ആണുങ്ങളിലെ മുടി കൊഴിച്ചിൽ മാറ്റാനുള്ള വഴികൾ

ആണുങ്ങളിലെ മുടി കൊഴിച്ചിൽ മാറ്റാനുള്ള വഴികൾ

പെണ്ണുങ്ങളെ പോലെ തന്നെ ആണുങ്ങളിലും മുടികൊഴിച്ചിലുണ്ടാകുന്നത് സ്വാഭാവികമാണ്. കൃത്യമായ പരിചരണം നൽകിയില്ലെങ്കിൽ പെട്ടെന്ന് കഷണ്ടി വരാനുള്ള സാധ്യത വളരെ കൂടുതലാണ്. പ്രധാനമായും മാനസിക സമ്മർദ്ദമാണ് ഇത്തരത്തിൽ മുടി കൊഴിയുന്നതിനുള്ള കാരണം. അതുപോലെ മാറി കൊണ്ടിരിക്കുന്ന ജീവിതശൈലിയുമൊക്കെ വളരയധികം മുടികൊഴിച്ചിലിന് കാരണമാകുന്നു. കൃത്യമായ പരിചരണമാണ് ഇതിന് പ്രധാനം. ആഴ്ചയിൽ ഒരിക്കൽ എങ്കിലും മുടിയ്ക്ക് ആവശ്യമായ രീതിയിലുള്ള പരിചരണം നൽകാൻ ശ്രദ്ധിക്കണം. മുടികൊഴിച്ചിൽ തടയാൻ ചെയ്യേണ്ട ചില കാര്യങ്ങൾ നോക്കാം.

മസാജ് നൽകുക

ചെറിയ രീതിയിലുള്ള മസാജ് മുടിയ്ക്കും അതുപോലെ തലയോട്ടിയ്ക്കും വളരെ നല്ലതാണ്. രക്തയോട്ടം കൂട്ടി മുടിയുടെ രോമകൂപങ്ങളെ നേരെയാക്കാൻ തലയോട്ടി മസാജ് ചെയ്യുന്നത് സഹായിക്കും. ഏതെങ്കിലും ഒരു എസെൻഷ്യൽ ഓയിൽ ഉപയോ​ഗിച്ച് ആഴ്ചയിൽ ഒരിക്കൽ എങ്കിലും തലയോട്ടി മസാജ് ചെയ്യുക. ഫാറ്റി ആസിഡും അതുപോലെ വൈറ്റമിൻ ഇയും നൽകുന്ന വെളിച്ചെണ്ണ മുടിയ്ക്ക് ഏറെ നല്ലതാണ്. റോസ് മേരി ഓയിലാണ് മറ്റൊന്ന്. മുടി കൊഴിച്ചിൽ മാറ്റി മുടി വളർത്താൻ ഏറെ നല്ലതാണ് റോസ് മേരി ഓയിൽ. അതുപോലെ പെപ്പർ മിൻ്റ് ഓയിലും ഏറെ നല്ലതാണ്.

ഉലുവ

മുടിയുടെ ഉറ്റ സുഹൃത്താണ് ഉലുവ. താരൻ, മുടി കൊഴിച്ചിൽ തുടങ്ങി പല പ്രശ്നങ്ങളും ഇല്ലാതാക്കാൻ ഉലുവ ഏറെ സഹായിക്കാറുണ്ട്. ഇതിൽ അടങ്ങിയിരിക്കുന്ന അയണും പ്രോട്ടീനും മുടിയ്ക്ക് വളരെ പ്രധാനപ്പെട്ടതാണ്. മുടി വളർച്ചയ്ക്ക് ഇവ ഏറെ സഹായിക്കാറുണ്ട്. രാത്രിയിൽ ഉലുവ വെറും വെള്ളത്തിലോ അല്ലെങ്കിൽ കഞ്ഞി വെള്ളത്തിലോ കുതിർത്ത് വയ്ക്കുക. അടുത്ത ദിവസം രാവിലെ ഇത് അരച്ച് മുടിയിൽ തേച്ച് പിടിപ്പിക്കാവുന്നതാണ്. 20 മിനിറ്റ് കഴിഞ്ഞ് കഴുകി കളയാം.

കറ്റാർവാഴ

മുടികൊഴിച്ചിൽ മാറ്റാൻ ഏറെ നല്ലതാണ് കറ്റാർവാഴ. താരൻ പോലെ മുടി കൊഴിച്ചിൽ ഉണ്ടാകാനുള്ള സാധ്യതയുള്ള പ്രശ്നങ്ങളെ മാറ്റാനും കറ്റാർവാഴ വളരെയധികം സഹായിക്കും. കറ്റാർവാഴയുടെ ജെൽ ചെടിയിൽ നിന്ന് എടുത്ത് തലയോട്ടിയിൽ തേച്ച് പിടിപ്പിക്കാവുന്നതാണ്. 30 മിനിറ്റ് മുടിയിൽ വച്ച ശേഷം ഇത് കഴുകി വ്യത്തിയാക്കാം. ഇതിനൊപ്പം മറ്റ് ചേരുവകൾ ചേർത്ത് മുടിയിൽ തേയ്ക്കുന്നതും മുടി വളർത്താൻ ഏറെ സഹായിക്കാറുണ്ട്. കറ്റാർവാഴയും രാത്രിയിൽ കുതിർത്ത് വച്ച ഉലുവയും ചേർത്ത് നന്നായി അരച്ച് എടുക്കുക. ഇത് മുടിയിലും തലയോട്ടിയിലും തേച്ച് പിടിപ്പിക്കുക 20 മിനിറ്റ് കഴിഞ്ഞ് കഴുകി വ്യത്തിയാക്കുക.

സവാള നീര്

മുടികൊഴിച്ചിൽ മാറ്റാനുള്ള മറ്റൊരു പ്രധാന ചേരുവയാണ് സവാള നീര്. ഇതിൽ അടങ്ങിയിരിക്കുന്ന സൾഫറാണ് മുടികൊഴിച്ചിൽ മാറ്റി മുടി നന്നായി വളർത്തിെടുക്കാൻ ഏറെ സഹായിക്കുന്നത്. അതുപോലെ കൊളാജൻ ഉത്പ്പാദനം വർധിപ്പിക്കാനും ഇത് ഏറെ മികച്ചതാണ്. ഒരു സവാള എടുത്ത് നന്നായി മിക്സിയിലിട്ട് അരച്ച് അതിന്റെ നീര് എടുക്കാം. ഈ നീര് തലയോട്ടിയിൽ തേച്ച് പിടിപ്പിച്ച് 15 മുതൽ 20 മിനിറ്റ് വച്ച ശേഷം ഷാംപൂ ഉപയോ​ഗിച്ച് കഴുകി വ്യത്തിയാക്കാം. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഇത് ചെയ്യാവുന്നതാണ്.

ഗ്രീൻ ടീ കൊണ്ട് കഴുകാം

ആരോഗ്യത്തിന് ഏറെ നല്ലതാണ് ഗ്രീൻ ടീ എന്ന് എല്ലാവർക്കുമറിയാം. അതുപോലെ മുടിയ്ക്കും ഗ്രീൻ ടീ പല തരത്തിലുള്ള ഗുണങ്ങളാണ് നൽകുന്നത്. മുടികൊഴിച്ചിൽ മാറ്റാൻ ഗ്രീൻ ടീ ഏറെ സഹായിക്കാറുണ്ട്. മുടി വളർച്ചയ്ക്ക് സഹായിക്കുന്ന ആൻ്റി ഓക്സിഡൻ്റുകൾ ഗ്രീൻ ടീയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഒരു കപ്പ് വെള്ളത്തിൽ രണ്ട് ഗ്രീൻ ടീ ബാഗിട്ട് നന്നായി തിളപ്പിച്ച് ആ ചായ എടുക്കുക. മുടി ഷാംപൂ ഉപയോഗിച്ച് കഴുകിയ ശേഷം ഈ പാനീയം തലയോട്ടിയിലും തലമുടിയിലും ഒഴിക്കുക. 15 മിനിറ്റ് വച്ച ശേഷം തണുത്ത വെള്ളത്തിൽ കഴുകി വ്യത്തിയാക്കാം. ആഴ്ചയിൽ രണ്ട് ദിവസം ഇത് ചെയ്യാവുന്നതാണ്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *