ആത്മഹത്യയുടെ ചരിത്രവും സംസ്കാരവും എന്താണ് ?

ആത്മഹത്യയുടെ ചരിത്രവും സംസ്കാരവും എന്താണ് ?

മനുഷ്യർക്കിടയിലെ ആത്മഹത്യയുടെ ചരിത്രം എന്നത് അതി സങ്കീർണമായ ഒരു വിഷയമാണ്. ആദ്യത്തെ ആത്മഹത്യ എപ്പോൾ സംഭവിച്ചുവെന്നോ അതിലേക്ക് നയിച്ച പ്രേരക ഘടകങ്ങൾ എന്തായിരുന്നു എന്നോ ആത്മഹത്യ എന്ന ആശയം മാനവവംശം കണ്ടെടുക്കുന്നത് എങ്ങനെയാണെന്നോ ഇന്നറിയാൻ ഒരു മാർഗ്ഗവുമില്ല. ചരിത്രാതീത കാലത്തിന്റെ അജ്ഞാതമായ നിഗൂഡതകളിൽ എവിടെയോ ആ വിഷയം അന്തർലീനമായിരിക്കുന്നു.

മനുഷ്യർക്കിടയിലെ ആത്മഹത്യയുടെ ചരിത്രം എന്നത് അതി സങ്കീർണമായ ഒരു വിഷയമാണ്. ആദ്യത്തെ ആത്മഹത്യ എപ്പോൾ സംഭവിച്ചുവെന്നോ അതിലേക്ക് നയിച്ച പ്രേരക ഘടകങ്ങൾ എന്തായിരുന്നു എന്നോ ആത്മഹത്യ എന്ന ആശയം മാനവവംശം കണ്ടെടുക്കുന്നത് എങ്ങനെയാണെന്നോ ഇന്നറിയാൻ ഒരു മാർഗ്ഗവുമില്ല. ചരിത്രാതീത കാലത്തിന്റെ അജ്ഞാതമായ നിഗൂഡതകളിൽ എവിടെയോ ആ വിഷയം അന്തർലീനമായിരിക്കുന്നു. മനുഷ്യവംശത്തിന്റെ വൈജ്ഞാനികമായ കുതിച്ചുചാട്ടം ഏതാണ്ട് ഒരു ലക്ഷം മുതൽ 70000 വർഷങ്ങൾക്കിടയിൽ സംഭവിച്ചിരിക്കാമെന്ന് നരവംശശാസ്ത്രം കണക്കാക്കുന്നു. ഈ വൈജ്ഞാനിക വിപ്ലവമാണ് അമൂർത്തമായ ചിന്തകളെ സൃഷ്ടിക്കാനും ഭാവിയെ ആസൂത്രണം ചെയ്യാനുമുള്ള ശേഷികളും മനുഷ്യന് പ്രദാനം ചെയ്തത്. പരിണാമം മനുഷ്യ മസ്തിഷ്കത്തിൽ ഘടനാപരമായ മാറ്റങ്ങൾ തീർക്കുകയായിരുന്നു. പരിണാമ വഴികളിലൂടെ മനുഷ്യ മസ്തിഷ്കം ആർജിച്ച ശേഷികളാണ് അപരന്റെ മനസ്സിനെ വായിക്കാനും തന്റെ ഗോത്രത്തിലും സമൂഹത്തിലും തനിക്കുള്ള സ്ഥാനവും സ്ഥാന നഷ്ടവും നിർണയിക്കാനും ഭാവിയെക്കുറിച്ച് ചിന്തിക്കാനും അഭിമാനം അധികാരം തുടങ്ങിയ സാമൂഹ്യനിർമ്മിതികൾക്ക് സ്വയം വശംവദനാവാനും മനുഷ്യനെ പ്രാപ്തനാക്കിയത്

മരണംവരെ ഒരേ ജീവിതം ജീവിച്ചിരുന്ന പൂർവികരിൽ നിന്ന് വ്യത്യസ്തമായി, ബദലുകൾ സങ്കൽപ്പിക്കാനുള്ള കഴിവ്, ജീവിതം തുടരുന്നതിനോ സ്വന്തം ഉദ്ദേശത്തോടെ ജീവിതം അവസാനിപ്പിക്കുന്നതിനോ ഇടയിൽ ഒരു തെരഞ്ഞെടുപ്പ് നടത്താനുള്ള ഒരു വലിയ സാധ്യതയെ മനുഷ്യനു മുമ്പിൽ തുറന്നിട്ടിരിക്കാം. ആ പ്രാകൃത ഗോത്ര ജീവിതത്തിന്റെ നാളുകളിൽ നിന്ന് നൂറ്റാണ്ടുകളിലൂടെ,സഹസ്രാബ്ദങ്ങളിലൂടെ എപ്പോഴാണ് തന്റെ മരണത്തെ താൻ തന്നെ തിരഞ്ഞെടുക്കേണ്ടത് എന്നുള്ള മനുഷ്യന്റെ തിരിച്ചറിവുകളും അതിനുള്ള പ്രേരക ഘടകങ്ങളും രൂപപ്പെട്ടിരിക്കാം. വേട്ടയ്ക്കിടയിൽ സംഭവിച്ച വിട്ടുമാറാത്ത ഒരു പരിക്ക് അല്ലെങ്കിൽ വിട്ടുമാറാത്ത അസുഖങ്ങൾ കൊണ്ടുള്ള വേദനയുടെയും യാതനകളുടെയും അനുഭവങ്ങൾ, ഇവയൊക്കെ അവസാനമായി ആത്മഹത്യയിലേക്ക് മനുഷ്യപൂർവ്വികരെ നയിച്ചിരിക്കാം. അല്ലെങ്കിൽ അതൊരുപക്ഷേ ശത്രുവിന്റെ അടിമത്തത്തിന് ബദലായി മരണം സ്വീകരിക്കുക എന്ന തിരഞ്ഞെടുപ്പ് ആയിരിക്കാം. പ്രാചീന ഗോത്ര ജീവിതത്തെ കുറിച്ചുള്ള ആധുനിക നരവംശ ശാസ്ത്രത്തിന്റെ കണ്ടെത്തലുകൾ ഈ നിഗമനങ്ങളിലാണ് നമ്മെ കൊണ്ടുചെന്ന് എത്തിക്കുന്നത്.

സ്വന്തം കുടുംബത്തെയും ഗോത്രത്തെയും രാജ്യത്തെയും സംരക്ഷിക്കുന്നതിന്റെ ഭാഗമായോ, സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടതിന്റെ നാണക്കേടുമായോ, പുരാതന പോരാളികൾ ആത്മഹത്യ ചെയ്തിരിക്കാം. സൈനിക പരാജയത്തിനുശേഷം പുരാതന ഗ്രീസിൽ യോദ്ധാക്കൾ ആത്മഹത്യ തെരഞ്ഞെടുത്തിരുന്നു. സമുറായി പോരാളികളുടെ വയറു വെട്ടി പിളർക്കുന്ന ബഹുമാന ആത്മഹത്യ അഥവാ ഹറാക്കിരി ചരിത്രത്തിൽ പ്രശസ്തമാണ്. സംഘകാലത്ത് ഇന്നത്തെ മധ്യകേരളം ഭരിച്ചിരുന്ന ചേരസാമ്രാജ്യത്തിലെ പേരറിയാവുന്ന ആദ്യ ഭരണാധികാരിയാണ് ഉതിയൻ ചേരലാതൻ. ‘പെരും ചോറ്റ് ഉദിയൻ ചെരലാതൻ’ എന്നാണ് ഈ ആദി ചേര രാജാവ് ചരിത്രത്തിൽ അറിയപ്പെടുന്നത്. ഇദ്ദേഹം മഹാഭാരതയുദ്ധത്തിൽ പങ്കെടുത്തതായും സൈന്യത്തിന് മൃഷ്ടാന്നഭോജനം നൽകുക വഴി ‘പെരിഞ്ചോറ്റുതിയൻ’ എന്ന ബഹുമതി നേടിയതായും ഐതിഹ്യങ്ങൾ ഘോഷിക്കുന്നു.

എഡി ഒന്നാം നൂറ്റാണ്ടിൽ കുട്ടനാട്ടിലെ കുഴുമൂർ ആസ്ഥാനമാക്കി ഭരണം ആരംഭിച്ച ഉദിയൻ ചേരലാതൻ തന്റെ സാമ്രാജ്യത്തിന്റെ വിസ്തൃതി വടക്കോട്ടും കിഴക്കോട്ടും വ്യാപിപ്പിച്ചു. ആകാശം വരെയെത്തുന്ന സാമ്രാജ്യം ഉള്ളവൻ എന്നർത്ഥം വരുന്ന ‘വാനവരമ്പൻ’ എന്ന വിശേഷണവും ഇദ്ദേഹത്തിനു ഉണ്ടായിരുന്നു. ചോള രാജാവായ കരികാല ചോളന്റെ സമകാലികനാണ് ഉദിയൻ ചരലാതൻ. കരികാല ചോളനുമായി നടന്ന വെന്നി യുദ്ധത്തിൽ ഉദിയൻ ചേരലാതൻ പരാജയപ്പെട്ടു. പരാജയത്തെ തുടർന്ന് അക്കാലത്തെ യോദ്ധാക്കൾ അനുഷ്ഠിച്ചിരുന്ന ‘വടക്ക് ഇരിക്കൽ’ എന്ന ആചാരമനുഷ്ഠിച്ച് അദ്ദേഹം പട്ടിണി കിടന്ന് ആത്മഹത്യ ചെയ്തു. യുദ്ധത്തിൽ മുതുകിൽ മുറിവേൽക്കുന്നത് വലിയ അപമാനം ആയി അന്നത്തെ യോദ്ധാക്കൾ കരുതിപോന്നിരുന്നു. യുദ്ധത്തിൽ പിന്തിരിഞ്ഞു ഓടുന്നവർക്കാണല്ലോ സാധാരണയായി മുതുകിൽ മുറിവേൽക്കുന്നത്. എന്ത് കാരണം കൊണ്ടാണെങ്കിലും മുതുകിൽ മുറിവേറ്റാൽ യോദ്ധാക്കൾ അപമാനഭാരം ഭയന്ന് വടക്ക് ദിശയിലേക്ക് തിരിഞ്ഞിരുന്ന് പട്ടിണി കിടന്ന് മരണം വരിക്കുമായിരുന്നു.

അഭിമാനത്തിന്റെയും ധൈര്യത്തിന്റെയും വലിയ പ്രഘോഷണമായിട്ടാണ് ഇത് കണക്കാക്കപ്പെട്ടിരുന്നത്. ഈ ‘വടക്ക് ഇരിക്കുന്ന ആചാരം’ തന്നെയാണ് ഉദിയൻ ചരലാദനും പിൻപറ്റിയത്.
ഹെംലോക്ക് വിഷം കുടിച്ച് ശിക്ഷാവിധിക്ക് പകരമായി മരണം സ്വീകരിച്ച സോക്രട്ടീസ് മുതൽ പ്രാചീന മധ്യകാല ഇന്ത്യയിൽ ഭർത്താവിന്റെ ചിതയിൽ ചാടി മരണം തിരഞ്ഞെടുത്തിരുന്ന ‘സതി’ വരെ ആത്മഹത്യയുടെ മേൽ പലപ്പോഴും ധൈര്യത്തിന്റെയും ആദർശത്തിന്റെയും തൊങ്ങലുകൾ ചേർക്കപ്പെട്ടിട്ടുണ്ട്. അഞ്ചാം നൂറ്റാണ്ടിലാണ് ആത്മഹത്യ മത തത്വചിന്തയിൽ ഒരു വലിയ വിഷയമായത്. ക്രൈസ്തവ വേദാന്തികനായിരുന്ന വിശുദ്ധ അഗസ്റ്റിൻ ആത്മഹത്യയെ അധാർമികമായി പ്രഖ്യാപിച്ചു. ആത്മഹത്യ എന്നത് പരസ്യമായി വെറുക്കപ്പെടുന്ന പ്രവർത്തിയും ആത്മഹത്യ ചെയ്യുന്ന ആൾ പാപിയുമായി തീർന്നു. ഈ മതചിന്ത പതിയെ പതിയെ സാംസ്കാരിക മണ്ഡലത്തിലേക്ക് വ്യാപിച്ചു. വർത്തമാനകാല സംസ്കാരത്തിൽ പോലും ആത്മഹത്യയെ നിന്ദ്യമായും അന്തസ്സില്ലാത്തതായും കണക്കാക്കുന്ന പൊതുബോധ നിർമ്മിതിയുടെ തുടക്കം അവിടെ നിന്നാണ്.

ആപേക്ഷികമായ ചിന്താസ്വാതന്ത്ര്യത്തിലേക്ക് ആധുനിക സമൂഹം പുരോഗമിച്ചപ്പോൾ ആത്മഹത്യയുടെ കാരണവും അതിന്റെ ഫലവും എന്ന നിലയിൽ ‘പാപം’ എന്ന സങ്കൽപ്പത്തിന് വലിയ ഇടിവ് സംഭവിച്ചു. പാപം എന്ന മത ചിന്തയുടെ ഉൽപ്പന്നത്തിൽ നിന്ന് വ്യത്യസ്തമായി ആത്മഹത്യയുടെ സാമൂഹ്യവും മാനസികവുമായ കാരണങ്ങളിലേക്ക് ശാസ്ത്രീയ അന്വേഷണങ്ങൾ വ്യാപിച്ചു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *