ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസില്‍ ആദ്യ കുറ്റപത്രം സമര്‍പ്പിച്ച് ഇഡി. 1651 കോടിയുടെ കള്ളപ്പണ ഇടപാടാണ് നടന്നതെന്ന് കുറ്റപത്രത്തിൽ പറയുന്നു. കെഡി പ്രതാപനും ഭാര്യ ശ്രീനയും ഉള്‍പ്പെടെ 37 പ്രതികളാണ് ആദ്യ കുറ്റപത്രത്തിലുള്ളത്. കമ്പനിയുടെ 15 പ്രമോട്ടര്‍മാരെയും കേസില്‍ പ്രതികളാക്കിയിട്ടുണ്ട്.277 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടിയെന്നും കുറ്റപത്രത്തിൽ പറയുന്നുണ്ട്. നാല് പദ്ധതികളുടെ പേരിലായാണ് കോടികളുടെ പണപ്പിരിവ് നടത്തിയത്. നിക്ഷേപം എന്ന പേരിൽ പണം പൊതുജനങ്ങളിൽ നിന്ന് വാങ്ങിയശേഷമായിരുന്നു അത് വകമാറ്റി നിക്ഷേപകരെ വഞ്ചിച്ചത്. പണം നഷ്ടപ്പെട്ടവർക്ക് കോടതിയെ സമീപിക്കാമെന്നും കുറ്റപത്രത്തിൽ പറയുന്നുണ്ട്. 11500 പേജുകളുള്ള കുറ്റപത്രമാണ് കോടതിയിൽ ഹാജരാക്കിയത്. കഴിഞ്ഞ ജൂലൈ നാലിനാണ് ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതി കെ.ഡി പ്രതാപൻ അറസ്റ്റിലാകുന്നത്. ഹൈറിച്ച് മൾട്ടിലെവൽ മാർക്കറ്റിംഗ് ശൃംഖലയിൽ പങ്കാളികളായ നിക്ഷേപകരുടെയും, പ്രതാപന്‍റെ ഭാര്യ ശ്രീന തുടങ്ങിയവരെയും ഇഡി കഴിഞ്ഞ ദിവസങ്ങളിൽ ചോദ്യം ചെയ്തിരുന്നു. നിക്ഷേപകരിൽ നിന്ന് പിരിച്ചെടുത്ത കോടിക്കണക്കിന് രൂപ കളളപ്പണ ഇടപാടിലൂടെ വിദേശത്തേക്ക് കടത്തിയെന്നാണ് ഇഡി കണ്ടെത്തൽ.
Posted inKERALAM