ന്യൂഡൽഹി: രാജ്യസഭയിൽ കേവല ഭൂരിപക്ഷം നേടി കേന്ദ്രം ഭരിക്കുന്ന എൻഡിഎ. രാജ്യസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ബിജെപിയുടെ ഒൻപത് അംഗങ്ങളും സഖ്യകക്ഷികളിലെ രണ്ട് അംഗങ്ങളും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ഇതോടെ രാജ്യസഭയിലെ ബിജെപിയുടെ അംഗസംഖ്യ 96ലേക്കും എൻഡിഎയുടെ അംഗസംഖ്യ 112ലേക്കും എത്തി. ആറ് നോമിനേറ്റഡ് അംഗങ്ങളുടെയും ഒരു സ്വതന്ത്ര അംഗത്തിൻ്റെയും പിന്തുണയോടെയാണ് എൻഡിഎ കേവല ഭൂരിപക്ഷം നേടിയത്.245 ആണ് രാജ്യസഭയിലെ അംഗസംഖ്യ. ജമ്മു കശ്മീരിൽനിന്ന് നാല് അംഗങ്ങളും നാല് നോമിനേറ്റഡ് അംഗങ്ങളും ഉൾപ്പെടെ എട്ട് അംഗങ്ങളുടെ ഒഴിവ് രാജ്യസഭയിലുണ്ട്. അതിനാൽ നിലവിലെ അംഗങ്ങളുടെ എണ്ണം 237 ആണ്. ബില്ലുകളടക്കം പാസാക്കാനുള്ള കേവല ഭൂരിപക്ഷം 119 ആണ്. ബിജെപിയുടെ ഒൻപത് അംഗങ്ങൾക്ക് പുറമേ, എൻഡിഎയിലെ എൻസിപി അജിത് പവാർ വിഭാഗത്തിലെ അംഗവും രാഷ്ട്രീയ ലോക് മഞ്ചിലെ അംഗവും എതിരില്ലാതെ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. കോൺഗ്രസിൻ്റെ ഒരംഗവും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ഇതോടെ പ്രതിപക്ഷ കൂട്ടായ്മയായ ഇന്ത്യ സംഖ്യത്തിൻ്റെ രാജ്യസഭയിലെ അംഗസംഖ്യ 85 ആയി. കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ അടക്കമുള്ളവരാണ് പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ബിജെപി അംഗങ്ങൾ. മധ്യപ്രദേശിൽ നിന്നാണ് ജോർജ് കുര്യൻ തെരഞ്ഞെടുക്കപ്പെട്ടത്. അസമിൽനിന്ന് മിഷൻ രഞ്ജൻ ദാസും രാമേശ്വർ തേലിയും, ബിഹാറിൽനിന്ന് മനം കുമാർ മിശ്ര, ഹരിയാനയിൽനിന്ന് കിരൺ ചഥരി, മഹാരാഷ്ട്രയിൽനിന്ന് ധൈര്യ ഷീൽ പാട്ടീൽ, ഒഡീഷയിൽനിന്ന് മമത മോഹന്ത, രാജസ്ഥാനിൽനിന്ന് രവനീത് സിങ് ബിട്ടു, ത്രിപുരയിൽനിന്ന് രാജീവ് ഭട്ടാചാര്യ എന്നിവരുമാണ് തെരഞ്ഞെടുക്കപ്പെട്ട മറ്റ് ബിജെപി അംഗങ്ങൾ. മുതിർന്ന കോൺഗ്രസ് നേതാവായ അഭിഷേക് മനു സിങ്വി ആണ് തെരഞ്ഞെടുക്കപ്പെട്ട പ്രതിപക്ഷാംഗം. തെലങ്കാനയിൽ നിന്നാണ് സിങ്വി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. എൻസിപി അജിത് പവാർ വിഭാഗത്തിൻ്റെ നിതിൻ പാട്ടീൽ മഹാരാഷ്ട്രയിൽ നിന്നും രാഷ്ട്രീയ ലോക് മഞ്ചിൻ്റെ ഉപേന്ദ്ര കുശ്വാഹ ബിഹാറിൽ നിന്നുമാണ് തെരഞ്ഞെടുക്കപ്പെട്ടത്. സുപ്രധാന ബില്ലുകളടക്കം പാസാക്കാൻ ബിജെപിക്ക് രാജ്യസഭയിൽ കേവല ഭൂരിപക്ഷം അനിവാര്യമാണ്. നേരത്തെ ബില്ലുകൾ രാജ്യസഭ കടത്താൻ ബിജെപിക്ക് ബിജു ജനതാദളിൻ്റെയും വൈഎസ്ആർ കോൺഗ്രസിൻ്റെയും പിന്തുണ ലഭിച്ചിട്ടുണ്ട്. എന്നാൽ ഇരു പാർട്ടികളും ഭരണത്തിലിരുന്ന ഒഡീഷയിലും ആന്ധ്ര പ്രദേശിലും ബിജെപിയുടെ നേതൃത്വത്തിലുള്ള സർക്കാരുകളാണ് അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ഭരണത്തിലേറിയത്. അതിനാൽ ഇരുകക്ഷികളും രാജ്യസഭയിൽ ബിജെപിയെ പിന്തുണയ്ക്കാനുള്ള വഴിയടഞ്ഞു.
Posted inKERALAM
ജോർജ് കുര്യൻ ഉൾപ്പെടെ 12 പേർ എതിരില്ലാതെ ജയിച്ച് രാജ്യസഭയിൽ; കേവല ഭൂരിപക്ഷം തൊട്ട് എൻഡിഎ
Tags:
hema commission reporthema commission report malayalamhema committeehema committee reporthema committee report against mollywood superstarshema committee report discussionhema committee report explainedhema committee report malayalamjustice hema committeejustice hema committee reportjustice k hema committee reportmissing pages of hema committe reportmohanlal hema committee reportmohanlal in hema committee report
Last updated on August 27, 2024