എംഎസ് ധോണിയുടെയും രോഹിത് ശർമ്മയുടെയും ക്യാപ്റ്റൻസി ശൈലിയിൽ ഉള്ള വ്യത്യാസം തുറന്ന് പറഞ്ഞ് മുൻ ഇന്ത്യൻ താരം ഹർഭജൻ സിംഗ്. രോഹിത് ശർമ്മയുടെയും എംഎസ് ധോണിയുടെയും കീഴിൽ കളിച്ചിട്ടുള്ള താരമാണ് ഹർഭജൻ. എംഎസ് ധോണിയും രോഹിത് ശർമ്മയും ഇന്ത്യക്ക് വേണ്ടി ഒരുപാട് കിരീടങ്ങൾ നേടി കൊടുത്തിട്ടുണ്ട് . ഇരുവരും ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച നായകന്മാരാണ്. ടി20 ലോകകപ്പ് (2007), ഏകദിന ലോകകപ്പ് (2011), ചാമ്പ്യൻസ് ട്രോഫി (2013) എന്നിവയിൽ ധോണി ഇന്ത്യയെ കിരീട നേട്ടങ്ങളിലേക്ക് നയിച്ചപ്പോൾ, രോഹിത് ശർമ 2024 ലെ ടി20 ലോകകപ്പിനൊപ്പം രണ്ട് ഏഷ്യാ കപ്പ് കിരീടങ്ങളും ഇന്ത്യയ്ക്ക് നേടിക്കൊടുത്തു. ഇരുവരും ഐപിഎൽ ചരിത്രത്തേയും ഏറ്റവും മികച്ച നായകന്മാരാണ്. ഇന്ത്യൻ പ്രീമിയർ ലീഗിൻ്റെ ചരിത്രത്തിൽ അഞ്ച് വീതം കിരീടങ്ങളോടെ ഏറ്റവും കൂടുതൽ വിജയിച്ച നായകന്മാരാണ് ധോണിയും രോഹിതും. ധോണി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കുകയും ഐപിഎല്ലിൽ നായകസ്ഥാനം ഉപേക്ഷിക്കുകയും ചെയ്തപ്പോൾ, രോഹിത് ഇപ്പോഴും ഇന്ത്യയുടെ ടെസ്റ്റ്, ഏകദിന ക്യാപ്റ്റൻ ആണ്.
ഹർഭജൻ പറയുന്നതനുസരിച്ച്, കളിക്കാർ സ്വയം പഠിക്കണമെന്ന് ധോണി പ്രതീക്ഷിക്കുന്നു, അതേസമയം രോഹിത് കളിക്കാരുടെ അടുത്ത് എത്തി സംസാരിക്കുകയും റോളുകൾ ചെയ്യാൻ അവരെ പിന്തുണക്കുകയും ചെയ്തു.
“ധോനിയും രോഹിതും തികച്ചും വ്യത്യസ്തമായ ക്യാപ്റ്റന്മാരാണ്. ധോണി ഒരിക്കലും ഒരു കളിക്കാരനുമായി പോയി സംസാരിക്കില്ല. കളിക്കാർ തെറ്റുകളിൽ നിന്ന് സ്വയം പഠിക്കാൻ അദ്ദേഹം എപ്പോഴും ആവശ്യപ്പെടുന്നു. മറുവശത്ത്, രോഹിത് ശർമ്മ കളിക്കാരുടെ അടുത്തേക്ക് പോയി അവരോട് സംസാരിക്കും. തോളിൽ കൈവെച്ച് കളിക്കാരനിൽ നിന്ന് എന്താണ് പ്രതീക്ഷിക്കുന്നതെന്ന് അവൻ നിങ്ങളോട് പറയും, ”ഹർഭജൻ സിംഗ് പോഡ്‌കാസ്റ്റിനിടെ പറഞ്ഞു.
സഹതാരങ്ങൾ തൻ്റെ തെറ്റുകളിൽ നിന്ന് പഠിക്കണമെന്ന് എംഎസ് ധോണി ആഗ്രഹിക്കുമ്പോൾ ഹർഭജൻ സിംഗ് ഒരു സംഭവം വിവരിക്കാൻ ഒരു ഉദാഹരണവും നൽകി. ധോനി ക്യാപ്റ്റനായ ചെന്നൈ സൂപ്പർ കിംഗ്‌സിൻ്റെ ഭാഗമായിരുന്നു ഹർഭജൻ.
“ഇന്ത്യൻ പ്രീമിയർ ലീഗ് സമയത്ത് ഞാൻ ഷോർട്ട് ഫൈൻ ലെഗിൽ ഫീൽഡ് ചെയ്യുകയും എംഎസ് ധോണി കീപ്പറായി നിൽക്കുകയും ചെയ്യുന്നു. ഷാർദുൽ താക്കൂർ ബൗൾ ചെയ്യുകയായിരുന്നു, ആദ്യ പന്തിൽ കെയ്ൻ വില്യംസൺ അദ്ദേഹത്തെ സിക്സിന് പറത്തി. അടുത്ത പന്ത്, അതെ ലെങ്ങ്തിൽ എറിഞ്ഞപ്പോൾ വില്യംസൺ സമാന ഷോട്ട് തന്നെ കളിച്ചു.” ഹർഭജൻ പറഞ്ഞു.
“ഞാൻ എംഎസിന്റെ അടുത്ത് പോയി, ഷാർദൂലിനോട് വ്യത്യസ്തമായ ലെങ്ത് പരീക്ഷിച്ചുനോക്കാൻ പറയൂ എന്ന് പറഞ്ഞു. അപ്പോൾ MS എന്നോട് പറഞ്ഞു, “പാജി, ഞാൻ അവനോട് ഇപ്പോൾ പറഞ്ഞാൽ, അവൻ ഒരിക്കലും പഠിക്കില്ല, അവൻ സ്വയം പഠിക്കട്ടെ. അവൻ സ്വയം പഠിക്കട്ടെ. അദ്ദേഹത്തിന് അതാണ് നല്ലത്. അതായിരുന്നു എംഎസ് ധോണിയുടെ വഴി.” ഹർഭജൻ പറഞ്ഞു.