ജനാധിപത്യം കശാപ്പ് ചെയ്യപ്പെടുന്നതിനെ കുറിച്ചും ജനകീയ പ്രക്ഷോഭങ്ങളെക്കുറിച്ചും പുസ്തകമെഴുതിയ ബംഗാളിന്റെ സ്വന്തം ദീദി, കഴിഞ്ഞ പതിമൂന്ന് വർഷങ്ങളായി മുഖ്യമന്ത്രി കസേരയിൽ തുടരുന്ന മമത ബാനർജി തന്റെ രാഷ്ട്രീയ ജീവിതത്തിലെ തനിക്കെതിരെയുള്ള ഏറ്റവും വലിയ ജനകീയ പ്രക്ഷോഭങ്ങളിലൊന്നിൽ പ്രതിരോധത്തിലാണ്.
ഓഗസ്റ്റ് ഒൻമ്പതിന് കൊൽക്കത്ത നഗരത്തിലെ ആർജി കർ മെഡിക്കൽ കോളേജിൽ പിജി വിദ്യാർഥിനി പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തെത്തുടർന്ന് സംസ്ഥാനത്ത് ആരംഭിച്ച ജനകീയ പ്രതിഷേധങ്ങൾ ഇന്നും തുടരുകയാണ്. ഒരു മാസമായി തുടരുന്ന കൊൽക്കത്തയിലെ പ്രതിഷേധത്തീയിൽ വിയർക്കുകയാണ് ദീദി. വനിതാ ഡോക്ടറുടെ കൊലപാതകത്തിൽ ഉൾപ്പെട്ട എല്ലാവർക്കും ശിക്ഷ നൽകുക, സ്ത്രീകൾക്ക് ജോലി സ്ഥലങ്ങളിൽ സുരക്ഷാ ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ തേടിയാണ് പ്രതിഷേധക്കാർ തെരുവുകൾ പ്രക്ഷുബ്ധമാക്കുന്നത്.
കൊല്ലപ്പെട്ട വനിതാ ഡോക്ടർക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് ഇന്നലെ ലോകമെമ്പാടുമുള്ള ഇന്ത്യക്കാർ അവരുടെ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. ജപ്പാൻ, ഓസ്‌ട്രേലിയ, തായ്‌വാൻ, സിംഗപ്പൂർ എന്നിവിടങ്ങളിൽ വലിയതും ചെറുതുമായ ഗ്രൂപ്പുകളായി ആരംഭിച്ച പ്രതിഷേധം നിരവധി യൂറോപ്യൻ രാജ്യങ്ങളിലെ നഗരങ്ങളിലേക്ക് വ്യാപിച്ചു. 25 രാജ്യങ്ങളിലെ 130 നഗരങ്ങളിൽ ഇന്നലെ പ്രതിഷേധം നടന്നുവെന്നാണ് റിപ്പോർട്ടുകൾ.
പ്രക്ഷോഭത്തെ കൈകാര്യം ചെയ്ത രീതിയിലും ബംഗാളിലെ വർധിച്ച അഴിമതിയിലും പ്രതിഷേധിച്ച് ഇന്നലെ തൃണമൂൽ കോൺഗ്രസ് എംപി ജവാഹർ സിർക്കാർ രാജ്യസഭയിൽ നിന്നും പാർട്ടിയിൽ നിന്നും രാജിവെച്ചതോടുകൂടി കൂടുതൽ പ്രതോരോധത്തിലാവുകയാണ് മമത സർക്കാർ. സ്വാഭാവികമായുണ്ടായ ജനകീയ സമരങ്ങളെ പഴയ മമതയുടെ ശൈലിയിലല്ല കൈകാര്യം ചെയ്തതെന്ന് ആരോപിച്ചുകൊണ്ടാണ് മുൻ കേന്ദ്ര സാംസ്കാരിക സെക്രട്ടറിയും പ്രസാർ ഭാരതി സിഇഒയുമായിരുന്ന ജവാഹർ രാജുവെച്ചത്. രാഷ്ട്രീയം തന്നെ ഉപേക്ഷിക്കുകയാണെന്ന് മമതയ്ക്കെഴുതിയ കത്തിൽ അദ്ദേഹം പറഞ്ഞു. അഴിമതിയില്ലാതാക്കാൻ സർക്കാർ ശ്രമിക്കുമെന്ന മോഹം പോലും കെട്ടടങ്ങിയിരിക്കുകയാണ്. ആർജി കർ മെഡിക്കൽ കോളേജിലെ ദു:ഖകരമായ സംഭവത്തിനു ശേഷം ഒരു മാസത്തോളം ക്ഷമയോടെ കാത്തിരുന്നു. പ്രതിഷേധിക്കുന്ന ജൂനിയർ ഡോക്ടർമാരെ കേൾക്കാൻ മമത ബാനർജി എത്തുമെന്നു പ്രതീക്ഷിച്ചു. അതു സംഭവിച്ചില്ല എന്നും അദ്ദേഹം മമ്‌തയ്‌ക്കെഴുതിയ കത്തിൽ സൂചിപ്പിക്കുന്നു.
വിഷയം അന്തരാഷ്ട്ര തലത്തിലേക്ക് ചർച്ചയാവുന്നതിനും തൃണമൂലിനുള്ളിൽ പോലും പൊട്ടിത്തെറികൾ ഉണ്ടാകുന്നതിന് പിന്നിലും തുടക്കം മുതൽ മമത സർക്കാർ കാണിച്ച അലംഭാവം തന്നെയാണ് കാരണം. ഓഗസ്റ്റ് ഒൻപതാം തീയതിയാണ് കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൽ കോളേജിൽ ട്രെയിനീ ഡോക്ടറെ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ശരീരത്തിൽ ലൈംഗികാതിക്രമത്തിന്റെയും ബലാത്സംഗത്തിന്റെയും ലക്ഷണങ്ങൾ ഉണ്ടായിരുന്നു. എന്നാൽ, യുവതിയുടെ വീട്ടിലേക്ക് വിളിച്ച ആശുപത്രി അധികൃതർ, യുവതി ആത്മഹത്യ ചെയ്തുവെന്നാണ് മാതാപിതാക്കളെ അറിയിച്ചിരുന്നത്.
ആശുപത്രിയിൽ എത്തിയ മാതാപിതാക്കളെ മൃതദേഹം കാണിക്കാതെ ഏറെനേരം തടഞ്ഞുവെക്കുകയും ചെയ്തിരുന്നു. വനിതാ ഡോക്ടർ രാത്രി ഒറ്റക്ക് സെമിനാർ ഹാളിലേക്ക് പോയത് നിരുത്തരവാദിത്വപരമാണെന്നായിരുന്നു ആശുപത്രിയുടെ അന്നത്തെ പ്രിൻസിപ്പൽ ആയിരുന്ന ഡോ. സന്ദീപ് കുമാർ ഘോഷിന്റെ പ്രതികരണം. മാത്രമല്ല, സന്ദീപ് ഘോഷിന്റെ രാജിവെയ്ക്കലും പിന്നീട് നാല് മണിക്കൂറിനകം അടുത്ത സർക്കാർ മെഡിക്കൽ കോളേജിൽ പ്രിൻസിപ്പളായി ഇയാൾക്ക് ചുമതല നൽകിയതും മമതയുടെ പാർട്ടിയേയും മന്ത്രിസഭയേയും പ്രതിസ്ഥാനത്താക്കി.
പിന്നീട് സന്ദീപ് ഘോഷിനെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ സിബിഐ അറസ്റ്റ് ചെയ്യുകയും കഴിഞ്ഞ ദിവസം ഇയാളുടെ വീട്ടിൽ ഇഡി റെയ്ഡ് നടത്തുകയും ചെയ്തിരുന്നു. ആർജി കർ ആശുപത്രിയിൽ ഇയാൾ നടത്തിയ സാമ്പത്തിക ക്രമക്കേടുകൾക്ക് ഡോക്ടറുടെ മരണവുമായി ബന്ധമുണ്ടാകാൻ സാധ്യതയുണ്ടെന്ന സംശയങ്ങളും ഇപ്പോൾ ശക്തമായി നിലനിൽക്കുകയാണ്. പെൺകുട്ടി കൊല്ലപ്പെട്ടത് മുതൽ സന്ദീപ് ഘോഷിനെതിരെ നിരവധി ആരോപങ്ങൾ ഉയർന്നു വന്നിരുന്നു.
പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത് മുതൽ അധികൃതരുടെ അനാസ്ഥയ്ക്കെതിരെ പ്രതിഷേധം ഉയർന്നിരുന്നു. പെൺകുട്ടിക്ക് വേണ്ടി നീതി തേടി വലിയ പ്രതിഷേധങ്ങളും സമരങ്ങളും ആരംഭിച്ചതിനു ശേഷമാണ് ജൂനിയർ ഡോക്ടർ കൂട്ടബലാത്സംഗത്തിന് വിധേയയായി എന്ന് വ്യക്തമാക്കുന്ന ഓട്ടോപ്സി റിപ്പോർട്ട് പോലും പുറത്ത് വന്നത്. ഇതിന് പിന്നാലെ 24 മണിക്കൂർ സേവനങ്ങൾ പിൻവലിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും (ഐഎംഎ) സംഭവത്തിൽ പ്രതിഷേധിച്ചു. പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ക്ക് നേരെ ഗുണ്ടകളുടെ ആക്രമണം നടന്നു. പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് നടപടി ഉണ്ടായി. ഇതൊക്കെയും മമത സർക്കാരിനെ പ്രതിക്കൂട്ടിലാക്കി.
കുറ്റകൃത്യം നടന്ന് 12 മണിക്കൂറിനുള്ളിൽ തന്നെ കൊൽക്കത്ത പൊലീസ് സഞ്ജയ് റോയി എന്നയാളെ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ തുടക്കം മുതൽ തെളിവ് നശിപ്പിക്കാനും കേസ് ഒതുക്കി തീർക്കാനും പൊലീസ് ശ്രമിച്ചുവെന്ന് ആരോപിച്ച പെൺകുട്ടിയുടെ മാതാപിതാക്കൾ രംഗത്തു വന്നിരുന്നു. ഉയർന്ന പൊലീസ് ഉദ്യോഗസ്ഥർ പണം ഓഫർ ചെയ്ത കേസ് ഒതുക്കി തീർക്കാൻ ആവശ്യപ്പെട്ടുവെന്ന് മാതാപിതാക്കൾ തന്നെ വെളിപ്പെടുത്തിയിരുന്നു. ആദ്യം അറിയിച്ചത് ആത്മഹത്യയാണെന്ന് ആയിരുന്നുവെന്നും മൃതദേഹം കാണിക്കാതെ തങ്ങളെ തടഞ്ഞുവെച്ചുവെന്നും അടക്കമുള്ള കാര്യങ്ങൾ മാതാപിതാക്കൾ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയുള്ള പ്രതിഷേധങ്ങളുടെ ഭാഗമായി ഓഗസ്റ്റ് 23നാണ് കൽക്കട്ട ഹൈക്കോടതി കേസ് സിബിഐക്ക് വിട്ടത്. എന്നാൽ സിബിഐ കേസ് ഏറ്റെടുത്തിട്ട് 16 ദിവസങ്ങൾ കഴിഞ്ഞിട്ടും കേസിൽ മറ്റ് പ്രതികൾ ഉള്ളതായി കണ്ടെത്തിയിട്ടില്ല.
ഡോക്ടറുടെ കൊലപാതകം ബംഗാൾ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയിരിക്കുകയാണ്. ബിജെപി ഇതിനെ രാഷ്ട്രീയ ആയുധമാക്കിയതോടുകൂടി വിഷയത്തിൽ ആടിയുലയുകയാണ് മമത സർക്കാർ. ബലാത്സംഗക്കൊലയിൽ കൃത്യമായ അന്വേഷണം നടത്തുന്നതിലും തൃണമൂൽ സർക്കാർ പരാജയപ്പെട്ടു, ജനകീയ പ്രതിഷേധങ്ങൾക്ക് നേരെ മുഖം തിരിച്ചു എന്നതൊക്കെ പാർട്ടിക്കുള്ളിൽ തന്നെയുള്ളവർ ഇപ്പോൾ സമ്മതിക്കുന്ന കാര്യങ്ങളാണ്. തനിക്കെതിരെയുള്ള ആരോപണങ്ങളെ നേരിടാൻ അപരാജിത ബില്ലിറക്കി മമത പയറ്റിയെങ്കിലും അതുകൊണ്ടൊന്നും പ്രതിഷേധക്കാർ അടങ്ങിയില്ല. ബിജെപി നേതാക്കൾ അക്രമം അഴിച്ചുവിടുന്നുവെന്ന മമതയുടെ ആക്ഷേപവും നീതിയ്ക്ക് വേണ്ടി തെരുവിലിറങ്ങിയവർ കണക്കിലെടുത്തില്ല.
ബലാൽസംഗത്തിന് തൂക്കുകയറെന്ന വൈകാരിക തീരുമാനത്തിൽ പിടിച്ച് സ്ത്രീകൾക്കിടയിലെ വിശ്വാസം വീണ്ടും ഊട്ടിഉറപ്പിക്കാനുള്ള ശ്രമമാണ് മമത അപരാജിത ബില്ലിലൂടെ നടത്തിയത്. ന്യൂനപക്ഷങ്ങളും സ്ത്രീകളുമായിരുന്നു പതിമൂന്നു വർഷമായി ഭരണത്തിൽ തുടരുന്ന മമതയുടെ കരുത്ത്. ലക്ഷ്മി ഭണ്ഡാർ, കന്യാശ്രീ തുടങ്ങിയ പദ്ധതികളിലൂടെ സ്ത്രീവോട്ടർമാരുടെ പിന്തുണ നേടിയാണ് മമത സർക്കാർ മുന്നോട്ട് പോയിരുന്നത്. പക്ഷേ, അവരിൽ ഒരു വലിയ വിഭാഗം ഇന്ന് മമതയ്ക്കെതിരെ തിരിഞ്ഞിരിക്കുന്നു. തങ്ങൾക്കു സുരക്ഷയൊരുക്കാൻ തങ്ങളുടെ ദീദിക്കു കഴിയുന്നില്ലെന്ന് അവർ ഇന്ന് വിശ്വസിക്കുന്നു. ‘വീട്ടിലെ ലക്ഷ്മിക്ക് സുരക്ഷയില്ലെങ്കിൽ പിന്നെ മമതയുടെ ലക്ഷ്മിഭണ്ഡാറിന് എന്ത് അർഥ’മെന്ന കൊല്ലപ്പെട്ട യുവതിയുടെ അമ്മയുടെ ചോദ്യവും ഏറെ ചർച്ചയായിരുന്നു.