ഒരാളുടെ ശാരീരിക, മാനസിക സുഖത്തെ തകർക്കുന്ന രീതിയിൽ ഫോൺ ഉപയോഗം ബാധിച്ചാൽ അത് രോഗാവസ്ഥയായി കാണണം. അമിത മൊബൈൽ ഫോൺ ഉപയോഗത്തിനു പെട്ടെന്ന് അടിപ്പെടുന്നത് 16 വയസ്സിൽ താഴെയുള്ള കുട്ടികളാണ്.ഗെയിം കളിക്കുന്നതും, മൊബൈൽ ഉപയോഗവുമൊക്കെ ഇക്കാലത്ത് സാധാരണമാണെങ്കിലും കുട്ടിയുടെ സ്വാഭാവിക പെരുമാറ്റത്തിൽ പ്രകടമായ വ്യത്യാസങ്ങൾ ഉണ്ടാക്കുകയും, ദൈനംദിന ജീവിതക്രമത്തിൽ മാറ്റം വരുകയും ചെയ്യുന്നുണ്ടെങ്കിൽ ഉറപ്പിക്കാം കുട്ടി അഡിക്ടഡ് ആവുകയാണ്.
പഠനങ്ങൾ വെളിപ്പെടുത്തുന്നത്, പുകവലി, മദ്യപാനം, ലഹരിമരുന്ന് തുടങ്ങിയ അഡിക്‌ഷനുകൾ ചികിത്സിക്കുന്നതിനേക്കാൾ ബുദ്ധിമുട്ടാണ് മൊബൈൽ അഡിക്‌ഷൻ ചികിത്സിക്കാനെന്നാണ്. വിദഗ്ദ്ധരായ ആൾക്കാർ ഈ അവസ്ഥയ്ക്ക് ഇലക്ട്രോണിക് കൊക്കെയ്ൻ എന്നാണ് പറയുന്നത്. ഇതിന്റെ മറ്റു പേരുകൾ ആണ് ‘ഡിജിറ്റൽ ഹെറോയിൻ, ഡിജിറ്റൽ ഡ്രഗ്’ എന്നിവ. മൈതാനത്ത് കളിക്കുന്നതിനേക്കാളും, പുസ്തക വായനയേക്കാളും മൊബൈൽ ഉപയോഗം കുട്ടികളെ ആകർഷിക്കുന്നതിന്റെ പ്രധാന കാരണവും ഇതുതന്നെ. അമിത മൊബൈൽ ഫോൺ ഉപയോഗം കുട്ടികളിൽ ക്രിയാത്മകത, വായന, വ്യായാമം, കളി എന്നിവയും ക്രമേണ ഇല്ലാതാക്കും.
ഇത് പരിഹരിക്കാൻ ഉള്ള മാർഗം ആണ് മൊബൈൽ ഫാസ്റ്റിങ്. അതായത്, ദിവസങ്ങളോളം മൊബൈൽ ഫോൺ ഉപയോഗം പൂർണമായും ഒഴിവാക്കുന്ന രീതി. ജോലി, അത്യാവശ്യ ഉപയോഗം എന്നിവയ്ക്കു ശേഷം വീട്ടിൽ മൊബൈൽ പൂർണമായും ഒഴിവാക്കുക. കുട്ടികളുടെ മുൻപിൽ വച്ച് പ്രത്യേകിച്ച്. വീട്ടിലുള്ളപ്പോൾ സ്മാർട് ഫോൺ ഉപയോഗം പരമാവധി കുറച്ച് സാധാരണ ഫോൺ, ലാൻഡ് ഫോൺ എന്നിവ ഉപയോഗിക്കുക.