
നമ്മുടെ വയറും കുടലുമടങ്ങുന്ന ദഹനനാളിയിൽ വായു കയറുന്ന അവസ്ഥയാണ് ബ്ലോട്ടിങ്. പലരും ഈ അവസ്ഥയിലൂടെ മിക്കപ്പോഴും കടന്നു പോകുന്നവരാകും. വയറു വേദന, ഗ്യാസ് കയറ്റം, ഏമ്പക്കം, വയറ്റിൽ ഇരമ്പം എന്നിവയെല്ലാം ബ്ലോട്ടിങ്ങിന്റെ ലക്ഷണങ്ങളാണ്. നീണ്ട ഉപവാസത്തിന് ശേഷം അമിതമായി ഭക്ഷണം കഴിക്കുന്നത്, അമിതമായി കൊഴുപ്പ് അടങ്ങിയ ഭക്ഷണം, വേഗത്തിൽ ഭക്ഷണം കഴിക്കുക തുടങ്ങിയയെല്ലാം വയറ്റിൽ ബ്ലോട്ടിങ് ഉണ്ടാക്കിയേക്കാം.
ബ്ലോട്ടിങ് ഒഴിവാക്കാൻ ചിലത് ശീലിക്കാം
1. മൂന്ന് നേരമല്ല, ആറ് നേരം ഭക്ഷണം

ദിവസവും മൂന്ന് നേരമാണ് സാധാരണ ഗതിയിൽ നമ്മൾ ഭക്ഷണം കഴിക്കുക. ഭക്ഷണങ്ങൾക്കിടയിലെ നീണ്ട ഇടവേള ഓരോ നേരവും അമിതമായി ഭക്ഷണം കഴിക്കാൻ പ്രേരിപ്പിക്കും. എന്നാൽ ഇത്തരത്തിൽ അമിതമായി ഭക്ഷണം ചെല്ലുന്നത് നമ്മുടെ ദഹനനാളത്തിൽ ഓവർലോഡ് ആകുകയും ഇത് വയറ്റിൽ ബ്ലോട്ടിങ്, ഗ്യാസ് എന്നിവ രൂപപ്പെടാനും കാരണമാകുന്നു. അതിനാൽ ദിവസവും അഞ്ച് മുതൽ ആറ് നേരം ചെറിയ തോതിലായി ഭക്ഷണം കഴിച്ചു ശീലിക്കാം. ഇത്തരത്തിൽ കഴിക്കുന്നത് ദഹന എൻസൈമുകളുടെ ഉൽപാദനം വർധിക്കുകയും ദഹനനാളത്തിലെ ഓവർലോഡിങ് ഒഴിവാക്കാനും സഹായിക്കും.
2. നാരുകൾ അടങ്ങിയ ഭക്ഷണം കഴിക്കുമ്പോൾ ശ്രദ്ധിക്കുക

ദഹനത്തിന് ഏറ്റവും ആവശ്യമായ പോഷകമാണ് നാരുകൾ. നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തേണ്ടത് പ്രധാനവുമാണ്. എന്നാൽ അമിതമായാൽ വിഷം -എന്ന പോലെയാണ് നാരുകൾ അടങ്ങിയ ഭക്ഷണം അമിതമായി കഴിക്കുന്നത് വയറ്റിൽ ബ്ലോട്ടിങ്, ഗ്യാസ് എന്നിവയിലേക്ക് നയിക്കാം. നാരുകൾ കുടലിൽ കിടക്കുകയും ഇത് വയറ്റിൽ ഗ്യാസ് ഉണ്ടാകാനും കാരണമാകുന്നു. അതിനാൽ പയർ, ധാന്യങ്ങൾ തുടങ്ങിയ സാധനങ്ങൾ നേരിട്ടു കളിക്കുന്നതിലും വെള്ളത്തിൽ കുതിർത്തോ പാകം ചെയ്തോ കഴിക്കുന്നതാണ് നല്ലത്.
3. ഉപ്പിന്‍റെ ഉപയോഗം പരിമിതപ്പെടുത്തണം

ഭക്ഷണത്തിൽ അമിതമായി ഉപ്പ് ഉപയോഗിക്കുന്നത് ശരീരത്തിൽ അമിതമായി ജലാംശം നിലനിൽക്കാൻ കാരണമാകും. ഇത് വയറ്റിൽ ഗ്യാസ്, ബ്ലോട്ടിങ് തുടങ്ങിയവയിലേക്ക് നയിക്കും. പാക്കറ്റുകളിൽ ലഭിക്കുന്ന സ്നാക്കുളിലും പ്രോസസ്ഡ് ഭക്ഷണങ്ങളിലും സോഡിയം അമിതമായി അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ ജലാംശം ക്രമീകരിക്കുന്നതിന് ഉപ്പ് പരിമിതപ്പെടുത്താം.
4. സോഡ പോലുള്ള പാനീയങ്ങൾ ഒഴിവാക്കുക

കാർബൊണേറ്റഡ് പാനീയങ്ങൾ വയറ്റിൽ ഗ്യാസ് രൂപീകരിക്കാൻ കാരണമാകുന്നു. ഇത് ബ്ലോട്ടിങ് ഉണ്ടാക്കുന്നതിലേക്കും നയക്കുന്നു. പകരം വെള്ളം നന്നായി കുടിക്കുക. ദഹനം മെച്ചപ്പെടുന്നതിന് വെള്ളം കുടിക്കേണ്ടത് അനിവാര്യമാണ്. വെള്ളം ശരീരത്തിലെ അമിതമായ സോഡിയം ഒഴിവാക്കാനും ദഹനം ക്രമമാക്കാനും സഹായിക്കുന്നു.
5. പ്രോബയോടിക് ഭക്ഷണങ്ങൾ

പ്രോബയോടിക് ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് കുടലിൽ നല്ല ബാക്ടീരിയയുടെ വളർച്ചയെ സഹായിക്കുകയും ദഹനത്തെ മെച്ചപ്പെടുത്തുകയും ചെയ്യുന്നു. കുടലിൽ ഇത്തരം ബാക്ടീരിയ കുറയുന്നതും വയറ്റിൽ ബ്ലോട്ടിങ് ഉണ്ടാക്കാം.