ജസ്റ്റിസ് രജനി ദുബെയും ജസ്റ്റിസ് സഞ്ജയ് കുമാര്‍ അഗര്‍വാളും വിവാഹ മോചനം അനുവദിച്ചുകൊണ്ടുള്ള ജില്ലാ കോടതിയുടെ വിധി ശരിവെക്കുകയായിരുന്നു.
റായ്പൂര്‍: മതിയായ കാരണമില്ലാതെ ഒരു വീടിനകത്ത് മറ്റൊരു മുറിയില്‍ ഭാര്യ കിടന്നുറങ്ങുന്നത് ഭര്‍ത്താവിനോടുള്ള ക്രൂരതയാണെന്ന് ഛത്തീസ്ഗഡ് ഹൈക്കോടതി. ഭാര്യയില്‍ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് ഭര്‍ത്താവ് സമര്‍പ്പിച്ച ഹര്‍ജി കോടതി ശരിവെച്ചു. ജസ്റ്റിസ് രജനി ദുബെയും ജസ്റ്റിസ് സഞ്ജയ് കുമാര്‍ അഗര്‍വാളും വിവാഹ മോചനം അനുവദിച്ചുകൊണ്ടുള്ള ജില്ലാ കോടതിയുടെ വിധി ശരിവെക്കുകയായിരുന്നു. 2022ലാണ് വിവാഹ മോചനം ആവശ്യപ്പെട്ട് ഭര്‍ത്താവ് ഹര്‍ജി സമര്‍പ്പിച്ചത്. 2021 ഒക്ടോബറിലാണ് ഇരുവരുടേയും വിവാഹം. വിവാഹ ദിവസവും പിന്നീടും തങ്ങള്‍ ഒത്തൊരുമയോടെ കഴിഞ്ഞിരുന്നെന്നും ഭര്‍ത്താവിന് വിവാഹേതര ബന്ധങ്ങള്‍ ഉണ്ടായതിനെത്തുടര്‍ന്നാണ് മറ്റൊരു റൂമില്‍ കിടക്കാന്‍ തുടങ്ങിയതെന്നും ഭാര്യയും വാദിച്ചു. അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് ഭാര്യ ഉന്നയിച്ചതെന്നും ഭര്‍ത്താവും വാദിച്ചു. ഭര്‍ത്താവിന്റെ ബന്ധുക്കള്‍ ഇടപെട്ട് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. സമുദായത്തിന്റെ യോഗം വിളിച്ചും പ്രശ്‌ന പരിഹാരത്തിന് ശ്രമം നടത്തിയിട്ടും വിഫലമാവുകയായിരുന്നു. തുടര്‍ന്നാണ് ഭര്‍ത്താവ് കോടതിയെ സമീപിച്ചത്.