പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസുമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം. ആവശ്യമില്ലാതെ ടിഎംസിയെ എതിര്‍ക്കില്ലെന്ന് പശ്ചിമ ബംഗാള്‍ കോണ്‍ഗ്രസിന്റെ പുതിയ സംസ്ഥാന അദ്ധ്യക്ഷന്‍ ശുഭാംഗര്‍ സര്‍ക്കാര്‍ വ്യക്തമാക്കി.
എന്നെ സംബന്ധിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് ഒരു രാഷ്ട്രീയ പാര്‍ട്ടിയാണ്. ആ പാര്‍ട്ടി സംസ്ഥാനത്തെ ജനാധിപത്യ ഇടം സംരക്ഷിക്കുന്നുണ്ടെങ്കില്‍, താന്‍ അനാവശ്യമായി തൃണമൂല്‍ കോണ്‍ഗ്രസിനെ എതിര്‍ക്കില്ലെന്നും ശുഭാംഗര്‍ സര്‍ക്കാര്‍ പറഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസിന്റെ കടുത്ത വിമര്‍ശകനായിരുന്നു സംസ്ഥാനത്തെ മുന്‍ അധ്യക്ഷന്‍ അധിര്‍ രഞ്ജന്‍ ചൗധരിയുടെ നിലപാടുകള്‍ക്ക് നേരെ വിപരീതമായാണ് ശുഭാംഗറിന്റെ പ്രതികരണം.
സംസ്ഥാന അദ്ധ്യക്ഷനായി പ്രഖ്യാപിക്കപ്പെട്ട് ഒരു ദിവസത്തിന് ശേഷം സംസ്ഥാന കോണ്‍ഗ്രസ് കാര്യാലയത്തില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അദേഹം നിലപാട് വ്യക്തമാക്കിയത്.
സംസ്ഥാനത്ത് പാര്‍ട്ടിയെ ശക്തിപ്പെടുത്തുക എന്നതാണ് തന്റെ പ്രാഥമികമായ കര്‍ത്തവ്യമെന്നും അദ്ദേഹം വ്യക്തമാക്കി. മുതിര്‍ന്ന നേതാക്കളുമായും മുന്‍ അദ്ധ്യക്ഷന്‍മാരായ അധിര്‍ രഞ്ജന്‍ ചൗധരിയുമായും പ്രദീപ് ഭട്ടാചാര്യയുമായും ചര്‍ച്ച ചെയ്ത് താന്‍ പാര്‍ട്ടി കാര്യങ്ങള്‍ ചര്‍ച്ചചെയ്യും. തൃണമൂലും കോണ്‍ഗ്രസുമായി വര്‍ഷങ്ങളായി പശ്ചിമ ബംഗാളില്‍ നേര്‍ക്കുനേര്‍ പേരാട്ടമാണ് നടക്കുന്നത്. ഇതിന് ഇടതുപക്ഷ പാര്‍ട്ടികളുടെ പിന്തുണയും ലഭിച്ചിരുന്നു.