മണ്ണ്, പാറ, കോൺക്രീറ്റ് എന്നിവയിൽ തുളച്ചുകയറാൻ ബങ്കർ ബസ്റ്റർ ബോംബിന് സാധിക്കും. ലക്ഷ്യസ്ഥാനത്ത് തുളച്ചുകയറി നിമിഷങ്ങൾക്ക് ശേഷമായിരിക്കും ബോംബ് പൊട്ടുക. ഇതിനായി പ്രത്യേക ഫ്യൂസ് തന്നെ ബോംബിൽ ഘടിപ്പിച്ചിട്ടുണ്ട്. ലക്ഷ്യസ്ഥാനം നിർണയിക്കാനായി ലേസർ ഗൈഡഡ്, ജിപിഎസ് സംവിധാനവും ബോംബിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഭൂഗർഭ സൈനിക സൗകര്യങ്ങളെ ലക്ഷ്യം വയ്ക്കാൻ രൂപകൽപ്പന ചെയ്‌തിരിക്കുന്ന മറ്റൊരു പ്രിസിഷൻ ഗൈഡഡ് ബങ്കർ ബസ്റ്റർ ബോംബാണ് GBU-37. ലേസർ-ഗൈഡഡ് GBU-28-ൽ നിന്ന് വ്യത്യസ്തമായി, GBU-37 GPS-ഗൈഡഡ് ആയ ബോംബാണ്. ഇത് മോശം കാലാവസ്ഥയിലും ഉപയോഗിക്കാനാകും. മാത്രമല്ല, ആഴത്തിൽ കുഴിച്ചിട്ട ലക്ഷ്യത്തിൽ കൊള്ളിക്കാനും കൃത്യത ഉറപ്പാക്കുകയും ചെയ്യുന്നു. 30,000 പൗണ്ട് ഭാരമുള്ള യുഎസ് ആയുധപ്പുരയിലെ ഏറ്റവും വലിയ ബങ്കർ ബസ്റ്റർ ബോംബാണ് മാസ്സിവ് ഓർഡനൻസ് പെനട്രേറ്റർ (MOP) എന്ന് അറിയപ്പെടുന്ന GBU-57. പൊട്ടിത്തെറിക്കുന്നതിന് മുമ്പ് 200 അടി വരെയുള്ള ബലമുള്ള കോൺക്രീറ്റ് അല്ലെങ്കിൽ 60 അടിയിലധികം ഭൂമിയിലേക്ക് തുളച്ചുകയറാൻ രൂപകൽപ്പന ചെയ്‌തിരിക്കുന്ന ബോംബാണ് എംഒപി. ആഴത്തിൽ കുഴിച്ചിട്ടതും ഉയർന്ന ബലമുള്ളവയെ ലക്ഷ്യമിട്ടാണ് എംഒപി നിർമ്മിച്ചിരിക്കുന്നത്.

ഇറാൻ അല്ലെങ്കിൽ ഉത്തര കൊറിയ പോലുള്ള രാജ്യങ്ങളിലെ ഭൂഗർഭ ആണവ വികസന കേന്ദ്രങ്ങളെ നിർവീര്യമാക്കാനുള്ള യുഎസ് തന്ത്രത്തിലെ ഒരു നിർണായക ആയുധമായാണ് ഇതിനെ കണക്കാക്കുന്നത്. ബങ്കർ ബസ്റ്ററുകൾ കാലതാമസം വരുത്തിയ ഫ്യൂസുകളുമായാണ് വരുന്നത്. അത് ലക്ഷ്യത്തിലേക്ക് തുളച്ചുകയറിയതിനുശേഷം മാത്രമേ ബോംബ് പൊട്ടിത്തെറിക്കാൻ അനുവദിക്കുകയുള്ളു. ആധുനിക യുദ്ധങ്ങൾക്കായി രൂപകൽപ്പന ചെയ്ത ഏറ്റവും നൂതനവും ശക്തവുമായ യുദ്ധോപകരണങ്ങളിൽ ഒന്നാണ് യുഎസ് ബങ്കർ-ബസ്റ്റർ ബോംബുകൾ. വിനാശകരമായ ആയുധങ്ങൾ ഒരു മടിയുമില്ലാതെ യുദ്ധഭൂമികളിൽ സൈന്യങ്ങൾ മാറി മാറി ഉപയോഗിച്ച് ജയിക്കുമ്പോൾ കൂടുതൽ കൂടുതൽ യുദ്ധഭൂമികൾ സൃഷ്ടിക്കപ്പെടുന്നതിന്റെ ഭീതിയിലാണ് ലോകം. സമാധാനം ആഗ്രഹിക്കുന്നവർക്ക് മുന്നിലേക്ക് പുത്തൻ സാങ്കേതികതയിൽ പുതിയ പുതിയ ആയുധങ്ങൾ ഉണ്ടാവുകയും ഉണ്ടായിരുന്നവ പുത്തൻ രീതിയിൽ കൂടുതൽ വിനാശകരമായി അവതരിപ്പിക്കപ്പെടുകയുമാണ്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *