പാരീസ് പാരാലിമ്പിക്‌സ് 2024: വീല്‍ചെയര്‍ ടെന്നീസ് ആഘോഷിച്ച് ഗൂഗിള്‍ ഡൂഡില്‍

പാരീസ് പാരാലിമ്പിക്‌സ് 2024: വീല്‍ചെയര്‍ ടെന്നീസ് ആഘോഷിച്ച് ഗൂഗിള്‍ ഡൂഡില്‍

പാരീസ് പാരാലിമ്പിക് ഗെയിംസ് 2024 (Paris Paralympics 2024) മല്‍സരങ്ങള്‍ പുരോഗമിക്കവെ ആഘോഷത്തില്‍ പങ്കുചേര്‍ന്ന് ഗൂഗിളും. ഗൂഗ്‌ളിന്റെ ഇന്നത്തെ ഡൂഡില്‍ (Google Doodle Today) പാരാലിമ്പിക്‌സ് വീല്‍ചെയര്‍ ടെന്നീസ് (Wheelchair Tennis) ആണ്. നിരവധി ആനിമേറ്റഡ് ഡൂഡിലുകളോടെയാണ് ഗൂഗിളും പാരാലിമ്പിക്‌സിനൊപ്പം സഞ്ചരിക്കുന്നത്.

ആനിമേറ്റഡ് ഡൂഡിലുകളുടെ പരമ്പരയോടെയാണ് പാരീസ് പാരാലിമ്പിക്‌സ് ഗൂഗിള്‍ ആഘോഷിച്ചുവരുന്നത്. ഇതിനായി ഓരോ ദിവസവും പുതിയ കാര്‍ട്ടൂണുകള്‍ പുറത്തിറക്കുന്നുണ്ട്. ഇന്നത്തെ ഡൂഡിലില്‍ പാരാലിമ്പിക് തീം പക്ഷികളെ അവതരിപ്പിക്കുന്നു. പുരാതന പൂന്തോട്ടം പോലെ തോന്നിക്കുന്ന പശ്ചാത്തലത്തില്‍ രണ്ട് പക്ഷി അത്‌ലറ്റുകള്‍ പരസ്പരം എയ്സ് ഉതിര്‍ക്കാന്‍ ശ്രമിക്കുന്നത് ഡൂഡില്‍ കാണിക്കുന്നു.

റോളണ്ട് ഗാരോസ് സ്റ്റേഡിയത്തിലെ കളിമണ്‍ കോര്‍ട്ടില്‍ ഓഗസ്റ്റ് 30 മുതല്‍ സെപ്റ്റംബര്‍ 7 വരെയാണ് പാരാലിമ്പിക്സ് വീല്‍ചെയര്‍ ടെന്നീസ് മത്സരങ്ങള്‍ നടക്കുന്നത്. പുരുഷ, വനിത, ക്വാഡ് വിഭാഗങ്ങളിലായി സിംഗിള്‍സ്, ഡബിള്‍സ് മത്സരങ്ങള്‍ ഉള്‍പ്പെടുന്നു. മല്‍സരങ്ങളില്‍ പങ്കെടുക്കുന്നതിന് പ്രത്യേക മാര്‍ഗനിര്‍ദേശങ്ങള്‍ പാരാലിമ്പിക് കമ്മിറ്റി പുറത്തിറക്കിയിട്ടുണ്ട്.

പാരീസ് പാരാലിമ്പിക്സില്‍ ഇന്ത്യക്ക് ഇതുവരെ 11 മെഡലുകളാണ് ലഭിച്ചത്. രണ്ട് സ്വര്‍ണവും നാല് വെള്ളിയും അഞ്ച് വെങ്കലവുമായി 22-ാംസ്ഥാനത്താണ് ഇന്ത്യ. ബാഡ്മിന്റണ്‍ പുരുഷ സിംഗിള്‍സ് എസ്എല്‍3 വിഭാഗത്തില്‍ നിതേഷ് കുമാറിലൂടെയാണ് ഇന്ത്യക്ക് രണ്ടാം സ്വര്‍ണം ലഭിച്ചത്. ഫൈനലില്‍ ബ്രിട്ടന്റെ ഡാനിയേല്‍ ബെതല്ലിനെയാണ് തോല്‍പ്പിച്ചത്. സ്‌കോര്‍: 21-14, 18-21, 23-21.

ടോക്യോ ഒളിമ്പിക്സ് വെള്ളി മെഡല്‍ ജേതാവായ ഡാനിയേല്‍ ബെതല്ലിനെ കടുത്ത മല്‍സരത്തിനൊടുവിലാണ് നിതേഷ് കുമാര്‍ കീഴടക്കിയത്. ആദ്യ ഗെയിമില്‍ ഒരുഘട്ടത്തില്‍ 6-9ന് പിന്നിലായിരുന്ന നിതേഷ് അവിശ്വസനീയമായ ചെറുത്തുനില്‍പ്പിലൂടെ വിജയം പിടിച്ചെടുക്കുകയായിരുന്നു. മല്‍സരം ഒരുമണിക്കൂര്‍ 20 മിനിറ്റ് നീണ്ടുനിന്നു.

ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സ് എസ്യു5 വിഭാഗത്തില്‍ ഇന്ത്യയുടെ തുളസിമതി മുരുഗേസന് ആണ് വെള്ളി മെഡല്‍. ഇന്ത്യയുടെ തന്നെ മനീഷ രാമദാസ് മൂന്നാം സ്ഥാനം നേടി. അത്ലറ്റിക്സില്‍ പുരുഷ ഡിസ്‌കസ് ത്രോ എഫ് 56 വിഭാഗത്തില്‍ യോഗേഷ് കതുനിയയും ഹൈജമ്പ് ടി47 വിഭാഗത്തില്‍ നിഷാദ് കുമാറും വെള്ളി സ്വന്തമാക്കി. വനിതകളുടെ 200 മീറ്റര്‍ ടി35ല്‍ പ്രീതി പാല്‍ വെങ്കലം കുറിച്ചു. പ്രീതി പാല്‍ നേരത്തേ 100 മീറ്റിലും മെഡല്‍ നേടിയിരുന്നു. 42 സ്വര്‍ണവുമായി ചൈനയാണ് മെഡല്‍ പട്ടികയില്‍ ഒന്നാമത്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *