ഇടതുമുന്നണി കണ്‍വീനര്‍ സ്ഥാനത്തുനിന്ന് പാര്‍ട്ടി നീക്കിയ സിപിഎം നേതാവ് ഇപി ജയരാജന്‍ തന്റെ ജീവിതകഥ തുറന്നെഴുതാന്‍ തയാറാകുന്നു. രാഷ്ട്രീയ ജീവിതവും പ്രതിസന്ധികളും വിവാദങ്ങളും ആത്മകഥയിലൂടെ പുറത്തുവിടാനാണ് ഇപി ഒരുങ്ങുന്നത്.
ഇതുവരെ സംഭവിച്ച എല്ലാ കാര്യങ്ങളെ കുറിച്ചുമുള്ള വസ്തുതകള്‍ പ്രതിപാദിച്ചുള്ളതാവും പുറത്തിറങ്ങുന്ന പുസ്തകമെന്ന് അദേഹം വ്യക്തമാക്കി. ജീവിതത്തിന്റെ വിവിധ കാലഘട്ടങ്ങളെ കുറിച്ചുള്ള വിശദമായ ഏഴുത്ത് അവസാന ഘട്ടത്തിലാണ്. 60 വര്‍ഷക്കാലത്തെ എല്ലാ കാര്യങ്ങളും വിശദമായെഴുതും. ബിജെപി നേതാവ് പ്രകാശ് ജാവ്‌ദേക്കറുമായുള്ള കൂടിക്കാഴ്ചയും ആത്മകഥയില്‍ പ്രതിപാദിക്കുന്നുണ്ടെന്ന് അദേഹത്തോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി.
സിപിഎമ്മിലെ എല്ലാ രഹസ്യങ്ങളും അറിയാവുന്ന കണ്ണൂര്‍ ലോബിയിലെ ശക്തനായ നേതാവിന്റെ ആത്മകഥ കേരളത്തില്‍ വരാനിരിക്കുന്ന വലിയ രാഷ്ട്രീയ ബോംബായിരിക്കുമെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്.
ബിജെപി ബന്ധം ആരോപിച്ച് ഇടതുമുന്നണി കണ്‍വീനര്‍ സ്ഥാനം തെറിച്ചതു സംബന്ധിച്ച പ്രതികരണങ്ങള്‍ ആത്മകഥയില്‍ ഉണ്ടാകും. സ്ഥാനം നഷ്ടപ്പെട്ടത് സംബന്ധിച്ചുള്ള ജയരാജന്റെ പരസ്യമായ പ്രതികരണം കൂടിയായിരിക്കും പുറത്തിറക്കുന്ന ആത്മകഥ..