പൊലീസ് ആസ്ഥാനത്ത് എംആർ അജിത്ത് കുമാറിൻ്റെ മൊഴിയെടുപ്പ്; ഡിജിപി നേരിട്ട് മൊഴി രേഖപ്പെടുത്തുന്നു

പൊലീസ് ആസ്ഥാനത്ത് എംആർ അജിത്ത് കുമാറിൻ്റെ മൊഴിയെടുപ്പ്; ഡിജിപി നേരിട്ട് മൊഴി രേഖപ്പെടുത്തുന്നു

എഡിജിപി എംആർ അജിത്ത് കുമാറിൽ നിന്നും കേസിൻ്റെ അന്വേഷണ ചുമതലയുള്ള ഡിജിപി ഷെയ്ഖ് ദർവേസ് സാഹിബ് നേരിട്ട് മൊഴി രേഖപ്പെടുത്തുന്നു. പൊലീസ് ആസ്ഥാനത്താണ് എംആർ അജിത്ത് കുമാറിൻ്റെ മൊഴിയെടുപ്പ് പുരോഗമിക്കുന്നത്. ആ‍ർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച, ഔദ്യോഗിക കൃത്യനിർവഹണത്തിലെ ക്രമക്കേടുകളടക്കം ഉയർന്നിരിക്കുന്ന ആരോപണങ്ങളിലാണ് മൊഴിയെടുപ്പ്.

കേസിൻ്റെ അന്വേഷണ ചുമതലയിലുള്ള ഐജി സ്പർജൻ കുമാർ, എസ്‌പിമാരായ മധുസൂദനൻ എന്നിവരും സ്ഥലത്തുണ്ട്. നേരത്തെ ഐജി സ്പർജൻ കുമാർ എഡിജിപിയുടെ മൊഴിയെടുക്കുമെന്നായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ തനിക്കെതിരായ അന്വേഷണത്തിൽ തന്നേക്കാൾ ജൂനിയറായ ഐജി സ്‌പർജൻ കുമാറിനെ മൊഴിയെടുക്കാൻ നിയമിച്ചതിനെതിരെ ഡിജിപിക്ക് എഡിജിപി കത്ത് നൽകിയിരുന്നു. ഡിജിപി നേരിട്ട് മൊഴിയെടുക്കണമെന്ന് കത്തിൽ ആവശ്യപ്പെട്ടു. തുടർന്നാണ് ഡിജിപി നേരിട്ട് മൊഴിയെടുക്കാൻ തീരുമാനയിച്ചത്.

അതേസമയം പിവി അൻവർ എംഎൽഎയുടെ ആരോപണത്തിൽ എഡിജിപി എം ആർ അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണത്തിന് ശുപാർശ നൽകി. ഡിജിപി ഷെയ്‌ഖ് ദർവേസ് സാഹിബ് ആണ് ശുപാർശ ചെയ്തത്. ഡിജിപി സർക്കാരിന് നൽകിയിരിക്കുന്ന ശുപാർശ വിജിലൻസിന് കൈമാറും. അന്വേഷണം പ്രഖ്യാപിച്ചാൽ വിജിലൻസ് മേധാവി യോഗേഷ് ഗുപ്ത നേരിട്ടാവും കേസ് അന്വേഷിക്കുക.

പിവി അൻവർ ഉന്നയിച്ച അനധികൃത സ്വത്ത് സമ്പാദനം അടക്കമുള്ള ആരോപണത്തിലാണ് നടപടി. ബന്ധുക്കളുടെ പേരിൽ അനധികൃത സ്വത്ത് സമ്പാദനം, കവടിയാറിലെ ആഡംബര വീട് നിർമ്മാണം തുടങ്ങി, അൻവർ മൊഴി നൽകിയ അഞ്ച് കാര്യങ്ങളിലാണ് അന്വേഷണത്തിന് ശുപാർശ ചെയ്തിരിക്കുന്നത്. മറ്റ് ആരോപണങ്ങൾ സംബന്ധിച്ച് അന്വേഷിക്കുന്ന ഡിജിപി ഷെയ്‌ഖ് ദ‍ർവേസ് സാഹിബ് അജിത് കുമാറിൽ നിന്ന് മൊഴിയെടുക്കാനായി നോട്ടീസ് നൽകും.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *