കേരളത്തിന്റെ തലവരമാറും; പാലക്കാട് 3806 കോടിയുടെ ഗ്രീന്‍ഫീല്‍ഡ് ഇന്‍ഡസ്ട്രിയല്‍ സിറ്റി പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍; 12 പ്രോജക്റ്റുകളിലൂടെ 51,000 പേര്‍ക്ക് തൊഴില്‍; റബറിന് മുന്‍ഗണന

കേരളത്തിന്റെ തലവരമാറും; പാലക്കാട് 3806 കോടിയുടെ ഗ്രീന്‍ഫീല്‍ഡ് ഇന്‍ഡസ്ട്രിയല്‍ സിറ്റി പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍; 12 പ്രോജക്റ്റുകളിലൂടെ 51,000 പേര്‍ക്ക് തൊഴില്‍; റബറിന് മുന്‍ഗണന

കേരളത്തില്‍ ഉള്‍പ്പെടെ രാജ്യത്ത് പുതിയ 12 ഗ്രീന്‍ഫീല്‍ഡ് ഇന്റസ്ട്രിയല്‍ സ്മാര്‍ട്ട് സിറ്റികള്‍ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. 3806 കോടി ചെലവില്‍ കേരളത്തില്‍ പാലക്കാട്ടാണ് വ്യവസായ സ്മാര്‍ട്ട് സിറ്റി കേന്ദ്രം പ്രഖ്യാപിച്ചിരിക്കുന്നത്.

ആകെ മൊത്തം 28,602 കോടി രൂപയുടെ പദ്ധതിക്കാണ് കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കിയതെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. പാലക്കാട് പുതുശേരിയിലാണ് സ്മാര്‍ട് സിറ്റി വരുക. സേലം – കൊച്ചി ദേശീയപാതയോട് ചേര്‍ന്നാണിത്. 3806 കോടി രൂപയാണ് പാലക്കാട്ടെ പദ്ധതിക്കായി ചെലവാകുക.

ഉത്തരാഖണ്ഡിലെ ഖുര്‍പിയ, പഞ്ചാബിലെ രാജ്പുര-പട്യാല, മഹാരാഷ്ട്രയിലെ ദിഗി, യുപിയിലെ ആഗ്ര, പ്രയാഗ്രാജ്, ബിഹാറിലെ ഗയ, തെലങ്കാനയിലെ സഹീറാബാദ്, ആന്ധ്രാപ്രദേശിലെ ഒര്‍വക്കല്‍, കൊപ്പര്‍ത്തി, ജോധ്പൂര്‍-പാലി തുടങ്ങിയിടങ്ങളിലാണ് ഗ്രീന്‍ഫീല്‍ഡ് ഇന്റസ്ട്രിയല്‍ സ്മാര്‍ട്ട് സിറ്റികള്‍ നിര്‍മിക്കുക.

ഇതിലൂടെ 51,000 പേര്‍ക്ക് നേരിട്ട് തൊഴില്‍ ലഭിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ഇന്ന് ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തില്‍ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവാണ് പദ്ധതിക്ക് അനുമതി നല്‍കിയത്.

റബ്ബര്‍, പ്ലാസ്റ്റിക്ക് ഉത്പന്നങ്ങള്‍, ഔഷധനിര്‍മ്മാണത്തിനായുള്ള രാസവസ്തുക്കള്‍, സസ്യോത്പന്നങ്ങള്‍, ഫാബ്രിക്കേറ്റഡ് മെറ്റല്‍ ഉത്പന്നങ്ങള്‍, യന്ത്രങ്ങള്‍, ഉപകരണങ്ങള്‍, ഹൈടെക് വ്യവസായം എന്നീ മേഖലകള്‍ക്കാണ് പാലക്കാട് വ്യവസായ സ്മാര്‍ട്ട് സിറ്റി പ്രാധാന്യം നല്‍കുക.

10 സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന, 6 പ്രധാന ഇടനാഴികളിലൂടെ ആസൂത്രണം ചെയ്തിരിക്കുന്ന ഈ പദ്ധതികള്‍, ഉല്‍പ്പാദന ശേഷിയും സാമ്പത്തിക വളര്‍ച്ചയും വര്‍ദ്ധിപ്പിക്കുന്നതിനുള്ള രാജ്യത്തിന്റെ ശ്രമങ്ങളില്‍ സുപ്രധാന മുന്നേറ്റത്തെ പ്രതിനിധാനം ചെയ്യുന്നു.

പ്രധാന സവിശേഷതകള്‍:

തന്ത്രപരമായ നിക്ഷേപങ്ങള്‍: വന്‍കിട വ്യവസായങ്ങളില്‍ നിന്നും സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളില്‍ നിന്നും (എംഎസ്എംഇ) നിക്ഷേപം സുഗമമാക്കി, ഊര്‍ജസ്വലമായ വ്യാവസായിക ആവാസവ്യവസ്ഥയെ പരിപോഷിപ്പിക്കുന്നതിനാണ് എന്‍ഐസിഡിപി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. 2030-ഓടെ കയറ്റുമതിയില്‍ 2 ട്രില്യണ്‍ ഡോളര്‍ കൈവരിക്കുന്നതിന് സഹായിക്കുന്ന ഉത്തേജകമായി ഈ വ്യാവസായിക നോഡുകള്‍ പ്രവര്‍ത്തിക്കും. ഇത് സ്വയംപര്യാപ്തവും ആഗോളതലത്തില്‍ മത്സരാധിഷ്ഠിതവുമായ ഇന്ത്യ എന്ന ഗവണ്‍മെന്റിന്റെ കാഴ്ചപ്പാടിനെ പ്രതിഫലിപ്പിക്കുന്നു.

സ്മാര്‍ട്ട് സിറ്റികളും ആധുനിക അടിസ്ഥാന സൗകര്യവും : പുതിയ വ്യാവസായിക നഗരങ്ങള്‍ ആഗോള നിലവാരത്തിലുള്ള ഗ്രീന്‍ഫീല്‍ഡ് സ്മാര്‍ട്ട് സിറ്റികളായി വികസിപ്പിക്കും. ‘പ്ലഗ്-ആന്‍ഡ് -പ്ലേ’, ‘വാക്ക്-ടു-വര്‍ക്ക്’ എന്നീ ആശയങ്ങളിലൂന്നി ‘ആവശ്യകതയ്ക്ക് മുമ്പേ’ ഇവ നിര്‍മ്മിക്കും. ഇതിലൂടെ സുസ്ഥിരവും കാര്യക്ഷമവുമായ വ്യാവസായിക പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള വിപുലമായ അടിസ്ഥാന സൗകര്യങ്ങള്‍ ഈ നഗരങ്ങളില്‍ സജ്ജമാക്കാന്‍ ഉദ്ദേശിക്കുന്നു.

പിഎം ഗതിശക്തിയുടെ മേഖലാ സമീപനം: പിഎം ഗതിശക്തി ദേശീയ ആസൂത്രണ പദ്ധതിയുമായി ചേര്‍ന്ന്, ജനങ്ങളുടെ സഞ്ചാരത്തിനും ചരക്ക് നീക്കത്തിനും സേവനങ്ങളുടെ തടസ്സമില്ലാത്ത വിതരണം ഉറപ്പാക്കുന്നതിനും ബഹു മാതൃക സമ്പര്‍ക്കസംവിധാന അടിസ്ഥാനസൗകര്യ പദ്ധതികള്‍ അവതരിപ്പിക്കും. വ്യാവസായിക നഗരങ്ങള്‍, മേഖലയുടെ സമഗ്ര പരിവര്‍ത്തനത്തിനുള്ള വളര്‍ച്ചാ കേന്ദ്രങ്ങളായിട്ടാണ് വിഭാവനം ചെയ്തിരിക്കുന്നത്.

വികസിത ഭാരതം എന്ന കാഴ്ചപ്പാട്:

വികസിത ഭാരതം എന്ന കാഴ്ചപ്പാട് സാക്ഷാത്കരിക്കുന്നതിനുള്ള ചുവടുവയ്പ്പാണ് ഈ പദ്ധതികളുടെ അംഗീകാരം. ആഗോള മൂല്യ ശൃംഖലയില്‍ ഇന്ത്യയെ ശക്തമായ സ്ഥാനത്ത് സ്ഥാപിച്ച്, നിക്ഷേപകര്‍ക്ക് ആവശ്യമായ വികസിത ഭൂമി ഉടനടി അനുവദിക്കുന്നതിന് എന്‍ഐസിഡിപി അവസരം ഒരുക്കുന്നു. ഇത് ആഭ്യന്തര-അന്തര്‍ദേശീയ നിക്ഷേപകര്‍ക്ക് ഇന്ത്യയില്‍ നിര്‍മ്മാണ യൂണിറ്റുകള്‍ സ്ഥാപിക്കുന്നത് എളുപ്പമാക്കുന്നു. വ്യാവസായിക ഉല്‍പ്പാദനം വര്‍ധിപ്പിച്ച് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് സാമ്പത്തിക വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും ‘ആത്മനിര്‍ഭര്‍ ഭാരത്’ അല്ലെങ്കില്‍ സ്വയംപര്യാപ്തമായ ഇന്ത്യ സൃഷ്ടിക്കുകയും ചെയ്യുക എന്ന വിശാലമായ ലക്ഷ്യവുമായി ഒത്തുചേരുന്നു.

സാമ്പത്തിക സ്വാധീനവും തൊഴില്‍ സൃഷ്ടിക്കലും:

NICDP, ഗണ്യമായ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഏകദേശം ഒരു ദശലക്ഷം നേരിട്ടുള്ള തൊഴിലവസരങ്ങളും 3 ദശലക്ഷം പരോക്ഷ തൊഴിലവസരങ്ങളും ആസൂത്രിത വ്യവസായവല്‍ക്കരണത്തിലൂടെ സൃഷ്ടിക്കപ്പെടുന്നു. ഇത് ഉപജീവന അവസരങ്ങള്‍ പ്രദാനം ചെയ്യുക മാത്രമല്ല, ഈ പദ്ധതികള്‍ നടപ്പിലാക്കുന്ന പ്രദേശങ്ങളുടെ സാമൂഹിക-സാമ്പത്തിക ഉന്നമനത്തിന് സംഭാവന നല്‍കുകയും ചെയ്യും.

സുസ്ഥിര വികസനത്തോടുള്ള പ്രതിബദ്ധത:

എന്‍ഐസിഡിപിക്ക് കീഴിലുള്ള പദ്ധതികള്‍ സുസ്ഥിരതയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചും, ഐസിടി അധിഷ്ഠിത സംവിധാനങ്ങള്‍ ഉപയോഗിച്ചും, പാരിസ്ഥിതിക ആഘാതം കുറയ്ക്കുന്നതിന് ഹരിത സാങ്കേതികവിദ്യകള്‍ ഉള്‍പ്പെടുത്തിയുമാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഗുണമേന്മയുള്ളതും വിശ്വസനീയവും സുസ്ഥിരവുമായ അടിസ്ഥാന സൗകര്യങ്ങള്‍ പ്രദാനം ചെയ്യുന്നതിലൂടെ, സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ കേന്ദ്രങ്ങള്‍ മാത്രമല്ല, പാരിസ്ഥിതിക സംരക്ഷണത്തിന്റെ മാതൃകകള്‍ കൂടിയായ വ്യാവസായിക നഗരങ്ങള്‍ സൃഷ്ടിക്കുകയാണ് ഗവണ്‍മെന്റ് ലക്ഷ്യമിടുന്നത്.

എന്‍ഐസിഡിപിയുടെ കീഴില്‍ 12 പുതിയ വ്യാവസായിക നോഡുകളുടെ അംഗീകാരം ആഗോള ഉല്‍പ്പാദന ശക്തിയായി മാറുന്നതിനുള്ള ഇന്ത്യയുടെ പ്രയാണത്തിലെ സുപ്രധാന നാഴികക്കല്ലാണ്. സംയോജിത വികസനം, സുസ്ഥിര അടിസ്ഥാനസൗകര്യം, തടസ്സമില്ലാത്ത സമ്പര്‍ക്കസൗകര്യം എന്നിവയില്‍ തന്ത്രപരമായ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട്, ഈ പദ്ധതികള്‍ ഇന്ത്യയുടെ വ്യാവസായിക ഭൂപ്രകൃതിയെ പുനര്‍നിര്‍വചിക്കാനും വരുംവര്‍ഷങ്ങളില്‍ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ നയിക്കാനും ലക്ഷ്യമിടുന്നു.

അംഗീകാരം ലഭിച്ച ഈ പുതിയ പദ്ധതികള്‍ക്ക് പുറമെ, NICDP ഇതിനകം നാല് പദ്ധതികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. കൂടാതെ നാലെണ്ണം നിലവില്‍ നടപ്പാക്കിവരികയാണ്. തുടര്‍ച്ചയായ ഈ പുരോഗതി ഇന്ത്യയുടെ വ്യാവസായിക മേഖലയെ പരിവര്‍ത്തനം ചെയ്യുന്നതിനും ഊര്‍ജസ്വലവും സുസ്ഥിരവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ സാമ്പത്തിക അന്തരീക്ഷം പരിപോഷിപ്പിക്കുന്നതിനുമുള്ള ഗവണ്‍മെന്റിന്റെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *